തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന് സിപിഎം. വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. കേരളം മുഴുവനായി അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ഒന്നുകൂടി ശക്തിപ്പെടുത്തുന്നതാണ് നല്ലതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ന് വൈകിട്ട് സര്‍വകക്ഷിയോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണിത്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സര്‍വകക്ഷിയോഗം. രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ട് ദിവസം ആയിരം കടന്ന സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പറഞ്ഞ് ലോക്ഡൗണിന് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടെന്നും അറിയിക്കുകയായിരുന്നു. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച് തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം ലോക്ഡൗണില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: