കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കരിദിനമാചരിച്ചു. പ്രധാനകവലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കരിക്കൊടി കെട്ടുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്യും. വൈകീട്ട് വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തു.
കരിദിനാചരണത്തിന്റെയും പ്രതിഷേധ ജ്വാലയുടേയും ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് തളിയിലെ ബിജെപി ഓഫീസിന് സമീപം നിര്‍വ്വഹിച്ചു. അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാതെ രാജിവെച്ച് പുറത്തു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണയുടെ മറവില്‍ രക്ഷപ്പെടാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും ജനകീയ കോടതിയില്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും വി.കെ. സജീവന് കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, ജില്ലാ സെക്രട്ടറി ഇ. പ്രശാന്ത്കുമാര്‍, ജില്ലാ ട്രഷറര്‍ വി.കെ. ജയന്, സംസ്ഥാന കൗണ്‍സില്‍ അംഗം പിഎം. ശ്യാമപ്രസാദ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, മേഖലാ ഭാരവാഹികളായ പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്, എന്‍.പി. രാമദാസ്, സുഗീഷ് കൂട്ടാലിട, അജയ് നെല്ലിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: