കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനുനേരെ ജിഹാദികളുടെ പരസ്യഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിക്ക് പുറമേ ജിഹാദി പിന്തുണയുള്ള ഒരു ദിനപത്രത്തിലും ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് ആസൂത്രിതമായി നടത്തുന്ന ഭീഷണിയാണിതെന്ന് വ്യക്തമായി. പാലത്തായി പീഡന ആരോപണം ഉയര്‍ന്നതുമുതല്‍ കേസന്വേഷണത്തെ സ്വാധീനിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരോപണ വിധേയനായ അധ്യാപകനെ കേസില്‍ കുടുക്കാനും നീക്കം നടത്തിയിരുന്നു. പാനൂര്‍ സിഐ ആയിരുന്ന ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ കേസന്വേഷിച്ചത്. അന്വേഷണത്തിന്റെ ഘട്ടത്തിലെല്ലാം അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കേസ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചുവെന്നും ഇത് പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സഹായകരമാകുമെന്നുമുള്ള നിലയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണ വിധേയനായ അധ്യാപകന് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഐജിയുടെ ശബ്ദ സന്ദേശം പുറത്ത് വിട്ടതെന്നുമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളില്‍കൂടിയും നിരന്തരമായി പ്രചാരണം നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ജിഹാദികള്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ജോസഫ് മാസ്റ്ററുടെ കൈവെട്ട് കേസ് അന്വേഷണ സമയത്തും കനകമല തീവ്രവാദ കേസ് അന്വേഷണ സമയത്തുമെല്ലാം ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ട്. തങ്ങള്‍ക്ക് ശത്രുതയുള്ളവരുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും വ്യാപകമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ചര്‍ച്ചയാക്കി കേസെടുത്ത് നിയമപ്രശ്നമാക്കിമാറ്റുകയും പിന്നീട് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച കേസെടുപ്പിക്കുകയും ചെയ്യുകയെന്നതാണ് ജിഹാദികളുടെ തന്ത്രം. പൗരത്വനിയമ ഭേദഗതിയെ പരസ്യമായി പിന്തുണച്ചതിന് ജിഹാദികളുടെ കണ്ണിലെ കരടായിരുന്നു പാലത്തായി പീഡനാരോപണത്തില്‍ പ്രതിയാക്കപ്പെട്ട അധ്യാപകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: