കുണ്ടറ: കുടിവെള്ള പൈപ്പുകളില്‍ നിരന്തര ചോര്‍ച്ചയുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ വാട്ടര്‍ അതോറിറ്റി. തൃക്കോവില്‍വട്ടം, നെടുമ്പന, കുണ്ടറ, ഇളമ്പള്ളൂര്‍, കൊറ്റങ്കര പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലാണ് പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും ചോര്‍ച്ചയ്ക്ക് പരിഹാരമുണ്ടാകാത്തത്. ഇതുകാരണം വീട്ടുകാര്‍ക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് പെരുവഴിയില്‍ പാഴാകുന്നത്.
മുഖത്തല തഴുത്തല കുരീപ്പള്ളിയില്‍ പുതുക്കിപ്പണിത റോഡിലും കണ്ണനല്ലൂരിലെ വിവിധ ഭാഗങ്ങളിലുമാണ് കുടിവെള്ളപൈപ്പ് ദിവസങ്ങളായി പൊട്ടിയൊഴുകുന്നത്. വിവരമറിയിച്ചിട്ടും കുടിവെള്ളച്ചോര്‍ച്ച പരിഹരിക്കാന്‍ ജലഅതോറിട്ടി തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടിയൊഴുകുന്നത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്. ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതിപ്രകാരമാണ് ഈ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈപ്പിന് പകരം അടുത്തിടെ പുതിയ ഡിഐ പൈപ്പിട്ടെങ്കിലും ഇപ്പോഴും ജല അതോറിട്ടി ചിലയിടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് പഴയ പൈപ്പിലൂടെയാണ്.
ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ കുണ്ടറ റോഡില്‍നിന്ന് ഇളമ്പള്ളൂര്‍ ക്ഷേത്രത്തിന് സമീപമെത്തുന്ന പൈപ്പാണ് നിരന്തരം പൊട്ടിയൊഴുകുന്നത്. 25 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പൈപ്പ് മാറ്റാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഇതിനു തയ്യാറാകാതെ ജല അതോറിറ്റി രണ്ട് പൈപ്പുകളിലൂടെയും വെള്ളം വിതരണം ചെയ്യുകയാണ്. എസി പൈപ്പ് ഒഴിവാക്കി ജലവിതരണം പൂര്‍ണമായും ഡിഐ പൈപ്പിലൂടെയാക്കിയാലെ ഇവിടുത്തെ ചോര്‍ച്ച ഒഴിവാക്കാനാകൂവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: