കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പാനൂര്‍ പാലത്തായിയില്‍ അധ്യാപകനെ കേസില്‍പ്പെടുത്തിയതിന് പിന്നില്‍ മതതീവ്രവാദികളുടെ ഗൂഢാലോചന നടന്നതിന് കൂടുതല്‍ സൂചനകള്‍. പീഡനത്തിന് ഇരയായതായി പറയപ്പെടുന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ ക്ഷേത്രവും പൂജയും പ്രസാദവും സംബന്ധിച്ച പരാമര്‍ശങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പരാതിക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായ സംശയം ബലപ്പെടുന്നത്. കത്വ മോഡല്‍ പീഡനമാണ് നടന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണുണ്ടായത്. പ്രതിചേര്‍ക്കപ്പെട്ട പത്മരാജന് കുട്ടിയെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജ നടത്തി പ്രസാദം വാങ്ങിയ ശേഷം പീഡിപ്പിച്ചുവെന്ന് മൊഴി നല്‍കിയതായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
പന്ത്രണ്ടര മണിക്ക് തുറക്കുന്ന ക്ഷേത്രങ്ങള്‍ ഒന്നും കണ്ണൂര്‍ ജില്ലയിലില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐജി ശ്രീജിത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ക്ഷേത്രത്തിലെത്തുന്നതിനു മുമ്പ് ഹോട്ടലില്‍ കയറിയെന്ന് പറയുന്നെങ്കിലും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ പത്മരാജനോ കുട്ടിയോ വന്നതായി കാണാനില്ല. ഇതാണ് അന്വേഷണ സംഘത്തിന് മൊഴിയില്‍ സംശയം തോന്നാന്‍ കാരണം. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം തന്നെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം ക്ഷേത്രത്തില്‍ വച്ചാണെന്ന് ആരോപിച്ച് കേരളത്തില്‍ മതതീവ്രവാദ സംഘടനകളും സിപിഎമ്മും വലിയ ചര്‍ച്ചയാക്കിയിരുന്നു. അതിന്റെ പേരില്‍ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും വാട്സ്ആപ്പ് ഹര്‍ത്താല്‍ വരെയുണ്ടായി. ഇത്തരമൊരു മൊഴി നല്‍കുന്നതിലൂടെ ഇവിടെയും പീഡനത്തെ ക്ഷേത്രവുമായി ബന്ധപ്പെടുത്താന്‍ മനഃപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണമുയരുന്നത്. ഐഎസ് റിക്രൂട്ട്മെന്റ് അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ള സംഘടനയാണ് ഈ ആസൂത്രണം നടത്തിയതെന്നും സൂചനയുണ്ട്.
എഫ്ഐആറില്‍ ജനുവരി നാലു മുതല്‍ 14 വരെ പല ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് മൊഴി. എന്നാല്‍, ഈ ദിവസങ്ങളില്‍ സഹോദരിയുടെ ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പത്മരാജന് മാസ്റ്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായിരുന്നതിന് സിഡിആറും സെക്യൂരിറ്റി പാസും ജീവനക്കാരുടെ മൊഴിയും ഉള്‍പ്പെടെ തെളിവുകളുള്ളതിനാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിചേര്‍ക്കപ്പെട്ട പത്മരാജന് സിഎഎയെ അനുകൂലിച്ചു സംസാരിച്ചതാണ് പോക്സോ കേസില്‍ കുടുക്കാന്‍ കാരണമായതെന്ന് പീഡനാരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ ഭാര്യ ഡിജിപിക്ക് നല്കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: