കൊച്ചി: കസ്റ്റംസ് വിഭാഗത്തിലെ വാര്‍ഷിക സ്ഥലംമാറ്റവും വിവാദവും കൊറോണ മാസ്ക് കടത്തിയതിലേക്കും ഭീകര പ്രവര്‍ത്തന ബന്ധമുള്ള സ്വര്‍ണക്കടത്തിലേക്കും നീളുന്നു. മാര്‍ച്ച് 21നായിരുന്നു സിങ്കപ്പൂരിലേക്ക് കൊച്ചി വഴി കപ്പലില്‍ മാസ്ക് കള്ളക്കടത്തു നടന്നത്. സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രധാനകണ്ണിയും ഭീകര സംഘടനകളുമായുള്ള പണമിടപാടില്‍ ഉള്‍പ്പെടെ പ്രധാനിയുമായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസിനും കേരള കസ്റ്റംസിലെ ചില ഉന്നതര്‍ക്കും ബന്ധമുണ്ടെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത.
കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റ ഉത്തരവിറക്കിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഓഫീസിന് കേരളം മുഴുവന്‍ അന്വേഷണ അധികാരമുണ്ട്. സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് കൊച്ചി ആസ്ഥാനത്തിന് കൊച്ചിയിലും പരിസരത്തും മാത്രമാണ് പ്രവര്‍ത്തനാധികാരം.
പ്രിവന്റീവ് വിഭാഗത്തിലുള്ള, സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്നവരില്‍ ചിലര്‍ ഇപ്പോള്‍ കസ്റ്റംസിലേക്ക് സ്ഥലം മാറ്റപ്പെട്ടവരിലുണ്ട്. ഇത് വാര്‍ഷിക സ്ഥലംമാറ്റമാണെങ്കിലും നിര്‍ണായക സമയത്ത് പ്രഖ്യാപിച്ചതാണ് വിവാദമായത്. ചില മാറ്റങ്ങള്‍ സ്വര്‍ണക്കള്ളക്കടത്തു കേസിനെ ബാധിക്കുമെന്നാണ് പ്രധാന വിവാദം. സ്ഥലംമാറ്റ ഉത്തരവും മരവിപ്പിക്കലും അടക്കം വിവാദങ്ങള്‍ മറ്റു ചില സംഭവങ്ങള്‍ക്കുള്ള ‘മുന്‍കൂര്‍’ ജാമ്യമാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ തൊട്ടുതാഴെ അധികാരമുള്ള രാജ്കുമാര് എന്ന ഉദ്യോഗസ്ഥന് കൊറോണാ മാസ്ക് സിങ്കപ്പൂരിലേക്ക് കള്ളക്കടത്തു നടത്തിയതിന് നടപടി നേരിടുകയാണ്. കമ്മീഷണറുടെ ‘വലംകൈ എന്നാണ്’ ഇയാള്‍ ആസ്ഥാനത്ത് ഉണ്ടാക്കിയിരുന്ന പ്രതീതി. മാര്‍ച്ച് 21ന് രണ്ടുലക്ഷം മാസ്കുകള്‍ കൃത്രിമ രേഖയുണ്ടാക്കി കപ്പലില്‍ സിങ്കപ്പൂരിലേക്ക് കടത്തുകയായിരുന്നു. ഇവിടെ 10 രൂപയ്ക്ക് വാങ്ങി അവിടെ 200 രൂപയ്ക്കുവരെ വില്‍ക്കുകയായിരുന്നു പദ്ധതി.
ഇത് കപ്പല്‍ ജീവനക്കാര്‍ക്കുള്ള അവശ്യവസ്തുക്കള്‍ എന്ന പേരിലാണ് കടത്തിയത്. പക്ഷേ, മാസ്കുകള്‍ ഇറക്കുമതി ചെയ്യുന്നുവെന്ന വ്യാജരേഖ കസ്റ്റംസിന്റേതായി ഉണ്ടാക്കി. ഇതിന് ദല്‍ഹിയിലും കൊച്ചിയിലും കസ്റ്റംസിലെ ചിലര്‍ സഹായിച്ചു. അതു കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നടപടിയുണ്ടായിട്ടും കൊച്ചിയില്‍ രാജ്കുമാറിനെതിരേ കമ്മീഷണറുടെ നടപടി വൈകി. തുടര്‍ന്ന് കേന്ദ്ര ധനകാര്യ വകുപ്പില്‍നിന്ന് കര്‍ശന നിര്‍ദേശം വന്നശേഷമായിരുന്നു സസ്പെന്ഷന്. ഇതിന്റെ പേരില്‍ കൊച്ചി കസ്റ്റംസ് ആസ്ഥാനത്തെ ചിലര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന സൂചനകള്‍ വന്നിരുന്നു.
നിരോധനം നിലനില്‍ക്കെയായിരുന്നു മാസ്ക് കയറ്റുമതി. സ്വകാര്യ വ്യാപാര ഇടപാടായിരുന്നെങ്കിലും സിങ്കപ്പൂര്‍ സര്‍ക്കാര്‍ ഈ ഇറക്കുമതിക്ക് സഹായിച്ചതിന് കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് കത്തെഴുതി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാസ്ക് കള്ളക്കടത്തുവിവരങ്ങള്‍ പുറത്തുവന്നത്. കൊച്ചി കസ്റ്റംസിലെ നിലമ്പൂര്‍ സ്വദേശികളായ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തിടപാടിലെ കെ.ടി. റമീസുമായുള്ള ബന്ധുത്വവും വഴിവിട്ട അടുപ്പവും അന്വേഷണ ഏജന്‍സികളുടെ പരിശോധനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: