കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസില്‍ സഘടിത ന്യൂനപക്ഷ വോട്ട്ബാങ്കില്‍ കണ്ണുനട്ട് നുണപ്രചാരണവുമായി സിപിഎം വീണ്ടും രംഗത്ത്. കേസില്‍ പോക്സോ ചുമത്താന്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ അധ്യാപകന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് മതന്യൂനപക്ഷത്തിന്റെ വക്താക്കളും സംരക്ഷകരും തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം രംഗത്തെത്തിയത്. അതേസമയം എസ്ഡിപിഐയും വ്യാപകമായി നുണപ്രചാരണം നടത്തുന്നുണ്ട്.
പീഡനം ആരോപിച്ച് മാര്‍ച്ച് 17 ന് വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് രാത്രി തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും പെണ്‍കുട്ടിയില്‍ നിന്ന് കൃത്യമായി മൊഴി രേഖപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായതായി പറയുന്ന തീയതി ഉള്‍പ്പടെയാണ് പെണ്‍കുട്ടി പ്രാഥമിക മൊഴി നലകിയത്. ഇതേ മൊഴിതന്നെയാണ് പെണ്‍കുട്ടി കോടതിയിലും നല്‍കിയത്.
എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് ആരുടെയോ നിര്‍ദ്ദേശ പ്രകാരം കോടതിയില്‍ പീഡനത്തിനിരയായ തീയതി നല്‍കുകയായിരുന്നുവെന്നുമാണ് ജയരാജന് പറഞ്ഞത്. കോടതിയില്‍ മൊഴി നല്കിയപ്പോള് നേരത്തെ നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ തീയതി എങ്ങിനെ കടന്നുവന്നുവെന്നും ഇതിന് പിന്നില്‍ ആരാണ് എന്ന് അന്വേഷിക്കണമെന്നും ജയരാജന് പറയുന്നു. പെണ്‍കുട്ടി പറഞ്ഞ തീയതിയില്‍ ആരോപണ വിധേയനായ അധ്യാപകന് സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. പീഡന ആരോപണത്തില്‍ ദുരൂഹതയുണ്ടായതും മൊഴിയില്‍ വ്യക്തമാക്കിയ ദിവസം സംബന്ധിച്ചാണ്. അതുകൊണ്ട് തന്നെ ജയരാജന്റെ ഇപ്പോഴുള്ള നുണപ്രചാരണം ദുരുദ്ദേശപരമാണ്.
അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എസ്ഡിപിഐയെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ നികൃഷ്ടമായ പ്രചാരണമാണ് മുസ്ലീം ലീഗും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ജയരാജന് നേരത്തെ പ്രതികരിച്ചത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് തങ്ങളാണെന്ന വാദമാണ് എസ്ഡിപിഐ ഉന്നയിക്കുന്നത്. കേവലം വസ്തുതാപരമായ സമീപനത്തിനപ്പുറം പീഡന ആരോപണം വൈകാരിക വിഷയമാക്കി നുണപ്രചാരണത്തിലൂടെ പരസ്പരം ആരോപണമുന്നയിച്ച് ന്യൂനപക്ഷത്തെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: