പോത്തന്‍കോട്: വനത്തിന്റെ അതിര്‍ത്തിവിട്ടും കാട്ടുപന്നിയുടെ വിളയാട്ടം കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. വനത്തിന്റെ അതിര്‍ത്തിവിട്ട് കിലോമീറ്ററുകള്‍ക്ക് ഇപ്പുറമുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ കാട്ടുപന്നിയുടെ ശല്യം കാരണം കൃഷിപോലും ചെയ്യാനാകാതെ കര്‍ഷകര്‍ വിഷമിക്കുന്നത്. കഴിഞ്ഞ ദിവസം പോത്തന്‍കോട് പഞ്ചായത്തിലെ വേങ്ങോട്, വെള്ളാണിക്കല്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പന്നികള്‍ വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം വേങ്ങോട് സ്വദേശി പവിത്രന്റെ കൃഷിയിടം പന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചു. പവിത്രന്റ മരിച്ചീനി, ചേന കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പോത്തന്‍കോട് പഞ്ചായത്തിലും കൃഷിഭവനിലും അറിയിച്ചു. പന്നി ശല്യംമൂലം കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പവിത്രന്‍ പറഞ്ഞു. വനപ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരമുള്ള ഈ സ്ഥലങ്ങളിലേക്ക് തീറ്റതേടി എത്തിയവയാവാം ഇതെന്നാണ് ഉദ്യോഗസ്ഥരും കര്‍ഷകരും പറയുന്നത്. രാത്രി കാലങ്ങളിലാണ്പന്നി ശല്യം വര്‍ധിക്കുന്നത്. പന്നി ശല്യം കൃഷിയിടങ്ങളിലും മനുഷ്യ ജീവനും ആപത്തായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായിട്ടാണ് വെമ്പായം, പോത്തന്‍കോട് പഞ്ചായത്തില്‍ കാട്ടുപന്നി കൃഷിനാശം വരുത്തുന്നത്. പ്രദേശങ്ങളില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. വാഴ, ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, കാച്ചില്‍ തുടങ്ങിയവ ഒരു പറമ്പില്‍ത്തന്നെ കൃഷിചെയ്ത് അതിന്റെ ആദായംകൊണ്ട് ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം ഇടത്തരം കൃഷിക്കാരെയാണ് പന്നിയുടെ ശല്യം കാര്യമായി ബാധിച്ചത്.
കാര്‍ഷികജീവിതം വഴിമുട്ടിയ ദുരിതാവസ്ഥ നേരിടുകയാണ് ഇപ്പോള്‍ ഇവിടങ്ങളിലെ കര്‍ഷകര്‍. കാട്ടു പന്നിക്കൂട്ടം കൃഷിയിടങ്ങള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവായി. പന്നി ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍ക്കും രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസിന്റെ കീഴിലാണ് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: