തൃശൂര്‍: കര്‍ക്കടക വാവിനോടനുബന്ധിച്ച് പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന തീര്‍ത്ഥഘട്ടങ്ങള്‍ ഇന്നലെ വിജനമായി. കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പുണ്യസ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ഇത്തവണ ബലിതര്‍പ്പണം നടന്നില്ല. പിതൃസ്മരണയില്‍ വീടുകളില്‍ ബലിയിട്ട് വിശ്വാസികള്‍ സായൂജ്യമടഞ്ഞു. ചുരുക്കം ചിലയിടങ്ങളില്‍ തദ്ദേശവാസികള്‍ വീടിനടുത്തുള്ള കുളക്കടവുകളിലുമറ്റുമെത്തി ബലിയിട്ടതൊഴിച്ചാല് പിതൃമോക്ഷത്തിനായി എല്ലാവരും സ്വഗൃഹങ്ങളിലാണ് ബലികര്‍മ്മങ്ങള്‍ നടത്തിയത്.
തിരുവില്വാമല പാമ്പാടി ഐവര്‍ മഠം, പഞ്ചവടി ക്ഷേത്രം, ചാവക്കാട് കടപ്പുറം, നിളാതീരം, ആറാട്ടുപുഴ മന്ദാരം കടവ്, കൂര്‍ക്കഞ്ചേരി ക്ഷേത്രം, പുഴയ്ക്കല്‍ ക്ഷേത്രം തുടങ്ങി ജില്ലയില്‍ ബലികര്‍മ്മ ചടങ്ങ് നടക്കുന്ന ഇടങ്ങളിലൊന്നും കൂട്ടത്തോടെയുള്ള ബലിതര്‍പ്പണം ഉണ്ടായില്ല. മന്ദാരംകടവിലും മാള കോണത്തുകുന്ന് മഞ്ഞകുളങ്ങര ദേവീക്ഷേത്രക്കുള കടവിലും പരിസരവാസികളില്‍ ചിലര്‍ ഒറ്റയ്ക്ക് വന്ന് കാര്മികരില്ലാതെ ബലിയിട്ട് മടങ്ങി.
വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മന്ദാരം കടവില്‍ ബലി അര്‍പ്പിക്കാന്‍ എത്തിയത്.മന്ത്രം ചൊല്ലി തരുവാന്‍ ശാന്തിക്കാരില്ലാത്തതിനാല് കര്‍മ്മങ്ങളെല്ലാം സ്വയം നടത്തുകയായിരുന്നു ഇവര്‍. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന മന്ദാരം കടവ് പൂര്‍ണ്ണമായും വിജനമായ അവസ്ഥയിലായിരുന്നു. പിതൃപ്രീതി തേടി എല്ലാവര്‍ഷവും ആയിരങ്ങളാണ് പുണ്യതീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലുമെത്താറുള്ളത്. കൊറോണ ജാഗ്രതയുടെ ഭാഗമായി ഇക്കുറി ഇതിന് സാധിക്കാത്തതിനാല്‍ വിശ്വാസികള്‍ സ്വന്തം വീടുകളില്‍ പിതൃക്കള്‍ക്ക് ബലിയിടുകയായിരുന്നു.
പതിവിനു വ്യത്യസ്തമായി ഇക്കുറി ഓണ്‍ലൈന്‍ വഴിയും പിതൃപുണ്യത്തിനായി നിരവധി പേര് ബലിയിട്ടു. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മ്മികരാകുന്ന ആചാര്യന്മാര് ഓണ്‍ലൈനായി ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിന് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ളവരാണ് ഓണ്‍ലൈനിലൂടെ ബലികര്‍മ്മങ്ങള്‍ നടത്തിയത്.
ആചാര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്കിലൂടെയും ഇത്തവണ നിരവധി പേര് ബലിയിട്ടു. കൊറോണയെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാത്തരം മത ചടങ്ങുകളും 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഇപ്രാവശ്യം നടത്തരുതെന്ന് ആരാധനലായങ്ങള്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.
തിരക്കില്ലാതെ നിളാ തീരം; വാവ് ബലിതര്‍പ്പണം ഇല്ലാത്ത ബലിപ്പുരകള്‍
തിരുവില്വാമല: ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി പതിനായിരങ്ങള്‍ പിതൃമോക്ഷ പുണ്യം തേടി കര്‍ക്കിടക വാവുബലിക്ക് എത്തുന്ന നിളാതീരം ഇക്കുറി വിജനമായി. പിതൃമോക്ഷ മന്ത്രമുഖരിതമാകേണ്ടിയിരുന്ന ബലിപ്പുരകള്‍ ആളും ആരവുമില്ലാതെ ഒഴിഞ്ഞ് കിടന്നു.
നിരവധി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ മണല്‍ത്തിട്ടയില്‍ പ്രദേശികവാസികളായ ചുരുക്കം ചിലര്‍ വന്ന് തര്‍പ്പണം ചെയ്തതൊഴിച്ചാല്‍ കൂട്ടമായുള്ള ബലിതര്‍പ്പണം നടന്നില്ല. കൊറോണ പശ്ചാത്തലത്തില്‍ പ്രദേശവാസികളടക്കമുള്ളവര്‍ വീടുകളിലാണ് പിതൃതര്‍പ്പണം നടത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നതെന്ന് ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: