ന്യൂദല്‍ഹി: രാജ്യത്തെ കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. ജനവാസകേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയാണ് ഹരിത ട്രിബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് പി. വാങ്ക്ഡി, വിദഗ്ധ അംഗമായ ഡോ. നാഗിന് നന്ദ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്. മലയാളിയായ എം. ഹരിദാസന് നല്കിയ ഹര്‍ജിയിലാണ് വിധി.
കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നൂറുകണക്കിന് അനധികൃത ക്വാറികളെ നിയമാനുസൃതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നടപടി. ഇതിനെതിരായ ഹര്‍ജിയിലാണ് 50 മീറ്റര്‍ അപര്യാപ്തമാണെന്നും 200 മീറ്റര്‍ നിര്‍ബന്ധമായും അകലം വേണമെന്ന് ട്രിബ്യൂണല്‍ വിധിച്ചത്. ശബ്ദവും വായൂമലിനീകരണവും പാരിസ്ഥിതികാഘാതവും പൊതുജനാരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് 50 മീറ്റര്‍ പരിധി അനുവദിക്കാനാവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
വെടിമരുന്ന് ഉപയോഗിച്ചും മറ്റും കരിങ്കല്ല് പൊട്ടിക്കുന്ന ക്വാറികള്‍ക്കാണ് 200 മീറ്റര്‍ പരിധി നിഷ്കര്‍ഷിച്ചിരിക്കുന്നത്. അല്ലാത്ത ക്വാറികള്‍ക്ക് 100 മീറ്റര്‍ തന്നെ ദൂരപരിധി മതിയാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് മൈന്‍ സേഫ്റ്റി നിഷ്ക്കര്ഷിച്ചിരിക്കുന്നതു പ്രകാരം ക്വാറിയുടെ 500 മീറ്റര്‍ ചുറ്റളവിനെ അപകടമേഖലയായി വേര്‍തിരിച്ച് നിയന്ത്രിക്കണമെന്നും വിധിയിലുണ്ട്. കേരളത്തിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള ക്വാറികള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്നും ദല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് വിധിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും പുതിയ വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഒരുമാസത്തിനകം കര്‍ശനമായ നടപടികളെടുക്കണമെന്നും വിധിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: