തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസിയെ അധികൃതര്‍ വട്ടംചുറ്റിച്ചു. ഈ മാസം പകുതിയോടെ റിയാദില്‍ നിന്ന് നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തിയ പ്രവാസിയെയാണ് കൃത്യമായ പ്ലാനിങ് ഇല്ലാതെ അധികൃതര്‍ വട്ടം കറക്കിയത്.
പാതിരാത്രി കഴിഞ്ഞ് സിവില്‍ സ്റ്റേഷന്റെ മുറ്റത്ത് ബസില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ചു ഇദ്ദേഹത്തിന്റെ ദുരിതങ്ങള്‍. മറ്റ് അസുഖങ്ങള്‍ അലട്ടിയിരുന്ന ഇദ്ദേഹം നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകുവാന്‍ തയാറായി ആണ് വന്നത്. എന്നാല്‍ അധികൃതര്‍ നിരീക്ഷണ കേന്ദ്രം തയാറായിട്ടില്ല എന്ന് അറിയിച്ചു. സൗകര്യങ്ങള്‍ കുറവുള്ള വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചു.
ഭാര്യയ്ക്ക് ശ്വാസംമുട്ടല്‍ ഉള്ള ആളാണ് എന്നും വീട്ടിലേക്ക് പോയാല്‍ ശരിയാകില്ല എന്നും പറഞ്ഞിട്ടും ഇത് ചെവി കൊള്ളാതെ വീട്ടിലേക്ക് വിട്ടു. തൊടുപുഴയില്‍ നിന്ന് വീട്ടിലേക്ക് പോയ കാറിന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടു. വീട്ടുകാര്‍ ബന്ധുവായ ആരോഗ്യ വകുപ്പ് ജീവനക്കാരനെ അറിയിച്ചതിനാല്‍ പാതി വഴിയില്‍ വെച്ച് ഫോണ്‍ വന്നു. വണ്ടി മുട്ടത്തിന് വിട്ടോളാന്‍. പുലര്‍ച്ചെ 4 മണിയോടെ മുട്ടം ടൗണിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ ദിവസേന 1000 രൂപ കൊടുത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞു.
ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായി. അവിടെ നിന്നും തൊടുപുഴ മങ്ങാട്ടു കവലയ്ക്ക് സമീപമുള്ള സ്വകാര്യ ഓഡിറ്റോറിയത്തില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഇപ്പോള്‍ ഇദ്ദേഹം കഴിയുകയാണ്. ഇവിടുത്തെ പരിചരണത്തില്‍ തൃപ്തനാണ് ഇദ്ദേഹം. എന്നാലും കടല്‍ താണ്ടി എത്തിയ ക്ഷീണിതനായ പ്രവാസിയെ അര്‍ദ്ധരാത്രിയില്‍ അധികൃതര്‍ എന്തിന് വട്ടംചുറ്റിച്ചുവെന്ന ചോദ്യത്തിന് മാത്രം ഇതുവരെ ഉത്തരം കിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: