കൊല്ലം: സംസ്ഥാനത്തെ 14,600 സ്കൂള്‍ പാചകതൊഴിലാളികള്‍ക്കും സമാശ്വാസധനസഹായം ലഭിച്ചുതുടങ്ങി. കോവിഡ് കൂടിയായതോടെ ഇവര്‍ കടുത്ത പട്ടിണിയിലാണെന്ന വിവരം ജന്മഭൂമിയാണ് ജൂലൈ 6ന് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കാരണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജീവിക്കാന്‍പോലും നിവര്‍ത്തിയില്ലായിരുന്നു. താല്‍ക്കാലികമായി സര്‍ക്കാര്‍ തുടക്കമിട്ട ഓണ്‍ലൈന്‍ പഠനം വ്യാപകമാക്കുകയും ചെയ്തതോടെ ഉപജീവനം തീര്‍ത്തും വഴിമുട്ടിയ നിലയിലായി. സംസ്ഥാനത്തെ 12,700 സര്‍ക്കാര്‍ സ്കൂളുകളിലായാണ് ഇത്രയും തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകതൊഴിലാളി എന്ന നിലയിലാണ് ഇപ്പോള്‍ സംവിധാനം. 95 ശതമാനം പേരും സ്ത്രീകളാണ്.
കൊറോണക്കാലത്തെ സമാശ്വാസവേതനമായി പ്രഖ്യാപിച്ചത് ഏപ്രില്‍, മേയ് മാസങ്ങളിലായി 2000 രൂപ വീതമാണ്. മിക്കവര്‍ക്കും ഇത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ മാത്രമാണ് പലര്‍ക്കും ഇതുപകരിച്ചത്. എത്രയും വേഗം 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെയുള്ള വേതനകുടിശിക നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം സമാശ്വാസവിതരണം ജൂണ്‍-ജൂലൈ മാസങ്ങളിലും തുടര്‍ന്നും ലഭ്യമാക്കണമെന്നും പറയുന്നു.
തൊഴില്‍നഷ്ടത്തിന്റെ സാഹചര്യത്തിലും ഓണം അടുത്തുവരുന്നതിനാലും സാമ്പത്തികപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും ഇതുസംബന്ധിച്ച നിവേദനങ്ങളും നല്‍കാനൊരുങ്ങുകയാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: