വണ്ണപ്പുറം: കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുള്ളരിങ്ങാട് മേഖലയില്‍ അതീവ ജാഗ്രത. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വണ്ണപ്പുറം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളിലായി 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വണ്ണപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നയാളുമാണ്.
മുള്ളരിങ്ങാട്ട് പള്ളിത്തര്‍ക്കം നടന്ന 9-ാം തിയതി ഇവിടെ ഇയാള്‍ ഉണ്ടായിരുന്നെന്ന വിവരം ആശങ്ക ഇരട്ടിയാക്കി. നിലവില്‍ ഒന്ന്, രണ്ട്, നാല്, 17 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്തതോടെ വണ്ണപ്പുറം പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം ജില്ലാ ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തു. പഴം വിതരണക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് നാല് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 13ന് പനി ബാധിച്ച് വണ്ണപ്പുറം ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി കോടതി ഉത്തരവിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ കഴിഞ്ഞ ഒന്‍പതിന് രാവിലെ 9.30ന് ഇവിടെയുമെത്തി. ഈ സമയം 150ഓളം ആളുകളാണ് പള്ളിയ്ക്ക് സമീപം ഉണ്ടായിരുന്നത്. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പത്തിന് ഉച്ചയ്ക്ക് പള്ളികെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും പങ്കെടുത്തു.
ഇതിനിടെ ബാര്‍ബര്‍ ഷോപ്പിലും ബന്ധുവീടുകളിലുമെത്തി. ഇതിന് പുറമേ സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിരുന്നു. ഈ രോഗി എത്തിയതിനെ തുടര്‍ന്ന് കുന്നത്ത് പച്ചക്കറി വ്യാപര സ്ഥാപനം അടച്ചു. ഉടമയോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്കി. രോഗ വ്യാപനം കൂടുതലായുള്ള മേഖലകളില്‍ നിന്നും ആളുകള്‍ വ്യാപകമായി വണ്ണപ്പുറം ടൗണിലെത്തുന്നുണ്ട്.
ഇടവെട്ടിയിലും ആശങ്ക
തൊടുപുഴ: ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ച മുതലക്കോടം പഴുക്കാകുളം സ്വദേശിയായ 56കാരി എത്തിയതിനെ തുടര്‍ന്ന് ഇടവെട്ടി മേഖലയില്‍ ആശങ്ക പടരുന്നു. അതേ സമയം ഗൗരവകരമായി പ്രശ്നമില്ലെന്നും ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകണമെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
56കാരി എത്തിയതിനെ തുടര്‍ന്ന് ചാലങ്കോട്ടെ റേഷന്‍ കടയും കാരിക്കോടുള്ള ഒരു മെഡിക്കല്‍ ലാബും താല്‍ക്കാലികമായി അടച്ചു. രോഗിയുമായി ബന്ധപ്പെട്ട റേഷന്‍കടയുടമയോട് ക്വാറന്‍ൈനില്‍ പോകാന്‍ നിര്‍ദേശം നല്കി. അതേസമയം റേഷന്‍കട തുറക്കാനുള്ള ബദല്‍ മാര്‍ഗം ഉടമ തേടുകയാണ്.
ഇവര്‍ കുടുംബത്തോടെ ക്വാറന്റൈനില്‍ ആയതിനാല്‍ ബന്ധുക്കളെ ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് നീക്കം. ഇടവെട്ടിയില്‍ മകളെ കാണുന്നതിനായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണപ്പോള്‍ മകളും മകനും ചേര്‍ന്നാണ് ഇവരെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് ഇവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബന്ധുക്കളോട് ക്വാറന്‍ൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: