കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍. എന്‍ഐഎ അന്വേഷണത്തിനെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. മുസ്ലിം ലീഗ്, ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് പ്രത്യക്ഷത്തില്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. ഐഎസ് റിക്രൂട്ട്മെന്റില്‍ പ്രതിസ്ഥാനത്തുള്ള തീവ്ര സംഘടനകളുടെ അനുയായികളും ‘ഇസ്ലാമോഫോബിയ’ ആരോപിച്ച് പ്രചാരണത്തില്‍ സജീവമാണ്. മുസ്ലിം ലീഗിലെ ‘ലിബറല്‍ മുഖ’മെന്ന് വിശേഷണമുള്ള കെ.എം. ഷാജിയാണ് മതവാദവുമായി ആദ്യം രംഗത്തുവന്നത്.
അഴിമതിയും കള്ളക്കടത്തും കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന കുറ്റിയാണ് മുസ്ലിം സമുദായമെന്നും ഇത് ഇസ്ലാമോഫോബിയയും വംശീയതയും ആണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജി ആരോപിച്ചു. സ്വര്‍ണക്കടത്തെന്ന് പറഞ്ഞാല്‍ അതില്‍ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പണിയെടുക്കാന്‍ ആളു കൂടും. സഖാക്കളും സംഘാക്കളും കേരളത്തില്‍ ഇസ്ലാമോഫോബിയ വിളയിച്ചെടുക്കുകയാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.
ഇസ്ലാമിക രാജ്യം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി പോസ്റ്റര്‍ ഇറക്കിയാണ് പ്രചാരണം. യുഎപിഎയും എന്‍ഐഎയും വരുന്നത് കള്ളക്കഥകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വാദം. എല്ലാ കേസുകളിലും നിരപരാധികളെ കുടുക്കാനുള്ള കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് എന്‍ഐഎ ചെയ്യുന്നത്.
നിലവിലുള്ള വകുപ്പുകള്‍ ഉപയോഗിച്ച് സിബിഐ അന്വേഷണം നടത്താവുന്നതാണ്. സ്വര്‍ണക്കടത്തിലെ എന്‍ഐഎ അന്വേഷണത്തെ പ്രതിരോധിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ നിഷ്കളങ്കനായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ ‘മീഡിയ വണ്‍’ വാര്‍ത്ത നല്‍കിയിരുന്നു. താന്‍ നിരപരാധിയാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഫൈസല്‍ ‘എക്സ്ക്ലുസീവായി’ ചാനലിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് മുസ്ലിങ്ങളെ വേട്ടയാടുന്നതായ ഇരവാദം ശക്തിപ്പെട്ടത്.
ഫൈസലിന്റെ പാസ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇയാളുടെ മാധ്യമ സുഹൃത്തുക്കളെ കുറിച്ചും എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധമില്ലെന്നും നികുതി വെട്ടിപ്പ് മാത്രമാണെന്നും വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ട്. ജമാ അത്തെ ഇസ്ലാമി മുഖപത്രമായ ‘മാധ്യമം’ സ്വര്‍ണം ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് കടത്തിയതെന്നും തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായതായി ഇന്നലെ വാര്‍ത്ത നല്കി. സംഘടനകള്‍ക്ക് പുറത്തുള്ള ഇടത്-മുസ്ലിം തീവ്രനിലപാട് പുലര്‍ത്തുന്നവരും ഇരവാദം ഏറ്റുപിടിച്ചിട്ടുണ്ട്. ‘ഒരു മുസ്ലിം ലിങ്ക് ഉണ്ടാക്കി എന്‍ഐഎ ഈ കേസ് കൊണ്ടുപോയി കെട്ടു’മെന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനായ അബ്ജോത് വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
കേസ് എന്‍ഐഎ ഏറ്റെടുക്കുകയും അന്വേഷണം ഫൈസല്‍ ഫരീദിലെത്തുകയും ചെയ്തതോടെയാണ് പ്രചാരണം തുടങ്ങിയത്. രാജ്യത്തെ അനധികൃത സ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും കേരളത്തിലാണെങ്കിലും ആദ്യമായാണ് തീവ്രവാദ ബന്ധം അന്വേഷണ പരിധിയില്‍ വരുന്നത്. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദം ശക്തിപ്പെട്ടതിലെ കാരണങ്ങളില്‍ പ്രധാനം കള്ളക്കടത്ത് പണമാണ്. അറസ്റ്റിലായ ചില പ്രതികള്‍ക്ക് മുസ്ലിം നേതാക്കളുമായുള്ള ബന്ധവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. പതിവിന് വിപരീതമായി അന്വേഷണം ആഴത്തില്‍ നടക്കുന്നത് തിരിച്ചടിയാകുമെന്ന പരിഭ്രാന്തിയാണ് ‘ഒരു മുഴം മുന്‍പേ’ എറിയാന്‍ സംഘടനകളെ പ്രേരിപ്പിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് പിന്തുടര്ന്ന് കോണ്‍ഗ്രസ് സിബിഐ അന്വേഷണത്തില്‍ ഉറച്ചുനില്‍ക്കുന്നതും ശ്രദ്ധേയമാണ്. സ്വര്‍ണക്കടത്ത് കേസില്‍ ലീഗ് പുലര്‍ത്തുന്ന മൃദു സമീപനവും ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: