ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന കാലത്ത് പിണറായി വിജയന് മുന്‍ യുഡിഎഫ് കാലത്തെ കരുണാകരന് സര്‍ക്കാരിനെ അനുസ്മരിപ്പിക്കുന്നുവെന്ന് രാഷ്ട്രീയ നീരിക്ഷകര്‍. കെ. കരുണാകരന് കേരള രാഷ്ട്രീയത്തില്‍ നിന്ന് പുറത്താവുകയും, കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏറെ ദുര്‍ബലമാകുകയും ചെയ്തപോലെ പിണറായി വിജയന്റെ പ്രതിച്ഛായ കേരള രാഷ്ട്രീയത്തില്‍ അതിവേഗം മോശമാകുന്നു, സിപിഎം ഇടതു മുന്നണിയിലും പരിഹാസ്യമാകുന്നു. രണ്ടു നേതാക്കളുടെയും പതനത്തിനു കാരണമാകുന്നത് പരിധികടന്ന ‘മക്കള്‍ സ്നേഹ’മാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കെ. കരുണാകരന് കേരളത്തിന്റെ മാത്രമല്ല, കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലേയും ലീഡറായി നില്‍ക്കെയായിരുന്നു പതനം. പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്ര പിടിപാടും കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ നിയന്ത്രിക്കുന്നതും കരുണാകരനാണെന്ന നിലവന്നിരുന്നു. ഇന്ത്യയില്‍ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയെന്ന നിലയില്‍, കേന്ദ്ര പാര്‍ട്ടിക്കുവരെ രാഷ്ട്രീയ-ആശയ-സാമ്പത്തിക നട്ടെല്ല് എന്ന നിലയില്‍ പിണറായി ഉയര്‍ന്നുവെന്ന് പ്രചാരണം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ പതനം. മുഖ്യമന്ത്രിയേയും ഭരണത്തേയും കുറിച്ചുള്ള ആക്ഷേപങ്ങളില്‍ എന്തെല്ലാം ന്യായം പറഞ്ഞിട്ടും, താഴേത്തട്ടില്‍ നേതൃത്വത്തേയും അണികളേയും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പാര്‍ട്ടിയുടെ അനുഭവം.
ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചും നടത്തിയും സ്വയം ദേശീയ നേതാവായി പിണറായി ഒരുഘട്ടത്തില്‍. പിണറായിയുടെ രാഷ്ട്രീയ ലൈനിനെ കേന്ദ്ര പാര്‍ട്ടി നേതൃത്വം പിന്തുടര്ന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. പാര്‍ട്ടി പിണറായി സര്‍ക്കാരിനൊപ്പം എന്ന വാര്‍ത്തയ്ക്കു പിന്നാലെ, ”പാര്‍ട്ടി ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്കാനില്ല, അത് അന്വേഷണ ഏജന്‍സികള്‍ നിശ്ചയിക്കും. ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്,” എന്ന് പറഞ്ഞ് ‘കൈ പുറകില്‍ കെട്ടി’ നില്‍ക്കുകയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി. ‘ലോ വില്‍ ടേക് ഇറ്റ്സ് ഓണ്‍ കോഴ്സ്’ (നിയമം അതിന്റെ വഴിക്ക് പോകും) എന്നാണ് കെ. കരുണാകരന്റെ കാര്യത്തില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹ റാവു പറഞ്ഞത്. ഒടുവില്‍ ഘടക കക്ഷിയുടെ, മുസ്ലിം ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു റാവു മാറ്റി.
കെ. കരുണാകരന്റെ പതനത്തിന് പല കാരണങ്ങളിലൊന്ന് മക്കള്‍ സ്നേഹമായിരുന്നുവെന്നത് വെറും പറച്ചിലല്ല. മകള്‍ പത്മജയും മകന് മുരളീധരനും തമ്മിലുണ്ടായിരുന്ന അധികാര നേട്ടത്തിനുള്ള മത്സരവും, അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന അച്ഛനെതിരേ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ എതിര്‍പ്പും ഒന്നിച്ചു. ദീര്‍ഘകാലം കരുണാകരന്റെ സെക്രട്ടറിയും അതിനപ്പുറം മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് ഇങ്ങനെ വെളിപ്പെടുത്തിയിട്ടുണ്ട്: ”…ഇവര്‍ ഒരുപാടൊരുപാട് ആ മനുഷ്യനെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. ലീഡര്‍ ഒരുപാട് പ്രയാസപ്പെട്ടു. മധുസൂദനനെ ഡിജിപിയാക്കിയ അവസരം. ഇവര്‍ പരസ്പരം ഏറ്റുമുട്ടി. ജയറാം പടിക്കല്‍, കെ. മുരളീധരന്റേയും മധുസൂദനന് പത്മജയുടെയും ആളായിരുന്നു. ഇത് വലിയ പ്രശ്നം സൃഷ്ടിച്ചു. അന്ന് മുരളീധരന് കൊടുങ്കാറ്റുപോലെ കരുണാകരന് ഇരുന്ന കേരള ഹൗസിലെ 104-ാം നമ്പര്‍ മുറിയിലേക്ക് കുതിച്ചെത്തി. ലീഡര്‍ പറഞ്ഞു: ‘നീ വടക്കന്‍ ജില്ലകളിലെ എസ്പിമാരെ തീരുമാനിച്ചുകൊള്ളുക.’ ”തല അവള്‍ക്ക് കൊടുത്ത് വാലുമാത്രം എനിക്ക്, എനിക്കൊന്നും കേള്‍ക്കണ്ട.” മുരളി ഇറങ്ങിപ്പോയി. ഇപ്പോള്‍ പിണറായി വിജയനെതിരേ ഉയരുന്ന രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അടിസ്ഥാനം, ബെംഗളൂര് ആസ്ഥാനമായ ബിസിനസിലൂടെ, മകള്‍ വീണ കേരള ഭരണത്തില്‍ നടത്തുന്നുവെന്നു പറയുന്ന ഇടപെടലുകളാണ്.
കരുണാകരനെതിരേ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ശക്തിയുള്ള നേതൃത്വമുണ്ടായിരുന്നു. പിണറായിക്കെതിരേ അങ്ങനെയൊന്നില്ല. മുന്നണിയില്‍ മുഖ്യകക്ഷി സിപിഐക്ക് ശക്തിയുണ്ട്. പ്രകടിപ്പിക്കാന്‍ ധൈര്യം പോരാ. സിപിഎമ്മില്‍, ഇടയ്ക്ക് ചില നീക്കങ്ങള്‍ നടന്നു. പക്ഷേ, അത് പിണറായി മുളയിലേ നുള്ളി.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ധനമന്ത്രി തോമസ് ഐസക്, കണ്ണൂര്‍ നേതാവ് പി. ജയരാജന് തുടങ്ങിയവരുടെ പദ്ധതി അങ്ങനെ അലസി. എന്നല്ല, ആ എതിര് ശക്തികളെ പലവിധ വഴിയില്‍ ഒതുക്കിക്കൂട്ടി. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ ഏറ്റവും പുതിയ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ച് ചിലര്‍ പഴയ പദ്ധതികള്‍ പൊടി തട്ടിയെടുക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: