കൊച്ചി: ‘സര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് എനിക്ക് അതീവ രഹസ്യം പറയാനുണ്ട്, പക്ഷേ ഞാന്‍ ആരോടുപറയും? എനിക്ക് എന്തെങ്കിലും സംഭവിക്കുംമുമ്പ് അത് അറിയിക്കേണ്ടവരെ അറിയിക്കണം. എന്റെ ജീവന് അപകടത്തിലാണ്. ഞാന്‍ പറയുന്നത് നാളെ സ്ഥിരീകരിക്കപ്പെടും,’ പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കറും കുഞ്ഞും മരിക്കാനിടയായ കാറപകടം കണ്ട സൗണ്ട് എന്‍ജിനീയര്‍ കലാഭവന്‍ സോബി ജോര്‍ജാണ് ചോദിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തു കേസിലെ നിര്‍ണായക തെളിവാകും തന്റെ വെളിപ്പെടുത്തലെന്നും സോബി പറയുന്നു.
കേസന്വേഷിച്ച ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ അന്വേഷണച്ചുമതലയില്ല. കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണ സംഘത്തെ നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തന്വേഷിക്കുന്ന എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന് സരിത്തിനെയാണ് ഞാന്‍ അന്ന് അപകട സ്ഥലത്ത് കണ്ടത്. ഈ സാഹചര്യത്തില്‍ എന്‍ഐഎയ്ക്ക് എന്റെ മൊഴിയെടുത്തു കൂടെ, സോബി ചോദിക്കുന്നു.
കേസന്വേഷിച്ച റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) എന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഞാന്‍ നല്കിയ വിവരണം വച്ച് സംഭവസ്ഥലത്ത് കണ്ടയാള്‍ സരിത്താണെന്ന് തിരിച്ചറിഞ്ഞിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനും മറ്റും ശരിവച്ച് അവര്‍ അത് രേഖപ്പെടുത്തി. വിവരങ്ങള്‍ തുടര്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇനിയും എനിക്ക് കൂടുതല്‍ പറയാനുണ്ട്. അത് കേള്‍ക്കണം, ഞാന്‍ പറയുന്നത് നുണയാണെങ്കില്‍ എന്നെ ബ്രെയിന്‍ മാപ്പിങ് ചെയ്യട്ടെ. തെറ്റാണെങ്കില്‍ ശിക്ഷിക്കട്ടെ. പക്ഷേ എന്തുകൊണ്ട് എന്റെ മൊഴിയെടുക്കുന്നില്ല, സോബി ചോദിക്കുന്നു.
ബാലഭാസ്കറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന് ഉണ്ണിയും, കള്ളക്കടത്തിടപാടുകാര് സംഭവത്തിന് പിന്നിലുണ്ടെന്ന് സോബിയും ആദ്യം മുതലേ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ സോബിക്ക് പല ഭീഷണികളും നേരിട്ടു. സിബിഐക്ക് മൊഴി നല്കിയാല് കൊന്നുകളയുമെന്ന് ചിലര്‍ മുന്നറിയിപ്പുനല്‍കി. കഴിഞ്ഞ 19ന് അര്‍ധരാത്രിയില്‍ അക്രമികള്‍ സോബിയുടെ വീട്ടിലെത്തി. പോലീസിന് പരാതി നല്‍കിയിട്ടും ഏഴാം ദിവസമാണ് ക്രൈംബ്രാഞ്ച് ഫോണില്‍ വിവരം അന്വേഷിച്ചതെന്നും സോബി പറയുന്നു.
ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനിയും ഇപ്പോള്‍ എന്‍ഐഎയുടെ പിടിയിലായ ആളും മൂന്നു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ജീവന് ഹാനി സംഭവിച്ചാല്‍ ഉത്തരവാദി ആ സ്ത്രീ ആയിരിക്കുമെന്നും പറയുന്ന സോബി അന്വേഷണ ഏജന്സികളോടല്ലാതെ മാധ്യമങ്ങളോട് ആ അതീവ രഹസ്യം പറയില്ലെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: