ജന്മഭൂമി വായനക്കാര്‍ക്ക് സുപരിചിതനായ ടി. സതീശന് അയച്ച ഒരു കുറിപ്പ് എന്നെ ഏറെ ചിന്തിപ്പിക്കുകയുണ്ടായി. ജൂണ്‍ 28 ന്റെ സംഘപഥത്തില്‍ കണ്ട രണ്ടു പരാമര്‍ശങ്ങളിലെ പിശക് തീര്‍ച്ചയായും അക്ഷന്തവ്യം തന്നെയാണ്. 1975 ജൂണ്‍ 26 ന് എളമക്കരയിലെ പ്രാന്ത കാര്യാലയത്തിന്റെ ഗൃഹപ്രവേശത്തിന് എത്തിയവരില്‍ ആലപ്പുഴയിലെ ഡി. നാരായണ പൈ പ്രാന്തകാര്യവാഹ് എന്ന് പരാമര്‍ശിച്ചത് പിശകാണ്. അന്നു ടി.വി. അനന്തനായിരുന്നു ആ സ്ഥാനം വഹിച്ചത്. രണ്ടാമത്തെ പിശക് കേരളത്തില്‍ അടിയന്തരാവസ്ഥയുടെ പേരില്‍ ആദ്യത്തെ അറസ്റ്റ് ജൂലൈ രണ്ടിനല്ല ജൂണ്‍ 29 ന് എറണാകുളത്ത് മോഹന്‍ജി, കുട്ടുസാര്‍ എന്നു വിളിച്ചിരുന്ന രാമന് കുട്ടി, വിദ്യാര്‍ത്ഥി പരിഷത് പ്രചാരകനായിരുന്ന കെ.ജി. വേണുഗോപാല്‍ എന്നിവരുടെതായിരുന്നുവെന്ന് സതീശന് അറിയിച്ചിരിക്കുന്നു. ജന്മഭൂമിയില് ഒരു കത്തിലൂടെ തിരുത്തുകയല്ല ചെയ്തത്. അദ്ദേഹത്തോടാണ് പലപ്പോഴും തീയതികളെയും വ്യക്തികളുടെ വിവരങ്ങളെയും കുറിച്ച് ഞാന്‍ സംശയം തീര്‍ക്കാറ്.
1975 ജൂണ്‍ 28 ന് ഞാന്‍ എളമക്കരയിലെ കാര്യാലയത്തില്‍ തന്നെയാണ് താമസിച്ചത്. എന്റെ ശയ്യ്യോപകരണങ്ങള് അവിടെയുണ്ടായിരുന്നത് കൊണ്ടുപോയത് പിറ്റേന്ന് രാവിലെയാണ്. കുട്ടുസാര്‍ വിളമ്പിയ ഭക്ഷണവും അന്നു കഴിച്ചു. രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട്ട് ജനസംഘത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍ അതിന്റെ വ്യവസ്ഥകള്‍ നോക്കേണ്ടിയിരുന്നു. കൂടാതെ ജന്മഭൂമി സായാഹ്നപ്പതിപ്പ് ഓരോ ദിവസവും പുറത്തിറക്കാനുള്ള ഏര്‍പ്പാടുകളില്‍ സഹായിക്കേണ്ടിയുമിരുന്നു. രണ്ടാം തീയതി ജനസംഘം സംസ്ഥാന ഭാരവാഹികളില്‍ പരമേശ്വര്‍ജി, കെ.ജി. മാരാര്‍, രാമന്‍പിള്ള, ഓ. രാജഗോപാല്‍ എന്നിവരോടൊപ്പം ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പരിപാടി നടത്തുന്നതിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചു. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നവരൊക്കെ സ്വസ്ഥാനങ്ങളില്‍നിന്നു തിരിച്ചിരിക്കും. നേതാക്കന്മാര്ക്കു താമസ വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ ഏതാനും പേരെ ചുമതലപ്പെടുത്തിയ ശേഷം ഞാന്‍ താമസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജില്‍ പോയി. അര്‍ദ്ധരാത്രിയോടെ എന്നെയും, ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെയും കക്കട്ടില്‍ രാമചന്ദ്രന് എന്ന സബ് എഡിറ്ററേയും അറസ്റ്റു ചെയ്തു. ഞാന്‍ നാലുമാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ അവസാനം പുറത്തുവന്നശേഷമേ പുറത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നുള്ളൂ. ചില ജയില്‍ വാര്ഡന്മാര് സ്വയംസേവകരായിരുന്നു. അവരില്‍നിന്ന് അല്‍പ്പം ചിലതൊക്കെ അറിഞ്ഞുവെന്നു മാത്രം. കോടതിയില്‍ പോലീസ് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടു പച്ചക്കള്ളമായിരുന്നു. മോഹന്‍ജിയും വേണുവും മറ്റും 29-ാം തീയതി കലൂരില്‍ അക്രമാസക്ത പ്രകടനം നടത്തിയതിനാണത്രേ അറസ്റ്റു ചെയ്തത്. എന്റെ അറിവില്‍ ജൂലൈ രണ്ടിനേ കേരളത്തില്‍ അറസ്റ്റുതന്നെ നടന്നിട്ടുള്ളൂ. അതായത് ഭാവികാലത്ത് രേഖയിലുണ്ടാവുക ഞാന്‍ ജനറല്‍ പോസ്റ്റോഫീസിന്റെ ഗേറ്റില്‍ മഹാത്മാഗാന്ധി കീ ജയ് എന്നും ഭാരത് മാതാ കീ ജയ് എന്നും എഴുതിവച്ചുവെന്നായിരിക്കും.
രണ്ടു ദിവസം മുന്‍പ് ജന്മഭൂമി വായിച്ചുതന്നെ ധര്‍മടത്തുനിന്നും കുഞ്ഞാപ്പു എന്ന പഴയ സ്വയംസേവകന് വിളിച്ചു. അദ്ദേഹത്തിനു തൊണ്ണൂറു വയസ്സാകാറായി. ഇപ്പോഴും സംഘം മനസ്സില്‍ വെണ്ണീര്മൂടാത്ത കനലായി നില്‍ക്കുന്നുവെന്ന് സംസാരത്തില്‍നിന്നു മനസ്സിലായി. അറുപത് വര്‍ഷം മുന്‍പ് തലശ്ശേരിയില്‍ പ്രചാരകനായി പോയപ്പോള്‍ ധര്‍മടം റെയില്‍വേ സ്റ്റേഷനടുത്തുണ്ടായിരുന്ന ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. തുന്നല്‍ പണിക്കാരനായിരുന്നു. ആ ശാഖയിലെ മറ്റു സ്വയംസേവകരൊക്കെ ബീഡിപ്പണിക്കാരായിരുന്നു. പാലയാട് എന്ന സ്ഥലത്തെ ഗണേശ് ബീഡി കമ്പനിയിലാണവര്‍ പ്രവര്‍ത്തിച്ചത്. അവരില്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്. പത്രം വായിച്ച് വിശകലനമുണ്ട്. മാതൃഭൂമിയും ദേശാഭിമാനിയും ആഴ്ചയിലൊരിക്കല്‍ കേസരിയും പ്രപഞ്ചമെന്ന കമ്യൂണിസ്റ്റ് വാരികയും വായിച്ച് ചര്‍ച്ച നടക്കും. വിദ്യാഭ്യാസം കുറവാണെങ്കിലും അവരില്‍ രാഷ്ട്രീയ പ്രബുദ്ധത തീക്ഷ്ണമായിരുന്നു. അടുത്തു തന്നെയുള്ള ബ്രണ്ണന്‍ കോളജിലെ സ്വയംസേവക വിദ്യാര്‍ത്ഥികളും അവിടെ ചെല്ലുമായിരുന്നു. ഇക്കാലത്തെപ്പോലെ ഓണ്‍ലൈന്‍ ചര്‍ച്ചകളല്ല, സജീവമായ ആശയവിനിമയങ്ങളാണ് നടന്നുവന്നത്.
സംഘസ്ഥാനായി ഉപയോഗിച്ചുവന്നത് സ്റ്റേഷനു സമീപമുള്ള ഒരു തുറന്ന മൈതാനമായിരുന്നു. അതു പ്രാചീനകാലത്തെ ബുദ്ധവിഹാരമായിരുന്നുവെന്നു കുഞ്ഞാപ്പു പറഞ്ഞുതന്നു. ഒന്നു രണ്ട് ബുദ്ധ വിഗ്രഹങ്ങളുടെ കഷണങ്ങളും അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ധര്‍മപട്ടണം ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് ആ പേരുതന്നെ സൂചിപ്പിക്കുന്നുണ്ടല്ലൊ. ചേരമാന്‍ പെരുമാളിന്റെ രണ്ടാം തലസ്ഥാനമായിരുന്ന ധര്മപട്ടണമെന്നു കേട്ടുകേള്‍വിയുണ്ട്. ബ്രണ്ണന്‍ കോളജിന്റെ പിന്‍ഭാഗത്ത് കുന്നിന് നിറുകയില്‍ കോട്ടയുടെ അവശിഷ്ടം അന്നുണ്ടായിരുന്നു. പില്ക്കാലത്ത് ശാഖ നടന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കി അവിടെ ഒരു മുസ്ലിം പള്ളി സ്ഥാപിതമായി. പള്ളിപ്പറമ്പ് കബറിസ്ഥാനുമായി.
ഇവിടെ ശാഖാ ചംക്രമണം ചെയ്തു വല്ലവഴിക്കുമെത്തി. കുഞ്ഞാപ്പു വിളിച്ചത് രാ. വേണുവേട്ടന് മരിച്ച വിവരം പത്രത്തിലൂടെയോ കേസരിയിലൂടെയോ അറിഞ്ഞിട്ടാണ്. പഴയ വിശേഷങ്ങളും കുടുംബകാര്യങ്ങളും കൈമാറിയശേഷം വേണുവേട്ടന്റെ കാര്യം സംസാരിച്ചു തുടങ്ങി. പണ്ട് കണ്ണൂരില്‍ പ്രചാരകനായിരുന്നപ്പോള്‍ ഇടയ്ക്കു തലശ്ശേരിയില്‍ വരുമ്പോള്‍ കാണാറുണ്ടായിരുന്നു. ബിഎംഎസിന്റെ പരിപാടിക്കു വന്നപ്പോഴും കണ്ടു. 1958 ലെ ഓണത്തിന് നാള് പൂജനീയ ഗുരുജിയുടെ പരിപാടി തലശ്ശേരിയിലായിരുന്നു. വി.പി. ജനാര്ദ്ദനന് ജില്ലാ പ്രചാരകനായിരുന്നു. ഗുരുജിക്ക് വിശ്രമിക്കാനും മറ്റുമായി ഗോപാലന് അടിയോടി വക്കീലിന്റെ (പിന്നീട് പ്രാന്ത സംഘചാലക്)വസതിയാണ് നിശ്ചയിച്ചത്. തലശ്ശേരി ടൗണ്‍ ഹാളിലാണ് സാംഘിക് നിശ്ചയിച്ചത്. ഞാന്‍ തലശ്ശേരിയില്‍ എത്തി ആഴ്ചകളെ ആയിരുന്നുള്ളൂ. മൊത്തത്തില്‍ അവിടത്തെ കാലാവസ്ഥയും അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുവന്നിരുന്നില്ല. ടൗണ്‍ഹാളിലെ രക്ഷകവ്യവസ്ഥ ഭംഗിയായിരിക്കണമെന്നും ജനേട്ടന് പറഞ്ഞു. അതിനായി മുതിര്‍ന്ന സ്വയംസേവകരെ പ്രത്യേകം ചുമതലപ്പെടുത്തി.
ടൗണ്‍ഹാളിന്റെ പരിസരങ്ങള്‍ ശരിക്കും ചുവപ്പുകോട്ടയിലായിരുന്നു; ഇന്നത്തെപ്പോലെ തന്നെ. ടൗണ്‍ ഹാള്‍ അന്നു നഗരസഭയില്‍നിന്നു വാങ്ങിയിരുന്നു. പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു. അഞ്ചു മണിക്കു മുന്‍പു തന്നെ സ്വയംസേവകരുടെ സംപദ ഹാളിനകത്ത് ആരംഭിച്ചു. ഗേറ്റില്‍ നാലു രക്ഷകന്മാരെ ദണ്ഡയുമായി നിര്‍ത്തിയിരുന്നു. പരിപാടി ആരംഭിക്കാറായി ഗുരുജിയെത്താന് മിനിട്ടുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മുദ്രാവാക്യങ്ങളും ഗോബാക്ക് വിളികളുമായി സഖാക്കള്‍ സ്റ്റേഷനരികെ നിന്നു പുറപ്പെട്ടു. കുഞ്ഞാപ്പുവായിരുന്നു രക്ഷകത്തലവന്. രാ. വേണുഗോപാല്‍ അപ്പോഴേക്കുമെത്തി. സ്ഥിതിഗതി മനസ്സിലാക്കിയ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തു. ടൗണ്‍ ഹാള്‍ ഗേറ്റില്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ സഖാക്കള്‍ വന്നിരിക്കുന്നു. അവിടെ ബന്തവസ്സ് വേണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ നിന്നുള്ള മറുപടിയിലെ അലംഭാവം കണ്ട് ”നിങ്ങള്‍ വന്നു മാറ്റണോ ഞങ്ങള്‍ തന്നെ മാറ്റണോ?” എന്നു വേണുവേട്ടന് അന്വേഷിച്ചു. നിങ്ങള്‍ ഒന്നും ചെയ്യരുത് ഞങ്ങള്‍ ദാ എത്തി എന്നുപറഞ്ഞ് അഞ്ച് മിനിട്ടിനുള്ളില്‍ പോലീസ് പാര്‍ട്ടി എത്തി ശല്യക്കാരെ പറഞ്ഞുവിട്ടു.
വേണുവേട്ടനെക്കുറിച്ചുള്ള കുഞ്ഞാപ്പുവിന്റെ മായാത്ത സ്മരണകള്‍ തെളിഞ്ഞു നില്‍ക്കുന്നതങ്ങനെയാണ്. പരിപാടി കഴിഞ്ഞ് അടിയോടി വക്കീലിന്റെ വീട്ടില്‍ വച്ച്, എന്തായിരുന്നു പുറത്തുനടന്നത് എന്ന് ഗുരുജി അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധ അവിടെയും എത്തിയെന്ന് ജനേട്ടനും വേണുവേട്ടനും ദത്താജിയും മറ്റുമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: