കാഞ്ഞങ്ങാട്: ഫോക്ലോര് അക്കാദമി സിപിഎം പാര്‍ട്ടി അക്കാദമിയാക്കിയതായി ആരോപണം. സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും കലയുമായി പുലബന്ധം പോലുമില്ലാത്തവര്‍ക്കും നാടന്‍ കലാ അക്കാദമി അവാര്‍ഡ് വാരിക്കോരി നല്കി സിപിഎം സ്വജനപക്ഷപാതം ആവര്‍ത്തിക്കുന്നതായി വ്യാപക പരാതിയുയര്‍ന്നു.
ഒഴിഞ്ഞവളപ്പിലെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ് ഭാരവാഹിയായ യുവാവിന് കഴിഞ്ഞ വര്‍ഷം ഫെല്ലോഷിപ്പ് നല്കി അക്കാദമി നാടന്‍ കലാകാരന്മാരെ ഞെട്ടിച്ചു. പൂരക്കളി കളിച്ചതല്ലാതെ ആ കലയില്‍ ഒരു മികവുമില്ലാത്ത യുവാവിനാണ് കഴിഞ്ഞ വര്‍ഷം അക്കാദമി ഫെല്ലോഷിപ്പ് നല്‍കിയത്. പ്രദേശത്തെ മികച്ച പൂരക്കളി കലാകാരന്മാരെ മറികടന്നതായിരുന്നു അന്ന് പുരസ്കാരം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാടന്‍ കലാ അക്കാദമി അവാര്‍ഡും കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ലഭിച്ച പാര്‍ട്ടി അംഗമായ യുവാവിനാണ്. ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയാണ്. മാസം തോറും 20000 രൂപ ശമ്പളവും വാങ്ങുന്നുണ്ട്.
ആലാമിക്കളിയില് കാര്യമായി പാരമ്പര്യമോ സംഭാവനയോ ഒന്നും ചെയ്യാത്ത ഇതേ യുവാവിന് ഈ വര്‍ഷം എവിടെയോ ചില വേദികളില്‍ കുട്ടികളെ ആലാമിക്കളി പഠിപ്പിച്ചവതരിപ്പിച്ചുവെന്ന പേരിലാണ് ഫോക്ലോര് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ചന്തേരഭാഗത്ത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കും ഇങ്ങനെ ഫെല്ലോഷിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച യുവാവിന്റെ അച്ഛന് നല്ല പൂരക്കളി കലാകാരനായിരുന്നു. അദ്ദേഹത്തിന് നല്‍കാതെ യോഗ്യതയില്ലാത്ത മകനാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രകലയില്‍ അരനൂറ്റാണ്ടായി നീലേശ്വരം പോലുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അനുഗ്രഹീത കലാകാരന്മാരെ അക്കാദമി പാര്‍ട്ടി ഭക്തിയില്ലാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ്.
സിപിഎം ലോക്കല്‍ കമ്മറ്റിയുടെയും പാര്‍ട്ടി അനുകൂല നാടന്‍ കലാസംഘടനയുടെ പിന്തുണയും ഉണ്ടെങ്കില്‍ അവാര്‍ഡ് വീട്ടിലെത്തുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഒരുകൂട്ടം കലാകാരന്മാരുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി അവര്‍ക്ക് ലഭിക്കേണ്ട അംഗീകാരം കലയിലോ സാംസ്കാരിക രംഗത്തോ കഴിവ് തെളിയിക്കപ്പെടാത്ത ആളുകള്‍ക്ക് നല്‍കുന്നത് കലാ സമൂഹത്തോടുള്ള വഞ്ചനയാണെന്ന് പ്രമുഖ കലാകാരന്മാര് തന്നെ ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന കടന്നു പോകുമ്പോള്‍ നികുതിപ്പണം അര്‍ഹരുടെ കൈകളിലെത്തണമെന്നാണ് കലാകാരന്മാര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: