കൊട്ടാരക്കര: കൊട്ടാരക്കരയിലെ പത്ത് ആയുര്‍വേദസ്ഥാപനങ്ങളില്‍ ആയൂര്‍രക്ഷ ക്ലിനിക്കുകള്‍ ആരംഭിച്ചു. കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണിത്. ക്വാറന്റൈനില്‍ ഉള്ള വ്യക്തികളെ മെഡിക്കല്‍ഓഫീസര്‍മാര്‍ ടെലിഫോണ്‍ മുഖേന ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ച് ഔഷധം നിര്‍ണയിച്ച് നല്‍കി 14 ദിവസം നീളുന്ന പരിചരണപദ്ധതിയായ അമൃതം, രോഗം ബാധിച്ച 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഔഷധം നല്‍കുന്ന പദ്ധതിയായ സുഖായുഷ്യം, പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പൊതു ആരോഗ്യസംരക്ഷണത്തിനുള്ള പദ്ധതിയായ സ്വാസ്ഥ്യം എന്നിങ്ങനെയുള്ള പദ്ധതികളില്‍ ഔഷധങ്ങള്‍ നല്‍കി വരുന്നുണ്ട്.
രോഗമുക്തി നേടി 14 ദിവസം കഴിഞ്ഞ് ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ച് 45 ദിവസത്തെ പരിചരണം നല്‍കുന്ന പദ്ധതിയായ പുനര്‍ജനിയും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ മാനസികരോഗ വിദഗ്ധരുടെ സേവനത്തോടെ ടെലിമെഡിസിന്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതികള്‍ വളരെ ഫലപ്രദമാണെന്ന് കൊട്ടാരക്കര ഗവ.ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറും ഭാരതീയ ചികിത്സാവകുപ്പ് കൊട്ടാരക്കര ഏരിയാ എപ്പിഡമിക്ക് സെല്‍ ചെയര്‍മാനുമായ ഡോ. വൈ.എം. ഷീജ റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സിഎംഒ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: