കൊല്ലം: തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമാന്തോട്ടത്ത് അനധികൃത ചന്തയില്‍ പോത്തു കച്ചവടം. സിപിഐ മണ്ഡലം മുന്‍സെക്രട്ടറി കൂടിയായ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് അനധികൃത ചന്ത
ഉറവിടമറിയാതെ വാഹനങ്ങളില്‍ കൊണ്ടുവരുന്ന ഇരുന്നൂറോളം പോത്തുകളെയാണ് ഇവിടെ ലേലം ചെയ്തു വിറ്റത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നും വാഹനങ്ങളിലാണ് ആളുകള്‍ വ്യാപാരത്തിന് എത്തിയത്. വെളുപ്പിന് നാലിന് തുടങ്ങിയ കച്ചവടം അവസാനിച്ചത് ഉച്ചയ്ക്ക് പതിനൊന്നരയോടെ. നിരവധിതവണ ബന്ധപ്പെട്ടുവെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
യാതൊരുവിധ കോവിഡ് നിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് കച്ചവടക്കാര്‍ എത്തിയത്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പൂന്തുറ അടക്കമുള്ള പ്രദേശത്തുനിന്നും വാഹനങ്ങള്‍ എത്തി. പൊതു മാര്‍ക്കറ്റുകള്‍ എല്ലാം അടച്ചു പൂട്ടിയിരിക്കുമ്പോഴാണ് എല്ലാം നിയമങ്ങളും കാറ്റില്‍പ്പറത്തി പോലീസിന്റെയും പഞ്ചായത്തധികൃതരുടെയും ഒത്താശയോടെ നാട്ടുകാരും ഇതരസംസ്ഥാനക്കാരും അടക്കം നൂറിലധികം പേരെ വിളിച്ചുകൂട്ടി അനധികൃത കന്നുകാലിച്ചന്ത നടത്തിയത്. സാമൂഹ്യവ്യാപന ഭീഷണി നിലനില്‍ക്കുന്ന സമയത്ത് ഇത്തരം അനധികൃത ചന്തകള്‍ക്ക് തടയിടാത്തതില് ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
മീന്‍വരവും കച്ചവടാവും നിന്നതോടെ പോത്ത് കച്ചവടത്തിനായി ആള്ക്കാര് കൂടുതലായി എത്തിയിരുന്നു. ഒപ്പം വിലയും കൂടുതലായിരുന്നു. സര്‍ക്കാര്‍ വില നിശ്ചയിക്കാത്തതു മൂലം തോന്നുന്ന വിലയാണ് ഇവിടെയെന്ന് കച്ചവടക്കാരും പറയുന്നു. നിയമം പാലിച്ച് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ അത് ലംഘിക്കുകയാണ്. അതിന് ചൂട്ടുപിടിക്കുകയാണ് അധികൃതരെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: