കോഴിക്കോട്: സെക്രട്ടറിയേറ്റിനകത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ സ്വപ്നയും സംഘവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പലതവണ മുഖ്യമന്ത്രിയുടെ അവര്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്്. ഇത് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനാണ് മിന്നലേറ്റ് സിസിടിവിക്ക് കേട് പാട് സംഭവിച്ചതായി പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സിസിടിവി ദൃശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിങ് ചുമതലയുള്ള ഉദ്യോഗസ്ഥനെ എന്‍ഐഎ രണ്ടരമണിക്കൂര്‍ ചോദ്യം ചെയ്തത്. ചീഫ് സെക്രട്ടറിക്ക് ഒരു കത്ത് നല്കിയാല് അരമണിക്കൂര്‍ കൊണ്ട് നല്കാവുന്ന കാര്യത്തിന് എന്തിനാണ് അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കണം. ഇടിമിന്നലില്‍ സെക്രട്ടറിയേറ്റിലെ സിസിടിവിക്ക് കേടുപാട് സംഭവിച്ചുവെന്നത് പച്ചക്കള്ളമാണ്. മെയ് മാസത്തില്‍ അങ്ങനെയൊരു ഇടിമിന്നലുണ്ടായിട്ടില്ല. ഒരു കേടുപാടും സംഭവിച്ചിട്ടില്ല.
കേസില്‍ നിന്ന് തലയൂരുന്നതിനായി 13 -ാം തീയതി ബോധപൂര്‍വ്വം ഒരു കുറിപ്പ് പുറത്തുവിടുകയായിരുന്നു. ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് എല്ലാം അടച്ചിട്ട് സിസിടി ക്യാമറ പരിശോധിക്കാന്‍ ആരാണ് പോയതെന്ന് വ്യക്തമാക്കണം. ജൂലായ് അഞ്ച്, ആറ് തീയതികളിലാണ് ഇതിനുള്ള ശ്രമം നടന്നതെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഇത് തന്നെയാണ് നടന്നത്. അന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് താന്‍ വ്യക്തമാക്കിയിരുന്നെന്നും സുരേന്ദ്രന് ചോദിച്ചു.ഇത് കൂടാതെ സ്മാര്‍ട്ട് സിറ്റിക്ക് പാട്ടത്തിന് നല്കിയ കൊച്ചി കാക്കനാട്ടെ കണ്ണായ ഭൂമി മറിച്ചുവില്‍ക്കാന്‍ മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ചേര്‍ന്ന് നീക്കം നടത്തിയെന്നും സുരേന്ദ്രന് ആരോപിച്ചു. 90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍ മാത്രമാണ് ജോലിചെയ്യുന്നത്.
ഒരു രൂപയ്ക്ക് പാട്ടത്തിന് നല്കിയ 250 ഏക്കറിലധികം ഭൂമിയില്‍ 30 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമം നടന്നു. ശിവശങ്കറും മുഖ്യമന്ത്രിയും അടങ്ങുന്ന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. വില നിശ്ചയിക്കാന്‍ ഏല്പിച്ചിരിക്കുന്നത് കെപിഎംജിയെയുമാണ്. ടെന്‍ഡര്‍ പോലുമില്ലാതെയാണ് ഭൂമി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: