കൊല്ലം: കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലയുടെ കിഴക്കന്‍ മേഖല. പുനലൂര്‍ മുനിസിപ്പാലിറ്റിയിലും വിവിധ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ 30ന് ആരംഭിക്കും.
പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ 200 കിടക്കകള്‍വരെ തയ്യാറാകുന്ന കുതിരച്ചിറ കെ ജി കണ്വെന്ഷന് സെന്ററാണ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നത്.
കേരള ഫോറസ്റ്റ് ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹായത്തോടെ ഇവിടേക്ക് ആവശ്യമായ കിടക്കകള്‍ എത്തിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 16 ജീവനക്കാരെ നിയമിക്കും. ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ അടുക്കള വഴിയും ജനകീയ ഹോട്ടല്‍ വഴിയും നല്‍കുമെന്ന് പുനലൂര്‍ മുനിസിപ്പാലിറ്റി ചെയര്മാന് കെ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പുനലൂര്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ സിംഫണി ആഡിറ്റോറിയത്തിലും 200 കിടക്കകളുള്ള ചികിത്സാകേന്ദ്രം സജ്ജമാകും.
അഞ്ചല്‍ പഞ്ചായത്തില്‍ ഈസ്റ്റ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം. മൂന്നു നിലകളിലായി 130 കിടക്കകള്‍ സജ്ജീകരിക്കും. താഴത്തെ നിലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മുറി, പരിശോധനാ മുറി, ഫാര്‍മസി എന്നിവയുണ്ട്. ഒന്നാം നില സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രണ്ടാം നില പുരുഷന്മാര്ക്കുമാണ്.
അലയമണ്‍ പഞ്ചായത്തില്‍ കരുകോണ്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളും കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളും ഏരൂര്‍ പഞ്ചായത്തില്‍ ഓയില്‍പാം എസ്റ്റേറ്റിലെ കണ്വെന്ഷന് സെന്ററുമാണ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളായി സജ്ജമാക്കുന്നത്. ഇവിടെ യഥാക്രം 110, 100, 100 വീതം കിടക്കകള്‍ സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: