ന്യൂദല്‍ഹി: സുഖകരമായതുംആയാസരഹിതവുമായ ജീവിതം പാവപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാവരുടേയും അവകാശമാണെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി.മണിപ്പൂരിലെ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
3000 കോടി രൂപ ചെലവില്‍ നിര്‍മ്മാണം നടത്തുന്ന ജലവിതരണ പദ്ധതി് സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുമെന്നും പ്രത്യേകിച്ച് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുമെന്നും പറഞ്ഞു. ഗ്രേറ്റര്‍ ഇംഫാല്‍ കൂടാതെ 25 ചെറു പട്ടണങ്ങള്‍ക്കും 1700 ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണപ്രദമാകുമെന്ന് മോദി പറഞ്ഞു. അടുത്ത രണ്ടുദശകം മുന്നില്‍ കണ്ടാണു പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതി നടപ്പില്‍ വരുന്നതോടെ ലക്ഷക്കണക്കിനാളുകള്‍ക്ക് വീട്ടുമുറ്റത്ത് ശുദ്ധജലം ലഭിക്കും.ആയിരക്കണക്കിനാളുകള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ലഭിക്കും .15 കോടിയിലധികം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ജല്‍ ജീവന് മിഷനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ജനപങ്കാളിത്തത്തോടെ ഇന്ന് ഓരോ ദിവസവും ഏകദേശം ഒരു ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്കി വരുന്നതായി അറിയിച്ചു.
ശുദ്ധജലം ഓരോ വീടുകളിലുമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ദൗത്യരൂപേണയാണു നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മികച്ച ജീവിതനിലവാരത്തിന് കണക്ടിവിറ്റി അത്യന്താപേക്ഷിതമാണെന്ന് മോദി പറഞ്ഞു. സുരക്ഷിതവും ഉറച്ചതുമായ ആത്മനിര്‍ഭര്‍ ഭാരതത്തിനു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം അനിവാര്യമാണ്. ഇത് ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ് നയം’ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു പ്രവേശന കവാടം കൂടി തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ്, ഹൈവേ, വ്യോമപാത, ജലപാത, ഐ-വേ, പൈപ്പ് ലൈന്‍ എന്നിവയ്ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയിലാകെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 6 വര്‍ഷമായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ നാലു തലസ്ഥാനങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇരട്ട വരി പാതകളും ഗ്രാമങ്ങളിലേക്കുള്ള റോഡുകളുമാണ് ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നത്. ഇതുനടപ്പില്‍ വരുത്തുന്നതിനായി 3000 കിലോമീറ്റര്‍ റോഡ് നിര്‍മാണം ആരംഭിച്ചതായും 60,000 കിലോ മീറ്റര്‍ റോഡ് കൂടി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ആരംഭിക്കുക വഴിയും നിലവിലുള്ള ശൃംഖലയെ ബ്രോഡ്ഗേജ് ആക്കുക വഴിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള റെയില്‍ ഗതാഗതം വളരെയേറെ വികസിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ തന്നെ ഈ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ റെയില്‍പ്പാത വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷമായി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.
റോഡ്, റെയില്‍വേ എന്നിവ കൂടാതെ ഈ പ്രദേശങ്ങളിലെ വ്യോമഗതാഗതവും വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 13 വിമാനത്താവളങ്ങളാണുള്ളത്. ഇംഫാല്‍ വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ വിമാനത്താവളങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് 3,000 കോടി രൂപയിലധികം ചെലവഴിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേതുള്‍പ്പെടെ രാജ്യത്തെ ഇരുപതിലധികം ദേശീയ ജലപാതകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി അവ വിവിധ പ്രദേശങ്ങളെ തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്നതായി വ്യക്തമാക്കി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തേയും സാംസ്കാരിക കരുത്തിനേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ നാം ഇനിയും കണ്ടെത്താത്ത വിനോദസഞ്ചാര സാധ്യതകളുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനായി ഈ സംസ്ഥാനങ്ങള്‍ മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാരടക്കമുള്ള ജനം ഇന്ന് അക്രമത്തെ തള്ളിപ്പറയുകയും വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുകയുമാണ്. മണിപ്പൂരിലെ ഉപരോധങ്ങള്‍ ഇപ്പോള്‍ ചരിത്രമായി മാറിയതായും അദ്ദേഹം പറഞ്ഞു.
അസം, ത്രിപുര, മിസോറം സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇപ്പോള്‍ അക്രമത്തിന്റെ പാത വെടിഞ്ഞിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ബ്രൂ-റിയാങ്ങ് അഭയാര്‍ത്ഥികള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുള വ്യവസായങ്ങളുടെ ശക്തിയെക്കുറിച്ചും ജൈവ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അവയുടെ ശേഷിയെക്കുറിച്ചും പരാമര്‍ശിക്കവേ ആത്മനിര്‍ഭര്‍ ഭാരത് ക്യാമ്പയിനു കീഴില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കും വിപണനത്തിനുമായി ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ ക്ലസ്റ്ററുകള്‍ കൊണ്ട് അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം ലഭിക്കും. ഇന്ത്യയില്‍ മുളയുല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇല്ലാതാക്കാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക മുള വ്യവസായങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സുഗന്ധദ്രവ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ടെങ്കിലും നമ്മള് ഇവിടെ മതിയായ ഉല്‍പ്പാദനം നടത്താത്തതിനാല്‍ കോടിക്കണക്കിനു രൂപ മുടക്കി അവ ഇറക്കുമതി ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുള കര്‍ഷകര്‍, കലാകാരന്മാര്, കൈത്തൊഴില്‍ വിദഗ്ധര്‍ എന്നിവര്‍ക്കായി ദേശീയ ബാംബൂ മിഷന് കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗുണകരമാകും.
ഈ സംസ്ഥാനങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ നിരവധി സ്ഥാപനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കായിക സര്‍വകലാശാലയും ലോക നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മണിപ്പൂര്‍ രാജ്യത്തെ കായിക മേഖലയുടെ ഒരു പ്രധാന കേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: