തൊടുപുഴ: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലമുള്ള കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴയില്‍ കര്‍ശന നിയന്ത്രണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങളും മത്സ്യമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും 31 വരെ നിരോധിച്ചു. മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. അതേ സമയം തൊടുപുഴ മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.
ഉത്തരവ് ഉച്ചയോടെ ഇറങ്ങുകയും അത് ഇന്നലെ മുതല്‍ തന്നെ നടപ്പിലാക്കുകയും ചെയ്തതോടെ വ്യാപാരികള്‍ വലഞ്ഞു. സാധാരണയായി രാത്രി 9 മണി വരെയായിരുന്നു പ്രവര്‍ത്തനം അനുവദിച്ചിരുന്നത്.
ഹോട്ടലുകളും ബേക്കറികള്‍ക്കുമാണ് ഇത് വലിയ തിരിച്ചടിയായത്. പരാതി ശക്തമായതോടെ കളക്ടര്‍ ഇടപെട്ട് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി എട്ട് വരെയാക്കി പുതുക്കി നിശ്ചയിച്ചു. നഗരസഭ പരിധിയിലെ നിരവധി താമസക്കാര്‍ക്കും ജോലിക്കാര്‍ക്കുമാണ് ഇത് ഗുണം ചെയ്യുക. ഹോട്ടലില്‍ വൈകിട്ട് 5-8 വരെ ഭക്ഷണം പാഴ്സല്‍ വിതരണത്തിന് മാത്രമാണ് അനുമതിയുള്ളത്.
വൈകുന്നേരങ്ങളില്‍ നഗരത്തില്‍ വലിയ തോതില്‍ ജനങ്ങളെത്തുന്നതാണ് അടച്ചിടല്‍ നടപടിക്ക് പ്രധാന കാരണം. ഇതിനൊപ്പം സമീപ മേഖലയായ മുള്ളരിങ്ങാട് രോഗികളുടെ എണ്ണം കൂടിയതും കാരണമായി. ഇവിടെ മാത്രം 40 രോഗികളാണ് നിലവിലുള്ളത്. വണ്ണപ്പുറം ടൗണ്‍ ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ തൊടുപുഴയ്ക്ക് എത്താനുള്ള സാധ്യതയും നിലവിലുണ്ട്. സംസ്ഥാനത്തെമ്പാടും മത്സ്യ മാര്‍ക്കറ്റ് കൊറോണയുടെ ഉറവിടമാകുന്നതിനാലാണ് ഇവിടേയും നിയന്ത്രണം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: