ആലപ്പുഴ: ‘എന്റേതും പാര്‍ട്ടി കുടുംബമാണ്’ വിവാദ വ്യവസായി പള്ളിത്തോട് സ്വദേശി കിരണ്‍ മാര്‍ഷലിന്റെ അവകാശവാദം സിപിഎമ്മില്‍ പുതിയ വിവാദത്തിന് കളമൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി രണ്ടു പതിറ്റാണ്ടോളം നീണ്ട അടുപ്പമാണോ, പാര്‍ട്ടി കുടുംബത്തിനുള്ള മാനദണ്ഡമെന്നാണ് അണികള്‍ ചോദിക്കുന്നത്.
പുന്നപ്ര-വയലാര്‍ സമരം മുതല്‍ പാര്‍ട്ടിക്കും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി രക്തസാക്ഷികളായവരുടെയും, ജീവിതകാലം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചവരുടെയും കുടുംബങ്ങള്‍ അവഗണിക്കപ്പെടുമ്പോഴാണ് വിവാദ വ്യവസായികള്‍ പലരും പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരില്‍ പാര്‍ട്ടിയെ പോലും നിയന്ത്രിക്കാനാകുന്ന ശക്തരായി മാറിയത്. നേരത്തെ ഇത്തരത്തിലൊരു വിവാദ നായകനെ ‘വെറുക്കപ്പെട്ടവന്‍’ എന്നാണ് വി.എസ്. അച്യുതാനന്ദന് വിശേഷിപ്പിച്ചത്.
അരൂരില്‍ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിശ്രമിക്കാന്‍ പിണറായി വിജയന് തെരഞ്ഞെടുത്തത് കിരണിന്റെ വീടാണ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കിരണിന്റെ വാഹനമാണ് പിണറായി ഉപയോഗിച്ചതെന്നും വിവരമുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പടെ പാരമ്പര്യമുള്ള നേതാക്കളുടെ വീടുകള്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി കിരണിന്റെ വീട് വിശ്രമിക്കാന്‍ തെരഞ്ഞടുത്തത്.
സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല, പ്രമുഖ ജനപ്രതിനിധികളും മുഖ്യമന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ ആശ്രയിച്ചിരുന്നത് പോലും കിരണിനെയാണെന്നാണ് ആക്ഷേപം. അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും സ്വാധീനം ചെലുത്താന്‍ തക്ക കരുത്തനായി പാര്‍ട്ടിയേക്കാള്‍ വളരാന്‍ ഇയാള്‍ക്ക് സാധിച്ചതും പിണറായി വിജയനുമായുള്ള ബന്ധമാണെന്ന് അണികള്‍ തന്നെ പറയുന്നു. കടുത്ത അമര്‍ഷമാണ് ഒരു വിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കും ഇതിലുള്ളത്.
ചെമ്മീന്‍ ബിസിനസിലൂടെ തുടങ്ങി റിയല്‍ എസ്റ്റേറ്റിലൂടെ വളര്‍ന്ന കിരണ്‍ മാര്‍ഷലിന് പിണറായിയുമായുള്ള അടുത്ത ബന്ധം കൂടുതല്‍ കരുത്തായി. വര്‍ഷങ്ങള്‍ മുന്‍പ് നെഹ്റുട്രോഫി വള്ളംകളിയില്‍ പോലും പാര്‍ട്ടിവിഭാഗീയത ആളിക്കത്തിയപ്പോള്‍ പിണറായി പക്ഷത്തിന്റെ മാനം കാക്കാന്‍ എത്തിയത് കിരണായിരുന്നു. വിഎസ് പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ യുബിസി കൈനകരി നെഹ്റുട്രോഫി ജലമേളയില്‍ രണ്ടാം വരവിനെത്തിയപ്പോള് കിരണ്‍ ക്യാപ്റ്റനായി കോട്ടയം ജില്ലയില്‍ നിന്ന് ആര്‍പ്പൂക്കര നവജീവന്‍ ബോട്ട് ക്ലബ്ബ് രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തുറവൂരിലും ചെല്ലാനത്തും ജ്വñറികള്‍ നടത്തിയെങ്കിലും അധികം മുന്നോട്ടു പോയില്ല. എരമല്ലൂരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിച്ച കേരള കോഫീ ഹൗസിന്റെ ഉദ്ഘാടന ചടങ്ങിലുള്‍പ്പടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായി. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാര്‍ കിരണ്‍ വാങ്ങി ഏറെക്കാലം ഉപയോഗിച്ചു.
ജില്ലാ റൈഫിള്‍ അസോസിയേഷന് സെക്രട്ടറിയായ കിരണിന് പോലീസിലെ ഉന്നതരുമായും അടുപ്പമുണ്ട്. സിപിഎം ചാനലിന്റെ ചെയര്മാന് കൂടിയായ നടന് മമ്മൂട്ടി ഇവിടെയെത്തുകയും ആലപ്പുഴ റൈഫിള്‍ ക്ലബ്ബില്‍ അംഗത്വവും എടുത്തു. റൈഫിള്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും മുഖ്യമന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: