കണ്ണൂർ: കോല്‍ക്കളിയില്‍ ചരടുകളെ കോര്‍ത്തിണക്കി തീര്‍ക്കുന്ന വിസ്മയങ്ങള്‍ പോലെ പയ്യന്നൂരിലെ നാട്ടുകൂട്ടത്തെ കോര്‍ത്തിണക്കി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ പയ്യന്നൂര്‍ കോല്‍ക്കളി വീണ്ടും അംഗീകാര നിറവില്‍. ഫോക് ലോര്‍ അക്കാദമി പ്രഥമ ഡോക്യുമെന്ററി പുരസ്‌കാരമാണ് കോല്‍ക്കളിച്ചുവടിലൂടെ വീണ്ടും പയ്യന്നൂരിന്റെ മണ്ണിലേക്കെത്തിയത്.
കോല്‍ക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങി പയ്യന്നൂര്‍ ദേശത്തിന്റെ സ്പന്ദനമായി കോല്‍ക്കളി മാറിയ സമഗ്ര വിവരണമായ ഒരു ദേശത്തിന്റെ കല എന്ന ഡോക്യുമെന്ററിയാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രശസ്ത ചലചിത്ര സംവിധായകനും പയ്യന്നൂര്‍ സ്വദേശിയുമായ സുരേഷ് പൊതുവാളാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. മറ്റ് നാടുകളിലെയും വിഭാഗങ്ങളിലെയും കോല്‍ക്കളിയില്‍ നിന്നും പയ്യന്നൂര്‍ കോല്‍ക്കളി എങ്ങിനെ വ്യത്യസ്തമായെന്നും ഈ കലാരൂപം നാട്ടുകൂട്ടായ്‌മക്ക് എങ്ങിനെ കാരണമായി എന്നതുള്‍പ്പടെ പയ്യന്നൂരിന്റെ ചരിത്രത്തില്‍ കൂടിയുള്ള യാത്ര കൂടിയാണ് ഒരു ദേശത്തിന്റെ കല.
പയ്യന്നൂര്‍ കോല്‍ക്കളിയുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ച് കോല്‍ക്കളിയുടെ ഉത്ഭവവും ചരിത്രവും പുരാവൃത്തവും തേടി മൂന്നു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ദേശത്തിന്റെ കല ജനിക്കുന്നത്. കോല്‍ക്കളി രംഗത്തെ അതികായന്മാരുടെ അനുഭവങ്ങളും കാവും കളരികളുമായുള്ള ബന്ധവും മാത്രമല്ല, ഇ രംഗത്ത് ചരിത്രം സൃഷ്ടിച്ചു കൊണ്ട് പെണ്‍കുട്ടികളുടെ കടന്നു വരവും, സാമൂഹ്യ രാഷ്‌ട്രീയ രംഗത്ത് ഒരുകലാരൂപത്തിന് എത്രത്തോളം സ്വാധീനം ചെലുത്താമെന്നതും കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട് സുരേഷ് പൊതുവാള്‍.
ഒപ്പം കലോത്സവ വേദികളില്‍ തിരശ്ശീലയ്‌ക്കു പിന്നിലേക്ക് മറഞ്ഞു പോയ ഇ കലാരൂപം നേരിടുന്ന സമകാലീന പ്രശ്‌നങ്ങളെയും ദേശത്തിന്റെ കലയിലൂടെ എടുത്തുകാട്ടുന്നുണ്ട്. പഴമക്കാരുടെ വാമൊഴികളിലൂടെയും പുസ്തകത്താളുകളിലും മാത്രം അറിഞ്ഞിരുന്ന കലയുടെ കഥ ദൃശ്യാവിഷ്‌കാരമായപ്പോള്‍ അതിനെ നാടന്‍ കലാരംഗത്തെ പ്രഥമ പുരസ്‌കാരവും തേടിയെത്തി. കേരള ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുള്‍പ്പെടെ ഈ ഡോക്യുമെന്ററിക്ക് ലഭിക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ പുരസ്‌കാരമാണിത്.
ഹാപ്പിഹോമിന്റെ ബാനറില്‍ പരേതനായ സുധാകരന്‍ കണ്ടോത്ത് ആണ് ‘ഒരു ദേശത്തിന്റെ കല’ നിര്‍മ്മിച്ചത്. സംവിധായകന്‍ സുരേഷ് പൊതുവാള്‍ തന്നെയാണ് ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചതും ശബ്ദം നല്‍കിയതും.
പ്രശസ്ത ചിത്രകാരന്‍ ബാലന്‍ പാലായി വരച്ച രേഖാചിത്രങ്ങളിലൂടെയാണ് കോല്‍ക്കളിയുടെ ഭൂതകാലം തെളിയുന്നത്. പയ്യന്നൂര്‍ കോല്‍ക്കളിയുടെ സമഗ്ര വിവരങ്ങളും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം ഒന്നര മണിക്കൂറാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: