ന്യൂദല്‍ഹി: കൊറോണ രോഗികളെ അപമാനിക്കുന്നതിലും രോഗം ബാധിച്ച് മരണമടഞ്ഞവര്‍ക്ക അന്ത്യോപചാര ചടങ്ങുകള്‍ നിഷേധിക്കുന്നതുമായ പ്രവണതകളില്‍ ദു:ഖം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇത്തരം നടപടികള്‍ തികച്ചും അനാവശ്യമാണെന്നും സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണം. ആരും പൂര്‍ണ്ണമായി സുരക്ഷിതരല്ല, വൈറസ് ആരെ വേണമെങ്കിലും ബാധിക്കാം. രോഗം പകരുമെന്ന ഭീതിയില്‍ കൊറോണ രോഗികളോട് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മോശമായി പെരുമാറുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൊറോണ ബാധിച്ച് മരിച്ചയാളുകളുടെ സംസ്‌കാരത്തിന് സ്ഥലം നിഷേധിക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ അദേഹം ഇത്തരം നടപടികള്‍ ഒരുതരത്തിലും അനുവദിക്കാവില്ലെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ ഭാരതത്തിന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
കാര്‍ഗില്‍ വിജയ ദിനമായ ഇന്ന് രക്തസാക്ഷിത്വം വഹിച്ച ധീര ജവാന്‍മാര്‍ക്ക് അദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മാതൃ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിക്കുന്ന ദേശ സ്‌നേഹം, ത്യാഗം, ധൈര്യം എന്നിവയില്‍ രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ഉപരാഷ്‌ട്രപതി ഫേസ്ബുക്ക് സന്ദേശത്തില്‍ കുറിച്ചു.
















