കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതും ചെങ്കള പഞ്ചായത്തില്‍ സ്ഥിതി രൂക്ഷമാകാന്‍ ഇടയാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പഞ്ചായത്തിലിപ്പോള്‍ ആരാണ് രോഗിയെന്നോ ആരൊക്കെയാണ് ഇവരുമായി സമ്പര്‍ക്കം പുലര്ത്തിയതെന്നോ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും തനിക്ക് മുന്നിലുള്ള എല്ലാവരും കോവിഡ് രോഗികളാണെന്ന രീതിയില്‍ പെരുമാറേണ്ട അത്യന്തം സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും ചെങ്കള കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെമീമ തന്‍വീര്‍ പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ കഴിയണം. ഒരുമാസമെങ്കിലും ഈ ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ എല്ലാവരിലേക്കും രോഗം പടരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ഒരു മരണവീടുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തില്‍ കോവിഡ് വ്യാപനം കൂടുതലായും ഉണ്ടായത്. മരണവീട്ടിലെത്തിയ നിരവധി പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവരും അവരുടെ ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍പെട്ടവരും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് പരിശോധനയ്ക്ക് വിധേയയാകണമെന്ന് ഡോ.ഷെമീമ തന്‍വീര്‍ അറിയിച്ചു. പൊതുചടങ്ങുകളും ജനങ്ങള്‍ കൂട്ടംകൂടി നില്ക്കുന്നതും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ സ്ഥിതി ഗുരുതരമാകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്കി.
ചെങ്കള പഞ്ചായത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു ജനപ്രതിനിധിയും ഉള്‍പ്പെടുന്നുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ട ഒരു രോഗിയെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇദ്ദേഹത്തിനൊപ്പം സഞ്ചരിച്ചയാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം ജനപ്രതിനിധി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
സഹകരണാശുപത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 10ന് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെങ്കള പഞ്ചായത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പതിലേറെ പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: