നെടുമങ്ങാട്: നെടുമങ്ങാടുള്ള സപ്ലൈകോയുടെ വെയര്‍ഹൗസില്‍ നിന്നും കാണാതായ രണ്ട് ലോഡ് ഭക്ഷ്യസാധനങ്ങളും അരിയും കടത്തിയത് സിപിഎം നേതാക്കളും ഡിവൈഎഫ്ഐ നേതാക്കളുമാണെന്ന് ബിജെപി ആരോപണം. ഈ സാധനങ്ങള്‍ സിപിഎം ഭരിക്കുന്ന മാണിക്കല്‍ പഞ്ചായത്ത്, കരകുളം പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ എന്നിവിടങ്ങളിലെ പാര്‍ട്ടിക്കാര്‍ക്ക് വീതംവച്ച് നല്‍കിയതായാണ് ആരോപണം.
രാത്രികാലങ്ങളില്‍ പൂട്ട് പൊളിച്ച് അകത്തുകയറുകയും സാധനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോയുടെ വിദഗ്ധസമിതി അന്വേഷിച്ചപ്പോള്‍ രണ്ട് ലോഡ് സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. പുലിപ്പാറയിലെ ഗോഡൗണില്‍ നിന്നും നെടുമങ്ങാട് ഗോഡൗണില്‍ നിന്നും ഭക്ഷ്യസാധനങ്ങള്നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാലു മാസങ്ങള്‍ക്ക് മുമ്പ് ഈ ഗോഡൗണില്‍ അതിക്രമിച്ചു കയറിയതിന് സിഐടിയുകാര്‍ക്ക് എതിരെ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പോലീസ് കേസെടുക്കാതെ അലംഭാവം കാണിച്ചു. അടിയന്തരമായി വിദഗ്ധസമിതി കണ്ടെത്തിയ ഈ കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: