തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കടുത്ത വിമര്‍ശനം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് രോഷമുയര്‍ന്നതോടെ കുറ്റമെല്ലാം ഇതുവരെ തന്റെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ ചാരി തലയൂരാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.
മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞുവെന്നും ഉദ്യോഗസ്ഥരെ നിലയ്‌ക്കു നിര്‍ത്താനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനോ പോലും മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കൊറോണ പ്രതിരോധത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ച മികച്ച പ്രതിച്ഛായയ്‌ക്ക് സ്വര്‍ണക്കടത്തു കേസ് മങ്ങലേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവാണ് എല്ലാത്തിനും കാരണം. എല്ലാ കാര്യങ്ങളും വളരെ ഗൗരവമായി കാണുന്ന മുഖ്യമന്ത്രിക്കു സ്വന്തം ഓഫീസിലെ കാര്യത്തില്‍ ഗൗരവക്കുറവുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പതിവിനു വിപരീതമായി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടായ ബന്ധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്കു കോട്ടം വരുത്തിയെന്ന് വിലയിരുത്തി. ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശരിയായി മനസിലാക്കുന്നതിലും മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ഇനിയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനം പാര്‍ട്ടി ഗൗരവമായി പരിശോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആമുഖ പ്രഭാഷണം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവാദത്തില്‍പ്പെട്ടതു സര്‍ക്കാരിനു കനത്ത തിരിച്ചടിയായെന്നും കോടിയേരി പറഞ്ഞു. ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ഇത്തരം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിക്കും പിഴവുപറ്റിയെന്നു വേണം കരുതാനെന്നും കോടിയേരി തുറന്നടിച്ചു.
കുറ്റം സമ്മതിച്ച് പിണറായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചു. ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതില്‍ തനിക്കു ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച അദ്ദേഹം ശിവശങ്കറിന്റെ മറ്റ് ബന്ധങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും പറഞ്ഞു. എന്തും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനായിരുന്നു എം. ശിവശങ്കര്‍. അദ്ദേഹത്തിന്റെ മറ്റു ബന്ധങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് തനിക്ക് ഒരു റിപ്പോര്‍ട്ടും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: