തലശ്ശേരി: ദേശിയ പാതയിൽ ജില്ലാ കോടതി മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. അപകടത്തിൽ ടാങ്കറിന്റെ കാബിൻ ചില്ല് തകർന്നു. ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി എൻ.ശിവകുമാറിന് കൈക്ക് പരിക്കേറ്റു.
ഡ്രൈവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. മംഗലാപുരത്തെ റീഫിൽ പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന കെ.എ. Ol എ.ജി.6883 കാപ്സ്യൂൾ ടാങ്കറാണ് ഇന്നലെ രാവിലെ 6.35 ഓടെയാണ് ജില്ലാ കോടതി സ്റ്റോപ്പി നടുത്ത് വശം ചെരിഞ്ഞ് മറിഞ്ഞത്. കോടതിക്കടുത്ത വളവ് കഴിഞ്ഞ് ഓടുന്നതിനിടയിൽ പെട്ടെന്ന് മുന്നിലെത്തിയ വാഹനത്തെ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുവെന്നാണ് ഡ്രൈവർ വെളിപ്പെടുത്തിയത്.
ദേശിയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം ലഭിച്ച ഉടനെ പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് കുതിച്ചെത്തി. ദേശിയ പാതയിലെ വീനസ് ജംഗ്ഷനിലും പഴയ ബസ്സ് സ്റ്റാന്റിനടുത്തും ഗതാഗതം തടഞ്ഞു. കെ.എസ്.ഇ.ബി.യെ വിവരം അറിയിച്ച് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു. പരിസരത്തെ കടകൾ തുറക്കാൻ അനുവദിച്ചില്ല. അപകടസ്ഥലത്ത് പോലീസും അഗ്നിശമന സേനാ ഭടന്മാരും അല്ലാതെ ആരെയും അടുപ്പിച്ചില്ല.
മറിഞ്ഞ ടാങ്കറിൽ പതിനേഴര ടണ്ണോളം പാചകവാതക മുണ്ടായിരുന്നു. ഇതറിഞ്ഞതോടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. ടാങ്കറിൽ നിന്നും പാചകവാതകം ചോരുന്നില്ലെന്നു് ഉറപ്പാക്കിയ ശേഷമാണ് ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചത്. തലശ്ശേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ.കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കണ്ണൂരിൽ നിന്നും മറ്റൊരു യൂനിറ്റിനെയും വിളിച്ചു വരുത്തിയിരുന്നു. തലശ്ശേരി ഡി.വൈ.എസ്.പി.മൂസ്സയുടെ നേതൃത്വത്തിൽ പോലീസും ജാഗരൂകരായി. വാഹനങ്ങളെ വഴി തിരിച്ചുവിട്ടത് കാരണം കുയ്യാലി റോഡിലും മറ്റും മണിക്കുറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വളപട്ടണത്തു നിന്നും ഖലാസികളെ എത്തിച്ചാണ് മറിഞ്ഞ ടാങ്കർ ഉയർത്തി കോഴിക്കോട്ടേക്ക് കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: