മുംബൈ: ട്വന്റി20 ലോകകപ്പ് നീട്ടിയതോടെ ഐപിഎല്‍ നടത്താനുള്ള ശ്രമങ്ങള്‍ സജീവമാക്കി ബിസിസിഐ. സപ്തംബറിനും നവംബറിനുമിടയില്‍ യുഎഇയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും ആലോചിക്കുന്നത്. അതിനിടെ, ഐപിഎല്‍ യുഎഇയില്‍ സംഘടിപ്പിക്കുന്നതിന് അനുമതി തേടി ബിസിസിഐ ഉടന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. അടുത്ത 10 ദിവസത്തിനുള്ളില്‍ ഐപിഎല്‍ ഭരണസമിതി യോഗം ചേരുന്ന കാര്യവും പരിഗണനയിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
കൊറോണ വ്യാപകമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുഎഇ ആദ്യ പരിഗണനയിലെത്തിയത്. യുഎഇ ഭരണകൂടമാകട്ടെ ഐപിഎല്ലിന് സജ്ജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഒന്നോ-രണ്ടോ നഗരങ്ങള്‍ തെരഞ്ഞെടുത്ത് അവിടെ മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. എന്നാല്‍, പ്രധാന നഗരങ്ങളെല്ലാം കൊറോണ ഭീഷണിയിലായതിനാല്‍ അതില്‍ തുടര്‍ നടപടിയുണ്ടായില്ല.
ഇന്ത്യന്‍ താരങ്ങളുടെ പരിശീലനമാണ് പ്രധാന വെല്ലുവിളി. ഇന്ത്യയില്‍ നിലവില്‍ മൈതാനത്ത് പരിശീലനത്തിന് സാധ്യതയില്ല. താരങ്ങളെ നേരത്തെ യുഎഇയില്‍ എത്തിക്കുകയാണ് പോംവഴി. യുഎഇ സര്‍ക്കാരിന്റെ നിബന്ധന അനുസരിച്ച് ക്വാറന്റൈന് ചെയ്യേണ്ടിവരും. ആ സമയം കൂടി കണക്കാക്കി വേണം മത്സരക്രമം തയാറാക്കാന്‍. അതേസമയം, വിദേശ താരങ്ങള്‍ നേരിട്ട് യുഎഇയില്‍ എത്തുംവിധമാണ് ക്രമീകരണമൊരുക്കുക. ടീമിന്റെ പരിശീലനമടക്കം ക്വാറന്റൈനു ശേഷമാകും. അതിനിടെ, മത്സരങ്ങള്‍ യുഎഇയിലാകുമെന്ന ധാരണയില്‍ ടീം ഫ്രാഞ്ചൈസികള്‍ നേരത്തെ തന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: