ചേര്‍ത്തല: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ലക്ഷങ്ങളുടെ കണക്കില്ല. സിപിഎമ്മില്‍ വിവാദം പുകയുന്നു. ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റിയിലാണ് പിരിച്ചെടുത്ത പണം ചിലര്‍ മുക്കിയെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് വീടുവെച്ച് നല്‍കുന്നതിനാണ് പാര്‍ട്ടി ഒരുമാസം മുന്‍പ് ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണി ഉണ്ടാക്കാനായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം. ബിരിയാണിക്കുവേണ്ട അരി, കോഴി ഉള്‍പ്പെടെയുള്ള എല്ലാം സാധനങ്ങളും സുമനസുകള്‍ സൗജന്യമായി നല്‍കുകയായിരുന്നു.
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ സാധനങ്ങള്‍ക്കായി ലഭിച്ചെന്നാണ് വിവരം. അഞ്ചുലക്ഷത്തിലധികം രൂപയാണ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത്. ഒരുമാസം പിന്നിട്ടിട്ടും തുക അഗതിക്ക് നല്‍കുകയോ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്്തിട്ടില്ലെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. തുക പാര്‍ട്ടിനേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. ലഭിച്ച തുകയുടെ കണക്ക് ലോക്കല്‍ കമ്മിറ്റിയില്‍ വെയ്ക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം. പണം പാര്‍ട്ടിയിലെ ചിലര്‍ വഴിമാറ്റി ചെലവാക്കിയതാണെന്നും നടപടി ഉണ്ടായില്ലെങ്കില്‍ പരാതിയുമായി നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം. രണ്ട് വര്‍ഷങ്ങള്‍ മുന്‍പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വീട് നിര്‍മ്മിക്കുന്നതിനായി തറക്കല്ലിട്ടിരുന്നു.
പിന്നീട് പ്രാദേശിക നേതാക്കള്‍ വീടിന്റെ പേരില്‍ നിരവധിയാളുകളില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികളും പണവുമായി ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇവര്‍ ആരോപിക്കുന്നു. ഒന്നര വര്‍ഷത്തിന് മുന്‍പ് അടിത്തറ കെട്ടിയതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ലക്ഷങ്ങളുടെ അഴിമതി പുറത്തുവന്നതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ബിരിയാണി ചലഞ്ച് പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: