തൃശൂര്‍: സിറ്റി പോലീസ് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ പുതിയ പ്രവര്‍ത്തന രീതികളില്‍ പുതുതലമുറ വീണുപോകുന്നതായാണ് സൈബര്‍സെല്‍ പറയുന്നു.
കുറഞ്ഞവിലക്ക് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ പരസ്യം നല്കി, മുന്‍നിര ഓണ്‍ലൈന്‍ സൈറ്റുകളുടെവ്യാജന്മാരിലൂടെ തട്ടിപ്പ് നടത്തുന്നതാണ് പുതിയ രീതി. ഓഫര്കണ്ട് ക്ലിക്ക് ചെയ്യുന്നയാള്‍ പ്രവേശിക്കുന്നത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇ കൊമേഴ്സ് സൈറ്റുകളിലാണ്. ഓഫര്‍ ലഭ്യമാകാന്‍ ലഭിക്കുന്ന ലിങ്കില്‍ കയറുന്ന ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്.ഗുരുവായൂര്‍ സ്വദേശിയായ ബിടെക് ബിരുദധാരിയായ യുവതിയാണ് പോലീസില്‍ പണം നഷ്ടമായതായി പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് പുതിയ തട്ടിപ്പ് രീതി കണ്ടെത്തിയത്.
മൊബൈലില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന ഷെയറിങ്ങ് ആപ്പുകള്‍ ഫോണിലെത്തുന്നതോടെ ഒടിപി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് പോലീസ് പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഗുരുവായൂര്‍ സ്വദേശിനിയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്തു നല്കാനായതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: