ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെപ്പറ്റി കൃത്യമായ കാഴ്ചപ്പാടില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രിക്ക് കാഴ്ച്പ്പാടില്ലാത്തതിനാലാണ് ചൈന ഇന്ന് ഇങ്ങനെ പെരുമാറുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൈനയോട് ഇടപഴകേണ്ടത് മാനസികമായി കരുത്തോടെ ആവണമെന്നും അങ്ങനെയാണെങ്കില്‍ ഉദ്ദേശിക്കുന്നത് നേടാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഭാരതത്തിന് ദീര്‍ഘവീക്ഷണമില്ല, വലുതായി ചിന്തിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോളതലത്തിലുള്ള കാഴ്ചപ്പാടാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാത്തിനുമായി ഒരാള്‍ എന്നത് ദേശീയ കാഴ്ചപ്പാടിന് യോജിക്കുന്നതല്ലെന്നും രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. “വിജയകരമായി സമാരംഭിക്കുന്നതിന് എണ്ണമറ്റ ശ്രമങ്ങള്‍ രാഹുല്‍ നടത്തിയെങ്കിലും എല്ലാ പദ്ധതികളും പരാജയപ്പെടുകയായിരുന്നു” എന്ന് അദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ വീഡിയോ ട്വീറ്റില്‍ പിന്‍ചെയ്തു കൊണ്ടായിരുന്നു അദേഹത്തിന്റെ പരിഹാസം.
















