തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായതോടെ തലസ്ഥാനത്ത് അരാജകത്വം. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ പോലും നരകയാതനയാണ് അനുഭവിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഒരു സംവിധാനവും സംസ്ഥാന ആരോഗ്യ വകുപ്പോ സര്‍ക്കാരോ ഒരുക്കുന്നില്ല. ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പോലും ബന്ധുക്കള്‍ക്കാകുന്നില്ല. അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ച് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് മറ്റു സംവിധാനങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. നിവവില്‍ 36 പോലീസുകാരും 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് തന്നെ ആദ്യമായി സാമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരുങ്കുളം പഞ്ചായത്തില്‍ ഒന്നര ആഴ്ചയ്ക്കിടയില്‍ 13 കിടപ്പ് രോഗികള്‍ മരിച്ചു. ഇതില്‍ ആറു പേര്‍ക്ക് കൊറോണ പോസിറ്റീവെന്ന് കണ്ടെത്തി. എന്നാല്‍, മറ്റുള്ളവരുടെ പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിശോധനയ്ക്കായി ശേഖരിച്ച സ്രവം ലാബുകളില്‍ കുന്നുകൂടി കിടക്കുകയാണ്. പരിശോധന കൂട്ടിയാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നത്. മരണമടഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും സ്രവ പരിശോധനാഫലങ്ങള്‍ പുറത്തുവരുന്നില്ല. അതുകൊണ്ടു തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം രാത്രി ഗര്‍ഭിണികള്‍ പ്രതിഷേധിച്ചു. ഒന്നര മുതല്‍ എട്ടു മാസം വരെ ഗര്‍ഭിണികളായ 19 പേരാണ് അവശരായത്. പ്രത്യേക പരിരക്ഷ നല്‍കേണ്ട ഇവര്‍ക്ക് പഴകിയ ഭക്ഷണമാണ് നല്‍കിയത്. അവശരായ പലരും കുടിക്കാന്‍ ചൂടുവെള്ളം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ ആശുപത്രി, സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായി. രണ്ട് വിഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: