ഈശ്വരന് മനുഷ്യരിലേക്കിറങ്ങുന്നത് ഒരത്ഭുതമല്ല. മനുഷ്യന് ഈശ്വരനോളം ഉയരുകയാണ് മഹത്തരം. അതിന് പ്രാപ്തവും ജ്ഞാനിയുമാക്കലാണ് രാമായണപാരായണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിഹാസത്തിലെ ശ്രീരാമന് ഒരു വ്യക്തിയല്ല. പരമമായ തത്വമാണ്. സാധാരണ മനുഷ്യര്‍ക്ക് ദുര്‍ഗ്രഹമായ് തോന്നിയേക്കാവുന്ന വേദാന്തതത്വം അവര്‍ക്ക് കൂടി കരഗതമാകാന്‍ പ്രതീകാത്മകഥനത്തിലൂടെ മനുഷ്യരായും മനുഷ്യാനുബന്ധപ്രകാരമായും വാല്മീകി മഹര്‍ഷി കാവ്യമായ് അവതരിപ്പിച്ചിരിക്കുകയാണ് രാമായണത്തിലൂടെ. ഇതിനാസ്പദമായ സംഭവങ്ങള്‍ ഭൂമിയില്‍ നടന്നോ ഇല്ലയോ എന്ന് അതിശയോക്തി പെടേണ്ടതില്ല. ഭാവനയേക്കാള്‍ വലുത് ഇവിടെ നടന്നിട്ടുണ്ട്. ഇനി നടക്കാനും സാധ്യത. യുഗങ്ങള്‍ക്കനുസരിച്ച് പ്രകൃതിയും സന്ധാരണവും മാറിക്കൊണ്ടിരിക്കും. പണ്ട് പണ്ട് സംഭവിച്ചതെല്ലാം അത്ഭുതവും അവിശ്വസനീയവുമായ് തോന്നുന്നതതുകൊണ്ടാണ്.
രാമായണതത്വത്തെ ഒരാള്‍ക്ക് യഥാവിധം ഗ്രഹിപ്പാന്‍ കഴിഞ്ഞാല്‍ അതുകൊണ്ടു തന്നെ ജന്മം സഫലമായി തീരുന്നു. പല ജന്മത്തില് ആര്‍ജിച്ച സുകൃതം വഴി ദുരിതം നശിച്ച പുണ്യാത്മാവായ ഒരാള്‍ക്ക് ഭാഗ്യകാലത്ത് മാത്രമേ രാമതത്വാന്വേഷണവും അറിവും ഉണ്ടായിത്തീരൂവെന്ന് ശ്രീ പരമേശ്വരന് പാര്‍വതീദേവിയോട് പറയുന്നു. പരമമായ ജ്ഞാനത്തിലെത്താനുള്ള മാര്‍ഗ്ഗങ്ങളാണ് രാമായണഗാഥ മുഴുവന്‍. ജലാശയത്തില്‍ കാണുന്ന ആകാശം യഥാര്‍ത്ഥ ആകാശമല്ല. അത് പ്രതിബിംബം മാത്രമാണ്. പക്ഷെ അജ്ഞാനികള്‍ അത് ആകാശമായ് തെറ്റിദ്ധരിക്കുന്നു. ഇതുപോലെയാണ് ജ്ഞാനത്തിന്റെയും ബോധോദയത്തിന്റെയും കാര്യത്തില്‍ സമകാലികഭൂരിഭാഗവും. മനുഷ്യമനസ്സിലെ സത്യവും അസത്യവും, ധര്‍മ്മവും അധര്‍മ്മവും, മമതയും നിര്‍മമതയും, പൊരുളും വ്യഥയുമൊക്കെയാണ് രാമസീതാരാവണഹനുമാനാദികളിലൂടെ ആദികവി ചിത്രീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ ദുഷ്ടതകളും അധര്‍മ്മങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ജീവികളുടെ മനം തപിക്കാനിടയാക്കുന്നു. ഈ തപം ആദ്ധ്യാത്മികതയിലും ഭക്തിയിലും അധിഷ്ഠിതമായാല്‍ അധിഭൂതമായ ഭൂമിയേയും അധിദൈവമായ ബ്രഹ്മദേവനേയും ബാധിക്കുന്നു. അവതാരപ്പിറവികളുടെ ആധാരം ഇതത്രെ!
തന്റെ തന്നെ വരപ്രസാദം കൊണ്ട് അജയ്യനായി മൂന്ന് ലോകത്തെയും വിറപ്പിക്കുന്ന രാവണനെ നിഗ്രഹിക്കാന്‍ ബ്രഹ്മദേവന് മഹാവിഷ്ണുവിനോടഭ്യര്ത്ഥിക്കുന്നതില് നിന്ന് ശ്രീരാമന്റെ ജന്മചോദന ആരംഭിക്കുന്നു. ബ്രഹ്മാവ് നല്കിയ വരപ്രകാരം ദേവനില്‍ നിന്നോ അസുരനില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ (മനുഷ്യേതരമായ ഒന്നില്‍ നിന്നും) രാവണനാപത്തുണ്ടാകാന് പാടില്ല. ദുര്‍ബ്ബലരായ മനുഷ്യരെ നിസ്സാരമായ് കാണുന്നതി
നാല് ആ വഴിയ്ക്ക് തനിക്കാപത്തുണ്ടാവില്ലായെന്ന് രാവണനുറപ്പിക്കുന്നു. ഈ കഥകളില്‍ നിന്ന് മനസ്സിലാക്കേണ്ടത് പരിപൂര്‍ണമായ ഒരു സൃഷ്ടിയും ജഗത്തില്‍ സാധ്യമാവില്ല എന്നാണ്. പ്രകൃതി സിദ്ധാന്തപ്രകാരം എന്തെങ്കിലുമൊക്കെ ബലഹീനത ഇല്ലാതെ (നശീകരണത്തിനുള്ള പഴുതുകളില്ലാതെ) ഒന്നും തന്നെ ഭൂമുഖത്ത് സൃഷ്ടിക്കപ്പെടുന്നില്ല. ഇത് മരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല.
രാവണനെ കൊല്ലാന്‍ സാധാരണ മനുഷ്യനായ് ജനിച്ചാല്‍ പോരാ. അസാമാന്യനായിരിക്കണം. എന്നാല്‍ ദേവനായാല്‍ പോലും മനുഷ്യനായ് പിറന്നാല്‍ പരിമിതികളുണ്ടാവണം. ഭഗവാന് പോലും പ്രകൃതി നിയമത്തില്‍ നിന്ന് വിടുതിയില്ല. ഇതിന്
പോംവഴിയായി മഹാവിഷ്ണു രാമന്, ലക്ഷ്മണന്, ഭരതന്, ശത്രുഘ്നന്‍ എന്നീ നാല് സ്വരൂപങ്ങളില്‍ അവതരിച്ച് ബലഹീനതകളില്‍ നിന്ന് ഒരുവിധം മുക്തി നേടുന്നു. ഒരാള്‍ക്കില്ലാത്ത കഴിവ് മറ്റൊരാള്‍ക്കുണ്ട്. മനുഷ്യപരമായ എല്ലാ കഠിനദുരിതങ്ങളുമനുഭവിച്ച് ഒടുവില്‍ തിന്മയുടെ മേല്‍ നന്മ വിജയം നേടുന്നതാണ് ശ്രീരാമജീവിതത്തിന്റെ അഥവാ രാമായണത്തിന്റെ രത്നചുരുക്കം.
പ്രദീപ് പേരശ്ശന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: