കൊട്ടാരക്കര: നെടുവത്തൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇടതുമുന്നണി ഇടയുന്നു. ബാങ്ക് സെക്രട്ടറിയെയും അവണൂര്‍ ശാഖാ മാനേജരെയും സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ ഭരണസമിതിയില്‍ നിന്നും സിപിഎം അംഗങ്ങള്‍ രാജിവയ്‌ക്കും. പതിനൊന്നംഗ ഭരണസമിതിയില്‍ സിപിഐയ്‌ക്ക് ആറും സിപിഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കല്ലേലി ശാഖയുടെ മാനേജരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകനാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍. സിപിഐയുടെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് ബാങ്ക് സെക്രട്ടറി. മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അവണൂര്‍ ശാഖയുടെ മാനേജര്‍. സിപിഎമ്മുകാരനെതിരെ നടപടി എടുത്തിട്ടും സിപിഐക്കാരായ സെക്രട്ടറിയെയും മാനേജരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ മടിക്കുന്നതാണ് മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളില്‍ സെക്രട്ടറിയെയും അവണൂര്‍ ശാഖാ മാനേജരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സിപിഎം മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശം. ഇത് പാലിക്കപ്പെട്ടില്ലെങ്കില്‍ ഭരണസമിതിയില്‍ നിന്നും സിപിഎം പിന്‍വാങ്ങും. അതോടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടാകും.
ബാങ്കിന്റെ സെക്രട്ടറിയെ മാത്രം സസ്‌പെന്‍ഡ് ചെയ്യാമെന്നും അവണൂര്‍ ശാഖയുടെ മാനേജര്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കാമെന്നും ചില ധാരണയുണ്ടാക്കിയെങ്കിലും ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല. അവണൂര്‍ ശാഖാ മാനേജര്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുന്നതിനെ സി.പി.ഐയിലെ ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്.
അവണൂര്‍ ശാഖയില്‍ നിത്യപിരിവ് വായ്പയിലും സ്ഥിര നിക്ഷേപത്തിലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആ നിലയില്‍ ക്രമക്കേട് നടത്തിയ എല്ലാവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് പൊതു ആവശ്യം.
ബിജെപി ശക്തമായ സമരപരിപാടികളുമായി രംഗത്ത് വന്നതിനാല്‍ ക്രമക്കേടുകള്‍ മൂടിവയ്‌ക്കാനുള്ള നീക്കവും പൊളിഞ്ഞു. സഹകരണ ബാങ്ക് വിഷയത്തില്‍ മുന്നണിയില്‍ തെറ്റലുണ്ടായാല്‍ അത് വരാന്‍പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: