കൊച്ചി: കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്തു തുടങ്ങി. രാവിലെ കൃത്യം 10 മണിക്കു തന്നെ പനമ്പള്ളി നഗറിലെ എന്‍ഐഎ ഓഫീസില്‍ ശിവശങ്കര്‍ എത്തി.
ശിവശങ്കറിനെ ഇന്നലെ എന്‍ഐഎ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തു. . യുഎപിഎ കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്.
ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം രാത്രിയില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ അടിയന്തരമായി വിശകലന യോഗം ചേര്‍ന്നു. ഇന്ന് ശിവശങ്കറിനെ ചോദ്യം ചെയ്യും മുന്‍പ് അവര്‍ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. . ചില സുപ്രധാനകാര്യങ്ങളില്‍ ശിവശങ്കറില്‍ നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ നേരെ പോയത് നിയമവിദഗ്ധന്റെ അടുത്തേക്കാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ എന്‍ഐഎ ദക്ഷിണ മേഖലയുടെ ചുമതല വഹിക്കുന്ന കെ.ബി. വന്ദനയുടെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു. വിവിധ എന്‍ഐഎ കേന്ദ്രങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും വീഡിയോ റെക്കോഡിങ്ങും നടന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങളുടെ ഔദ്യോഗിക രേഖപ്പെടുത്തലും കൂടുതല്‍ വിവരങ്ങളുടെ ശേഖരണവുമായിരുന്നു.
എന്‍ഐഎയുടെ പ്രത്യേക സംഘമാണ് മുന്‍ ഐടി സെക്രട്ടറി കൂടിയായ ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 9.30ന് അദ്ദേഹം കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തി. പത്തുമണിക്ക് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രാത്രി ആറരയോടെ വിട്ടയച്ചു.
എന്‍ഐഎ രണ്ടു തവണയാണ് ശിവശങ്കറിനെ സുദീര്‍ഘമായി ചോദ്യം ചെയ്തത്. ജൂലൈ 23 ന് തിരുവനന്തപുരത്ത് വച്ച് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൂന്നാമത്തെ ചോദ്യം ചെയ്യലിനു ശേഷമോ ഫൈസല്‍ ഫരീദ്, റമീസ് എന്നിവരെ ചോദ്യം ചെയ്ത ശേഷമോ മാത്രമേ നിര്‍ണായക നടപടി ഉണ്ടാവുകയുള്ളുവെന്നാണ് എന്‍ഐഎയില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അതുമല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്‍ഫ്രണ്ട് (ചോദ്യശരങ്ങളുമായി, കര്‍ശനമായ നേരിടല്‍) ചെയ്തേക്കാമെന്നും അവര്‍ പറയുന്നു.
അതിനിടെ, ശിവങ്കറിനെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് എന്‍ഐഎയുടെ നീക്കമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇതുള്‍പ്പെടെ, പ്രതികള്‍ എന്‍ഐഎയോട് പറഞ്ഞതായി പുറത്തുവരുന്ന വാര്‍ത്തകളില്‍ ഉദ്യോഗസ്ഥര്‍ അമ്പരപ്പു പ്രകടിപ്പിച്ചു. തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലാത്ത വാര്‍ത്തകളും അടിസ്ഥാനമില്ലാത്ത വിവരങ്ങളുമാണ് അവയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: