തിരുവനന്തപുരം: നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും സമീപപ്രദേശങ്ങളിലും കൊറോണ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കമ്പോളത്തിലെ ചുമട്ടുതൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭയും ആരോഗ്യവകുപ്പും ഇന്നലെയും പരിശോധനകള്‍ നടത്തി. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ചാലയില്‍ രണ്ടുപേര്‍ക്കും കമ്പോളത്തിന് തൊട്ടടുത്ത കരിമഠം കോളനിയില്‍ ഒരാള്‍ക്കുമാണ് ഇന്നലെ കൊറോണ പോസിറ്റീവായത്.
സമ്പര്‍ക്കസാധ്യത കൂടുതലുള്ള ഈ പ്രദേശങ്ങളിലെ സ്രവ പരിശോധനാ ഫലങ്ങള്‍ ഇന്നും നാളെയുമായി ലഭ്യമാകും. പരിശോധനാ ഫലങ്ങള്‍ വരുന്നതോടെ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്. സാമൂഹിക അകലം പാലിക്കാതെയും ആരോഗ്യസുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയുമുള്ള പൊതുജനങ്ങളുടെ പെരുമാറ്റം കൂടുതല്‍ പോസിറ്റീവ് കേസുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചാല കമ്പോളത്തിലെ ചുമട്ട് തൊഴിലാളിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 150 ഓളം പേരുടെ സ്രവപരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ചാലയിലും മണക്കാട് വാര്‍ഡിലും കൂടുതല്‍ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരുകയാണ്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചാലയില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കമ്പോളത്തിലെത്തുന്ന മുഴുവന്‍ പേരെയും പോലീസ് നിരീക്ഷിക്കും. ചാലയിലേക്ക് പ്രവേശിക്കുന്ന റോഡിലും തിരികെ പോകുന്നിടത്തും പോലീസ് പരിശോധന കര്‍ശനമാക്കും. വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണം. നഗരത്തിന്റെ പലഭാഗങ്ങളിലും സമൂഹവ്യാപനം തീവ്രഗതിയിലാണ്. എന്നാല്‍ കമ്പോളം അടച്ചിടാന്‍ ഉദ്ദേശമില്ലെന്നു മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: