സാധുശീലന്‍ പരമേശ്വരന് പിള്ള എന്ന നാട്ടിന്‍പുറത്തുകാരനില്‍നിന്നും സ്വാമി പരമേശ്വരാനന്ദ സരസ്വതിയെന്ന സംന്യാസി ശ്രേഷ്ഠനിലേക്കുള്ള അവസ്ഥാന്തരം എഴുതിത്തീരാത്ത സമാഹാരമാണ്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനടുത്ത് ആലിന്തറ മുദാക്കല്‍ വാവുകോണത്ത് വീട്ടില്‍ 1920 ആഗസ്റ്റ് 14 ന് (1095 കര്‍ക്കടകം 30ന് ) കൃഷ്ണപിള്ളയുടേയു ലക്ഷ്മിയമ്മയുടേയും മകനായിട്ടായിരുന്നു പരമേശ്വരന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്‍ക്കത്തയില്‍ തുടര്‍പഠനം. അവിടെ വെച്ച്, ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഹൈന്ദവജനതക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളില്‍ മനംനൊന്ത സാധുശീലന്‍ പിന്നീട് ഹിന്ദുധര്‍മ പ്രചാരകനായി.
1942 ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ച് ത്രിവര്‍ണപതാക ഉയര്‍ത്തിയ ദേശാഭിമാനികളില്‍ സാധുശീലനുമുണ്ടായിരുന്നു. അന്ന് അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താവിനിമയ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ജോലി രാജിവച്ചാണ് ദല്‍ഹി കേന്ദ്രമായ അഖിലഭാരത ആര്യഹിന്ദു ധര്‍മ സേവാസംഘത്തിന്റെ പ്രവര്‍ത്തകനായത്. 1955 ല്‍, മലബാറില്‍ ആലക്കോട് ആരംഭിച്ച ഹിന്ദുധര്മസമാജത്തിന്റെ സ്ഥാപകസെക്രട്ടറിയായി. ആയിടക്കാണ് വിവാഹിതനാകുന്നത്.
ആര്യഹിന്ദു ധര്‍മസേവാ സംഘത്തിന്റെ ദക്ഷിണഭാരത പ്രചാരകന്, കന്യാകുമാരി വിവേകാനന്ദസ്മാരക സ്ഥാപക സെക്രട്ടറി, കേസരി വാരികയുടെ ആദ്യകാല പത്രാധിപര്‍, മലബാറിലെ ഹിന്ദുസമാജ സെക്രട്ടറി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി. ഹിന്ദുധര്‍മപരിചയം, കന്യാകുമാരിയും ചുറ്റുക്ഷേത്രങ്ങളും, മഹാത്മാഗാന്ധി; മാര്‍ഗവും ലക്ഷ്യവും എന്നിങ്ങനെ ഒട്ടനവധി കൃതികള്‍ രചിച്ചു.
വിവേകാനന്ദസ്വാമികള്‍ക്ക് ശ്രീപാദ പാറയില്‍സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍, അന്ന് കേസരി വാരികയുടെ പത്രാധിപരായിരുന്ന സാധുശീലന്‍ കന്യാകുമാരിയിലെത്തി വിവേകാനന്ദ സ്മാരക കമ്മിറ്റിയുടെ ഓണറബിള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ശ്രീരാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട് അനവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. 1980 ലെ ജന്മാഷ്ടമി ദിനത്തില്‍ സാധുശീലന്‍ പരമേശ്വരന് പിള്ള, സ്വാമി പരമേശ്വരാനന്ദ സരസ്വതി എന്ന നാമധേയത്തില്‍ സ്വാമി ജ്ഞാനാനന്ദസരസ്വതിയില്‍നിന്നും സംന്യാസം സ്വീകരിച്ച് ശങ്കരാചാര്യരുമായി ബന്ധപ്പെട്ട സംന്യാസപരമ്പരയുടെ കണ്ണിയായി. കന്യാകുമാരിയില്‍ ആനന്ദകുടീരം എന്ന പേരില്‍ ജ്ഞാനാനന്ദസരസ്വതിയും ശ്രീകൃഷ്ണമന്ദിരം എന്ന പേരില്‍ പരമേശ്വരാനന്ദസരസ്വതിയും ആശ്രമങ്ങള്‍ സ്ഥാപിച്ച് കര്‍മനിരതരായി.
കന്യാകുമാരിയില്‍നിന്നും യാത്രതിരിച്ച അദ്ദേഹം തൃശൂര്‍ ജില്ലയിലെ കൊടകരക്കടുത്ത് കനകമലയുടെ അടിവാരത്ത് കാവനാട് ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിനു സമീപത്തെത്തി. സമീപവാസിയായ പോളയില്‍ ദാമോദരന്‍ നല്കിയ സ്ഥലത്ത് ‘പരമേശ്വരം’ എന്ന പേരില്‍ ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചു. ഇതിനിടയില്‍ ജീവിതത്തില്‍ യാതൊന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത നിസ്വാര്‍ഥനായ സംന്യാസിശ്രേഷ്ഠന് തന്റെ തന്നെ പേരിലുള്ള ആശ്രമത്തിന്റെ പടിയിറങ്ങി തൃശൂര്‍ ജില്ലയില്‍തന്നെ മുള്ളൂര്ക്കരക്കടുത്ത ഇരുനിലംകോട് ഗുഹാക്ഷേത്രത്തിനോടു ചേര്‍ന്ന ജ്ഞാനാനന്ദാശ്രമത്തിലേക്കു മാറി.
അവസാനകാലത്ത് വീണ്ടും കുറേനാള്‍ കന്യാകുമാരിയിലെത്തിയിരുന്നു. വെഞ്ഞാറമൂട്ടിലെ വീട്ടിലേക്ക് മക്കള്‍ വിളിച്ചതിനെത്തുടര്‍ന്ന് പോയെങ്കിലും ഗൃഹസ്ഥാശ്രമമില്ലെന്നതിനാല്‍ തിരികെ ഇരുനിലംകോട്ടെത്തി ഏഴാംനാള്‍ ജ്ഞാനാനന്ദാശ്രമത്തില്‍ വച്ച് (2009ല്‍) സമാധിയായി. കഴിഞ്ഞ 22 നായിരുന്നു അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി.
ബിജെപി നേതാവ് കെ. രാമന്‍പിള്ള, പരമേശ്വരാനന്ദ സരസ്വതിയുടെ സഹോദരനാണ്. ചലചിത്രനിരൂപകനും സാഹിത്യകാരനുമായ വിജയകൃഷ്ണന് മകനും ഫീച്ചര്‍ഫിലിം രംഗത്ത് ശ്രദ്ധേയനും ‘ദി സ്റ്റോറി ഓഫ് അയോധ്യ’യുടെ രചയിതാവുമായ യദുവിജയകൃഷ്ണന് പേരമകനുമാണ്. പരമേശ്വരാനന്ദ സരസ്വതി എന്ന കര്‍മയോഗിയെ സ്മരിക്കുന്ന ആയിരങ്ങള്‍ ഇന്നും കനകമലയുടെ താഴ്വാരത്തില്‍ മാത്രമല്ല, കേരളത്തിലെമ്പാടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: