കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ ശിവശങ്കറിനെ സംസ്ഥാന ഭരണത്തില്‍ സര്‍വപ്രതാപിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകള്‍. ബെംഗളൂരുവിലെ വീണയുടെ എക്സാലോജിക് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡിന് മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പിന്റെ നിര്‍ലോപമായ പിന്തുണയാണ് ലഭിച്ചത്. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന് അറിയാം. എക്സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.
ശിവശങ്കറുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കിയത്. അതേസമയം, ശിവശങ്കറിനെതിരെ നടപടിയുണ്ടായതുമില്ല. ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എക്സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പ്രതിയായ സ്വപ്നക്ക് ഐടി വകുപ്പില്‍ നിയമനം ലഭിക്കാനും പിഡബ്ല്യുസി ഇടപെട്ടു. ഇതിന് ശുപാര്‍ശ ചെയ്തത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഭയന്ന് ശിവശങ്കറെയും പിഡബ്ല്യുസിയെയും കൈയൊഴിയാന്‍ പിണറായി തയാറായത്.
സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോഴും വീണയുടെ പേര് ഉയര്‍ന്നിരുന്നു. കമ്പനിയുടെ സിഇഒയുമായി വീണ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ലഭിക്കുന്ന കമ്പനികള്‍ എക്സാലോജിക്കിന് പ്രത്യുപകാരം ചെയ്യുന്നതായാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
‘മകളെ നിനക്കായി’ ഭരണം; പാര്‍ട്ടിയില്‍ എതിര്‍പ്പ്
ഭരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തിപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനല്ലെന്നും ഉദ്യോഗസ്ഥ കോക്കസിനാണ് നിയന്ത്രണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയെയും മുന്നണിയെയും മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈയടക്കിയ ശിവശങ്കറിനെയാണ് ഇവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോള്‍ താനാണ് തീരുമാനമെടുത്തതെന്നാണ് ശിവശങ്കര്‍ പരസ്യമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഐടി സെക്രട്ടറിയുടെ കുറ്റമേല്‍ക്കലെന്ന് പുറമേക്ക് വിമര്‍ശനമുയര്‍ന്നെങ്കിലും പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കി. ഇടത് സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോയെന്ന ചോദ്യം അന്ന് ഉയര്‍ന്നു. വീണയുമായുള്ള ഐടി വകുപ്പിന്റെ അനധികൃത ഇടപെടലുകളും ശിവശങ്കറിന്റെ പങ്കും പാര്‍ട്ടിയില്‍ സംശയത്തിലായി.
‘മക്കള്‍ വിഷയ’ത്തില്‍ ഏറെ പഴി കേട്ട കോടിയേരി ക്യാമ്പ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സാഹചര്യം മുതലെടുത്ത് വീണയുടെ സര്‍ക്കാര്‍ ബന്ധത്തിന് പാര്‍ട്ടിയില്‍ പരാമാവധി പ്രചാരം നല്‍കുകയാണ്. മകള്‍ക്ക് ഐടി കമ്പനിയുണ്ടെന്നിരിക്കെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈയാളുന്നതും ദുരൂഹമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയാണ് ഐടി കൈകാര്യം ചെയ്തിരുന്നത്. ഈ മേഖലയില്‍ പ്രാഗത്ഭ്യമുള്ള നേതാവുമല്ല പിണറായി. ഇതിന് പുറമെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ ഐടി വകുപ്പ് സെക്രട്ടറിയുമാക്കി. ഇതില്‍ ‘കോണ്‍ഫഌക്ട് ഓഫ് ഇന്ററസ്റ്റ്’ ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്ക് ഐടിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹത്തിന്റെ ഒരേയൊരു താത്പര്യം മകള്‍ക്ക് ഐടി കമ്പനി ഉണ്ടെന്നതാണ്, സന്ദീപ് ചൂണ്ടിക്കാട്ടി. എക്സാലോജിക് കമ്പനിയുടെ ലാഭം നാല് വര്‍ഷത്തിനുള്ളില്‍ 25.70 ലക്ഷം രൂപയില്‍ നിന്ന് 1.11 കോടി രൂപയായി ഉയര്‍ന്നുവെന്നും ഏതൊക്കെ കമ്പനികളില്‍ നിന്നാണ് വരുമാനം ലഭിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും കെ.എം. ഷാജഹാന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: