രാജ്യം ഇന്ന് 21-ാം കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുകയാണ്. ഭാരതത്തിന്റെ ഒരടി മണ്ണില്‍ പോ ലും ഒരു വൈദേശിക ശക്തിക്കും അധികാരം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തെളിയിച്ച സാഹസിക യുദ്ധമായിരുന്നു 1999 ല്‍ കാര്‍ഗിലില്‍ നടന്നത്. പാക്കിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (ഡി.ജി.എം.ഒ) 1984 ല്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് സിയാ ഉല്‍ഹക്കിന്റെ മുന്നില്‍ അവതരിപ്പിച്ച ഒരു പാളിപ്പോയ പദ്ധതിയായിരുന്നു ‘ഓപ്പറേഷന്‍ കാര്‍ഗില്‍’. കാര്‍ഗില്‍, പാക്കിസ്ഥാന്റ ഭാഗമാകുകയാണെങ്കില്‍ അതിലൂടെ കശ്മീരിന്റെ വലിയൊരു ഭാഗം തന്നെ കയ്യടക്കാന്‍ ആവുമെന്ന പാക്കിസ്ഥാന്റെ സ്വപ്ന പദ്ധതിയായിരുന്നു അത്. പിന്നീട് ബേനസീര്‍ ഭൂട്ടോയും വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും പരാജയ ഭീതിയാല്‍ പിന്മാറുകയായിരുന്നു. എന്നാല്‍ 1999 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഏറ്റവും നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ശ്രമത്തിനിടെ, നിലനില്‍ക്കുന്ന കരാറുകളൊക്കെ ലംഘിച്ച് ഇരുളിന്റെ മറവില്‍ ഭാരതത്തിനെതിരെ കാര്‍ഗിലില്‍ കൈയ്യേറ്റം നടത്തി. ആട്ടിടയന്മാരാണ് കൈയ്യേറ്റ സൂചനകള്‍ സൈന്യത്തിന് നല്‍കിയത്. അത് ഉറപ്പുവരുത്തിയ സൈന്യംപിന്നീടങ്ങോട്ട് ചടുലമായ നീക്കങ്ങളിലൂടെ ശത്രുസംഹാരം നടത്തുന്ന കാഴ്ചയാണ് രാജ്യം കണ്ടത.് 85 ദിവസം നീണ്ട യുദ്ധം.
പാക്കിസ്ഥാനുമായി ഇതിന് മുമ്പും യുദ്ധങ്ങള്‍ നടക്കുകയും പാക്കിസ്ഥാന്‍ പരാജയം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്‍ഗില്‍ യുദ്ധത്തിലേറ്റ പരാജയവും, നഷ്ടങ്ങളും ഒരു ദുഃസ്വപ്നം പോലെ മാത്രമേ അവര്‍ക്ക് ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പാക്കിസ്ഥാന്റെ കണക്ക് പ്രകാരം 453 പേര്‍ കൊല്ലപ്പെട്ടെന്നും 665 പേര്‍ക്ക് പരിക്കേറ്റെന്നുമാണ്. എന്നാല്‍ ഭാരതത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1042 പാക് സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് 524 ധീര സൈനികരെയാണ്. 1363 സൈനികര്‍ക്ക് പരിക്കേറ്റു.
ലഡാക്ക് മേഖലയിലെ ദ്രാസ് എന്ന ചെറുപട്ടണത്തിനടുത്തുള്ള 17000 അടി ഉയരെയുള്ള ടൈഗര്‍ കുന്നിന്റെ മോചനമായിരുന്നു ഇന്ത്യന്‍ സൈന്യംഏറ്റെടുത്ത വെല്ലുവിളി. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ലഡാക്കിലെ ദ്രാസ. താപനില മൈനസ് 45 ഡിഗ്രിവരെ താഴ്ന്ന് മഞ്ഞില്‍മൂടിപ്പുതഞ്ഞ് നില്‍ക്കുന്ന ടൈഗര്‍ കുന്നിന്റെ തൊട്ടടുത്ത് 14,500 അടി ഉയരത്തിലുള്ള ഒരു പോസ്റ്റില്‍, കണ്ണിലെ കൃഷ്ണമണിപോലെ 24 മണിക്കൂറും നമ്മുടെ സൈനികര്‍ സംരക്ഷകരായി നില്‍ക്കുന്നു. കാര്‍ഗിലിലെ വീര്‍ഭൂമിയിലെ യുദ്ധസ്മാരകത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും മറ്റും പങ്കെടുക്കുന്ന പ്രൗഢ ഗംഭീര ചടങ്ങുകള്‍ നടക്കും. കാര്‍ഗിലിലെ ബലിദാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റവര്‍ക്കും യുദ്ധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവര്‍ക്കും നമുക്ക് ആദരവ് അര്‍പ്പിക്കാം. രാജ്യസുരക്ഷയില്‍ വ്യാപൃതരായിരിക്കുന്ന ധീരസൈനികര്‍ക്ക് ആശംസകള്‍ നേരാം.
പി.ആര്‍ രാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: