ന്യൂദല്‍ഹി: ചൈനീസ് നാവികസേനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴിയായ മലാക്ക കടലിടുക്ക് ലക്ഷ്യമാക്കി കൂടുതല്‍ സഖ്യരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളെത്തുന്നു. തെക്കന്‍ ചൈനാ കടലിന് സമീപം വിന്യസിച്ചിരുന്ന അമേരിക്കന്‍ ആണവ യുദ്ധക്കപ്പല്‍ യുഎസ്എസ് നിമിറ്റ്സ് മലാക്ക വഴി ബംഗാള്‍ ഉള്‍ക്കടലിലെത്തി ഇന്ത്യന്‍, ജപ്പാന് യുദ്ധക്കപ്പലുകള്‍ക്കൊപ്പം കൂടി. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കൊപ്പം യുഎസ്എസ് നിമിറ്റ്സ് നാവികാഭ്യാസത്തില്‍ പങ്കുചേര്‍ന്നത് ചൈനയ്ക്കുള്ള ശക്തമായ സന്ദേശമായി.
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മലാക്ക കടലിടുക്ക് ലക്ഷ്യമിട്ട് പടക്കപ്പലുകളുടെ വിന്യാസം. ഇന്ത്യ-ജപ്പാന് നാവികാഭ്യാസമായ പാസെക്സില് പങ്കെടുക്കാനാണ് യുഎസ്എസ് നിമിറ്റ്സ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപമെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പസഫിക്ക് സമുദ്രത്തിലുണ്ടായിരുന്ന യുഎസ്എസ് നിമിറ്റ്സിനെയും യുഎസ്എസ് റൊണാള്‍ഡ് റീഗണിനെയും തെക്കന്‍ ചൈനാ കടലിന് സമീപത്തേക്ക് അമേരിക്ക വിന്യസിച്ചിരുന്നു. യുഎസ്എസ് നിമിറ്റ്സിനെ ഇവിടെ നിന്നാണ് മലാക്കാ കടലിടുക്ക് വഴി ആന്ഡമാനിലെത്തിച്ചത്.
ജപ്പാന് നാവികസേനയ്ക്കൊപ്പം ഇന്ത്യയുടെ ഈസ്റ്റേണ്‍ ഫഌറ്റും ആന്ഡമാനിലുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന മലബാര്‍ സൈനികാഭ്യാസത്തിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ എത്തുന്നുണ്ട്. അമേരിക്ക, ഇന്ത്യ, ജപ്പാന് എന്നിവയ്ക്ക് പുറമേ ഓസ്ട്രേലിയയുടെ യുദ്ധക്കപ്പലുകളും ഇത്തവണയുണ്ടാകുമെന്നാണ് വിവരം.
ആറായിരം സൈനികരും 90 യുദ്ധവിമാനങ്ങളും വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് യുഎസ്എസ് നിമിറ്റ്സ്. മലാക്ക കടലിടുക്ക് വഴി ആന്‍ഡമാന്‍ തീരത്ത് കൂടെ ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രയിലാണ് നിമിറ്റ്സ് എന്നാണ് യുഎസ് നാവികസേനയുടെ ഔദ്യോഗിക വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: