തിരുവനന്തപുരം: യു എ ഇ കോണ്സലേറ്റിനെതിരെയും ആരോപണം ഉയര്‍ന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇതുവരെ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ ന്യായവും നിയമപരവുമായിരുന്നുവെന്ന് വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ടി പി ശ്രീനിവാസന്. രാജ്യാന്തര കരാറനുസരിച്ച് ഒരു ബാഗ് ഡിപ്ലോമാറ്റിക് ബാഗ് ആകുന്നത് അതില്‍ അയയ്ക്കുന്ന രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം സീല്‍ വയ്ക്കുമ്പോള്‍ മാത്രമാണ്. യുഎഇ ഗവണ്മെന്റ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത് സ്വര്‍ണം കടത്തിയ ബാഗില്‍ അവരുടെ സീല്‍ ഇല്ലായിരുന്നു എന്നാണ്. അതു നാം മുഖവിലയ്ക്കെടുക്കണം. മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ ശ്രീനിവാസന് ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുന്നത് അനുവദനീയമല്ല. കോണ്‍സുലേറ്റിനു സംസ്ഥാനങ്ങള്‍ നല്കുന്ന സൗജന്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാകണമെന്നു നിഷ്കര്‍ഷയുണ്ട്. ഈ സൗകര്യങ്ങള്‍ നമ്മുടെ ഓഫിസുകള്‍ക്ക് അവരുടെ രാജ്യത്തു കിട്ടുന്ന സൗജന്യങ്ങള്‍ക്കു തുല്യമായിരിക്കണം. ഈ നിയമം ലംഘിച്ചു കൊണ്ടാണ് കേരളം കോണ്‍സുലേറ്റിനു പൊലീസ് സുരക്ഷ നല്‍കിയിരിക്കുന്നത്. യുഎഇയില്‍ ഇങ്ങനെയുള്ള സൗകര്യങ്ങള്‍ നമ്മുടെ അംബാസഡര്‍ക്കു പോലും നല്‍കിയിട്ടില്ല. ശ്രീനിവാസന് ചൂണ്ടികാട്ടി.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം
ടി.എന്‍.കൗള്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് നയതന്ത്രം എന്നാല്‍ 50% പ്രോട്ടോക്കോളും 40% ആല്‍ക്കഹോളും 10% ടി. എന്‍.കൗളും ആണെന്നു പറയാറുണ്ടായിരുന്നു. എങ്കിലും നയതന്ത്രരംഗത്തെ പ്രോട്ടോക്കോളിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ താല്പര്യം കാട്ടിയിട്ടില്ല. പക്ഷേ, കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്തിനു ശേഷം ചര്‍ച്ചകളെല്ലാം പ്രോട്ടോക്കോളിനെപ്പറ്റിയാണ്. യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് പ്രോട്ടോക്കോളിന്റെ തണലില്‍ കുറച്ചുകാലമായി സ്വര്‍ണക്കടത്തു നടത്തുകയായിരുന്നു എന്നാണ് ആരോപണം. എന്തൊക്കെയാണ് അദ്ദേഹത്തെ പരിരക്ഷിച്ചത് എന്നറിയാന്‍ ജനത്തിനു വലിയ താല്പര്യമുണ്ട്.
നയതന്ത്ര പ്രതിനിധികള്‍ക്കു പരിരക്ഷണം നല്‍കുന്നത് അവര്‍ക്കു വിദേശരാജ്യങ്ങളില്‍ ഭയമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരം ലഭിക്കാനാണ്. അല്ലാതെ, മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ ധ്വംസിക്കാനല്ല. കുറ്റം ചെയ്യുന്നവര്‍ക്കു സംരക്ഷണമുണ്ടെങ്കിലും അതുപയോഗിച്ച് മനഃപൂര്‍വം കുറ്റം ചെയ്യുന്നത് അനുവദനീയമല്ല.
രണ്ടു പ്രധാന കരാറുകളാണ് നയതന്ത്ര പ്രതിനിധികളെ സംരക്ഷിക്കാനായി ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. ഒന്ന് ഡിപ്ലോമാറ്റിക് സ്റ്റാഫിനും മറ്റൊന്ന് കോണ്‍സുലാര്‍ സ്റ്റാഫിനും ബാധകമാണ്. എങ്കിലും അവ തമ്മില്‍ വലിയ വ്യത്യാസമില്ല. ഏറ്റവും പ്രധാന വ്യത്യാസം – ഡിപ്ലോമാറ്റിക് സ്റ്റാഫിന് എല്ലാ കുറ്റങ്ങള്‍ക്കും പരിരക്ഷ ലഭിക്കും; കോണ്‍സുലാര്‍ സ്റ്റാഫിന് കൃത്യനിര്‍വഹണത്തിനിടെ സംഭവിക്കുന്ന കുറ്റങ്ങള്‍ക്കു മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ. ഈ പരിരക്ഷയ്ക്കുള്ള അര്‍ഹത നിശ്ചയിക്കുന്നത് ആതിഥേയ രാജ്യം മാത്രമാണ്.
തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിയായി ആരോപിക്കപ്പെട്ടിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്ര് ആണ്. അതിനു കാരണം, സ്വര്‍ണം വന്നത് അദ്ദേഹത്തിന്റെ പേരിലാണ് എന്നതാണ്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പരിരക്ഷ ഉണ്ടെന്നാണ് ഇന്ത്യയുടെ അഭിപ്രായം. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ശ്രമമുണ്ടായില്ല. എന്നാല്‍, അദ്ദേഹത്തെക്കുറിച്ചുള്ള സംശയങ്ങള്‍ യുഎഇ അധികൃതരെ അറിയിച്ചതോടെയാണ് അദ്ദേഹത്തെ അവര്‍ പിന്‍വലിച്ചത്. സാധാരണയായി എല്ലാ രാജ്യങ്ങളും ഇതുപോലുള്ള അവസരങ്ങളില്‍ ഇങ്ങനെയാണു ചെയ്യുക.
അദ്ദേഹം പോയത് സ്വന്തം തീരുമാനത്തിലാണെന്നും അതില്‍ ഇന്ത്യയ്ക്കു കാര്യമില്ലെന്നുമാണ് സങ്കല്പമെങ്കിലും നാട്ടിലെത്തുമ്പോള്‍ ആ രാജ്യത്തെ നിയമമനുസരിച്ചു വിസ്തരിക്കുമെന്നും ശിക്ഷിക്കുമെന്നുമാണ് പൊതുവായ പ്രതീക്ഷ. ആ സമയത്ത് ഇന്ത്യയെ ബാധിക്കുന്ന എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അത് ഇന്ത്യയ്ക്കു കൈമാറുകയും ചെയ്യും. ഷാര്‍ഷ് ദ് അഫയ്റിനെ തിരിച്ചു പോകാന്‍ സമ്മതിച്ചതിനെപ്പറ്റിയുള്ള വിമര്‍ശനം ന്യായീകരിക്കാനാവില്ല. സുഹൃദ് രാജ്യങ്ങള്‍ തമ്മില്‍ സാധാരണ പെരുമാറുന്ന രീതിയിലാണ് ഇക്കാര്യം കൈകാര്യം ചെയ്യപ്പെട്ടത്.
മറ്റൊരു വിവാദം ഡിപ്ലോമാറ്റിക് ബാഗിനെപ്പറ്റിയാണ്. രാജ്യാന്തര കരാറനുസരിച്ച് ഒരു ബാഗ് ഡിപ്ലോമാറ്റിക് ബാഗ് ആകുന്നത് അതില്‍ അയയ്ക്കുന്ന രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം സീല്‍ വയ്ക്കുമ്പോള്‍ മാത്രമാണ്. യുഎഇ ഗവണ്മെന്റ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത് സ്വര്‍ണം കടത്തിയ ബാഗില്‍ അവരുടെ സീല്‍ ഇല്ലായിരുന്നു എന്നാണ്. അതു നാം മുഖവിലയ്ക്കെടുക്കണം. സീല്‍ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അതു വ്യാജമാണെന്നാണ് അനുമാനിക്കേണ്ടത്. അതുകൊണ്ടാണ് സ്വര്‍ണം വന്ന ബാഗ് ഡിപ്ലോമാറ്റിക് അല്ല എന്ന് ഇന്ത്യ സമ്മതിച്ചത്. അങ്ങനെയെങ്കില്‍ ബാഗ് സ്വീകരിക്കാന്‍ ഷാര്‍ഷ് ദ് അഫയ്ര് എത്തിയത് എന്തിനെന്ന ചോദ്യം നിലനില്ക്കുന്നു. കസ്റ്റംസ് വിളിച്ചതുകൊണ്ടാണു പോയത് എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ഇവിടെയും ഇന്ത്യയുടെ നിലപാട് തികച്ചും ന്യായമായിരുന്നു.
നയതന്ത്ര പ്രശ്നങ്ങള്‍ തല്ക്കാലം പരിഹരിക്കപ്പെട്ടെങ്കിലും, സ്വര്‍ണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപേയാഗിക്കാനായിരുന്നു എന്നു തെളിയിക്കപ്പെട്ടാല്‍ നമുക്ക് ഇക്കാര്യം ഇന്ത്യയും യുഎഇയും തമ്മിലുള്ള, ഭീകരപ്രവര്‍ത്തനത്തിനെതിരായ കരാറനുസരിച്ചു വീണ്ടും ഉന്നയിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ 2 രാജ്യങ്ങളും സഹകരിക്കുമെന്നും കുറ്റക്കാരെ കണ്ടുപിടിക്കാനും ശിക്ഷിക്കാനുമുള്ള അവസരം ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
മറ്റൊരു പ്രോട്ടോക്കോള്‍ പ്രശ്നം ഉന്നയിക്കപ്പെട്ടിരിക്കുന്നത് കോണ്‍സുലേറ്റുകളും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യത്തിലാണ്. നയതന്ത്രാലയങ്ങള്‍ വിദേശകാര്യ മന്ത്രാലയം വഴി മാത്രമേ, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടാവൂ എന്നാണു നിയമം. അപ്രധാന നടപടികളെപ്പറ്റിയോ സാങ്കേതിക കാര്യങ്ങളെപ്പറ്റിയോ മാത്രമേ നേരിട്ടുള്ള ചര്‍ച്ചകള്‍ അനുവദിക്കുന്നുള്ളൂ. പക്ഷേ, ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് നയതന്ത്ര പ്രതിനിധികള്‍ക്കാണ്. മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്കിയിട്ടില്ലെങ്കില് അവരെ കുറ്റപ്പെടുത്താനാവില്ല. എന്നാലും, മന്ത്രിമാര്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുന്നത് അനുവദനീയമല്ല. വിശേഷിച്ചും, ഇക്കാര്യങ്ങളില്‍ ഏതെങ്കിലും പണമിടപാടുകള്‍ ഉണ്ടെങ്കില്‍ കോണ്‍സുലേറ്റ് പോകേണ്ടിയിരുന്നത് വിദേശകാര്യ മന്ത്രാലയത്തില്‍ തന്നെയാണ്.
കോണ്‍സുലേറ്റിനു സംസ്ഥാനങ്ങള്‍ നല്കുന്ന സൗജന്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാകണമെന്നു നിഷ്കര്‍ഷയുണ്ട്. ഈ സൗകര്യങ്ങള്‍ നമ്മുടെ ഓഫിസുകള്‍ക്ക് അവരുടെ രാജ്യത്തു കിട്ടുന്ന സൗജന്യങ്ങള്‍ക്കു തുല്യമായിരിക്കണം. ഈ നിയമം ലംഘിച്ചു കൊണ്ടാണ് കേരളം കോണ്‍സുലേറ്റിനു പൊലീസ് സുരക്ഷ നല്‍കിയിരിക്കുന്നത്. യുഎഇയില്‍ ഇങ്ങനെയുള്ള സൗകര്യങ്ങള്‍ നമ്മുടെ അംബാസഡര്‍ക്കു പോലും നല്‍കിയിട്ടില്ല.
ഇതുവരെ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ ന്യായവും നിയമപരവുമായിരുന്നു. യുഎഇയുമായി നല്ല ബന്ധം തുടരാനും ഇവിടത്തെ കോണ്‍സുലേറ്റ് തുടര്‍ന്നു പ്രവര്‍ത്തിക്കാനും എല്ലാവരും സഹകരിക്കണം. എന്നാല്‍, കോണ്‍സുലേറ്റ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതു ചൂണ്ടിക്കാട്ടാനും നടപടിയെടുക്കാനുമുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നതും വിസ്മരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: