ന്യൂദല്‍ഹി: ലോകത്തെ ഏറ്റവുമാധികം വ്യക്തികള്‍ പ്രതിദിനം കളിക്കുന്ന മൊബൈല്‍ ഗെയിമായ പബ്ജിയുള്‍പ്പെടെ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ. ചൈനയ്ക്കെതിരെ നടത്തിയ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയം കണ്ടതോടെയാണ് ഈ തീരുമാനം. ആദ്യഘട്ടത്തില്‍ ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. പബ്ജി, സിലി അടക്കമുള്ള ആപ്പുകള്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ട നിരോധനത്തിനായി ഐടി മന്ത്രാലയത്തിന് ശുപാര്‍ശ നല്കി.
രാജ്യസുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകള്‍ക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണനക്കാരായ അലിഎക്സ്പ്രസ്സ് പോര്‍ട്ടലുകളും നിരീക്ഷണത്തിലാണ്.
ചൈനീസ് ടെക്ക് വമ്പന്മാരായ എംഐയുടെ 141 ആപ്പുകള്‍ക്കു പുറമെ കാപ്പ്കട്ട്, ഫേസ്യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒപ്പം മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും നിരോധിക്കും. കഴിഞ്ഞ് തവണത്തെ നിരോധനത്തെ തുടര്‍ന്ന് ടിക്ക് ടോക്കിനു മാത്രമുണ്ടായ നഷ്ടം വളരെ വലുതായിരുന്നു.
ചൈനീസ് കമ്പനികള്‍ക്ക് 300 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ജൂണ്‍ 15നുണ്ടായ ഇന്ത്യചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശീയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: