കുറ്റിക്കോല്‍: മഴക്കാലം കൂടി തുടങ്ങിയതോടെ ടാപ്പിംഗ് നിലച്ചും വിലയിടിവും കാരണം ജീവിതം പ്രതിസന്ധിയിലായി മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍. കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാരണം റബ്ബര്‍ ഷീറ്റുകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഏറെ പ്രയാസമുണ്ടായി.
ലോക്ഡൗണിന് ശേഷം മറ്റ് കാര്ഷികോല്പന്നങ്ങള് മാര്‍ക്കറ്റ് വിലയില്‍ എടുക്കാന്‍ തുടങ്ങിയെങ്കിലും റബ്ബറിന് വില നിശ്ചയിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മഴക്കാലം തുടങ്ങിയതോടെ വീണ്ടും ദുരിതകാലമായി മാറുകയാണ്. വിലയിടിവ് കാരണം നഷ്ടത്തിലാകുമെന്ന ആശങ്കയില്‍ ഭൂരിഭാഗം പേരും റെയിന്‍ ഗാര്ഡിടാന് താല്പര്യം കാണിച്ചില്ല. ഇട്ടവര്‍ക്ക് തന്നെ ടാപ്പിംഗ് നടത്തി വരുമാനം കണ്ടെത്താന്‍ കഴിയുന്നുമില്ല. ഒരു കാലത്ത് റബ്ബറിനുണ്ടായ വില കൂടുതല്‍ നിരവധി പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിരുന്നു.
മറ്റ് കാര്‍ഷിക വിളകള്‍ ഉപേക്ഷിച്ച് പലരും റബ്ബര്‍ കൃഷിയിലേക്ക് വന്നു. കിലോക്ക് 250 രൂപ വരെ എത്തിയപ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നു. മലയോരത്തെ ഏക്കര്‍ കണക്കിന് തരിശു സ്ഥലങ്ങള്‍ റബ്ബര്‍ കൃഷിക്ക് വഴിമാറി. എന്നാല്‍ ഈ പ്രതീക്ഷ അധികകാലമുണ്ടായില്ല. വില കുത്തനെ താണു. ഉല്പാദന ചിലവ് ഗണ്യമായി ഉയര്‍ന്നതോടെ കര്‍ഷകരുടെ വരുമാനം കുത്തനെ താണു. ഇതോടെ പലരും റബ്ബര്‍ കൃഷി തന്നെ ഉപേക്ഷിച്ചു. ടാപ്പിംഗ് നടത്താതെ തോട്ടങ്ങള്‍ ഒഴിച്ചിട്ടു. അതിനിടെ ടാപ്പിംഗ് കരാര്‍ വ്യവസ്ഥയില്‍ നല്കി പകുതി വരുമാനം തോട്ടം ഉടമസ്ഥനും പകുതി തൊഴിലാളിക്കും എന്ന ധാരണയില്‍ തുടര്‍ന്നെങ്കിലും അതും ഫലപ്രദമായില്ല.
റബ്ബര്‍ വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകരെ സഹായിക്കാന്‍ കിലോക്ക് 150 രൂപ വില നിശ്ചയിച്ച് 2015ല്‍ അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന വില പ്രോത്സാഹന പദ്ധതിയാണ് കര്‍ഷകര്‍ക്ക് ഏക ആശ്വാസം. മാര്‍ക്കറ്റ് വില എത്ര ആയാലും ബാക്കി തുക സബ്സിഡി ഇനത്തില്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ വരും. ഇത് ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ് വേണമെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസം തന്നെ. ടാപ്പിംഗ് നിലക്കുന്നത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ടാപ്പിംഗ് തൊഴിലാളികളും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: