ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിഎസ്പി എംഎല്‍എമാരെ പണം നല്‍കി കോണ്‍ഗ്രസ്സില്‍ എത്തിച്ച സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ സുപ്രീംകോതിയെ സമീപിക്കാനൊരുങ്ങി ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ബിജെപിയും ഹര്‍ജി നല്‍കിയിരുന്നു. ഇത് രണ്ടാം തവണയാണ് രാജസ്ഥാനിലെ ബിഎസ്പി എംഎല്‍മാര്‍ മറുകണ്ടംചാടി കോണ്‍ഗസ്സില്‍ ചേരുന്നത്.
രാജസ്ഥാനില്‍ രാഷ്‌ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യണമെന്ന് മായവതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഗെലോട്ട് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തിയാണ് ചെയ്‌തെന്ന് മായാവതി പ്രസ്താവിച്ചിരുന്നു.
പണം നല്‍കിയാണ് തങ്ങളെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതെന്ന് നിലവില്‍ പൈലറ്റ് പക്ഷക്കാരനായ മുന്‍ ബിഎസ്പി എംഎല്‍എ രമേശ് മീണ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ സ്വരം കടുപ്പിച്ച് മായവതി ട്വീറ്റുമായി എത്തി. പാര്‍ട്ടി എംഎല്‍എമാര്‍ മറുകണ്ടംചാടിയതു മുതല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി പലവട്ടം മായവതി രംഗത്തെത്തിയിരുന്നു.
















