ലണ്ടന്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ രാജ്യത്തു നിരോധിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്ട്രൈക്ക് കൊള്ളേണ്ടടത്തു തന്നെ കൊണ്ടു. ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 600 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ലോകത്ത് ആകെയുള്ള ഉപയോക്താക്കളില്‍ 30 ശതമാനത്തോളം ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്കു പിന്നാലെ യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ടിക് ടോക്ക് നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ചൈനയെ പൂര്‍ണമായും ഒഴിവാക്കിയാലേ ആപ്പിനു ഇനി നിലനില്‍പ്പുള്ളൂ. ഇതേത്തുടര്‍ന്ന് ചൈനീസ് ആപ്പ് എന്ന ദുഷ്പേര് ഒഴിവാക്കാന്‍ ടിക് ടോക്ക് തങ്ങളുടെ ആസ്ഥാനം ചൈനയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് മാറ്റുന്നു. ആപ്പിന്റെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനാണ് ടിക് ടോക്ക് അധികൃതര്‍ ശ്രമിക്കുന്നത്.
ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക് ഇപ്പോള്‍. ഈ വര്‍ഷം ആദ്യമാണ് ടിക്ടോക് കലിഫോര്‍ണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാള്‍ട്ട് ഡിസ്നിയുടെ കോ എക്സിക്യൂട്ടീവായ കെവിന് മേയറെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ച് വന്‍ വിപുലീകരണത്തിന് ടിക്ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ചത്.
ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഡിജിറ്റല്‍ സ്ട്രൈക് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തെ ദേശീയപാതാ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ 4ജി നവീകരണ കരാറുകള്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും റദ്ദാക്കി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നല്കിയ കടുത്ത സന്ദേശമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: