ഈയിടെ മലയാളത്തില്‍ റിലീസായ സിനിമ സൂഫിസത്തെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടു വന്നിരിക്കുന്നു. സൂഫികള്‍ മലയാളികള്‍ക്ക് അത്ര പരിചിതമായ ഒരു വിഭാഗമാണെന്ന് തോന്നുന്നില്ല. കഥകളിലൂടെയും സിനിമകളിലൂടെയും കിട്ടിയിട്ടുള്ള ചില നിറം പിടിപ്പിച്ച ചിത്രങ്ങളാണ് മിയ്ക്കവരുടേയും മനസ്സില്‍ ഉള്ളത്. ദൈവത്തോടും പരലോകത്തോടും മാന്ത്രിക പ്രണയത്തില്‍ മുഴുകി ഇഹലോക ജീവിതത്തോട് ഉദാസീനത പുലര്‍ത്തുന്ന, സംഗീതവും, നൃത്തവും ജീവിതത്തിന്റെ ഭാഗമായ സ്വതന്ത്ര ജീവികള്‍ എന്നൊക്കെയാണ് ഇവരെ പറ്റി സാമാന്യ ജനങ്ങളുടെ ധാരണ. ഹൈന്ദവ – ഇസ്ലാമിക തത്വചിന്തകളുടെ സമന്വയമായി ഉരുത്തിരിഞ്ഞ ആത്മീയമാര്‍ഗ്ഗം എന്നും കരുതപ്പെടുന്നുണ്ട്. അത്തരം ആശയങ്ങള്‍ക്ക് അനുഗുണമായി ജീവിതം നയിച്ചിരുന്ന ചില വ്യക്തികളെങ്കിലും ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ. എന്നാല്‍ ഇതിനൊരു മറുവശവും ഉണ്ട് എന്നകാര്യം ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സമന്വയത്തിന്റെയും സമാധാനത്തിന്റെയും പ്രചാരകരും ആത്മീയതയുടെ പ്രതീകങ്ങളും ആയി നൂറ്റാണ്ടുകളായി കൊണ്ടാടപ്പെടുന്നവയാണ് സൂഫികളും അവരുടെ സംഗീതവും. വളരെ കൗശലപൂര്‍വ്വം വിപണനം ചെയ്യപ്പെട്ട ഈ സൂഫി ആത്മീയത ഹിന്ദു മുസ്ലീം ഐക്യത്തിന്റെ അടയാളമായി ചോദ്യം ചെയ്യപ്പെടാതെ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. ഇതുപോലുള്ള മറ്റു പല മിഥ്യകളുടെയും കാര്യത്തിലെന്നപോലെ ഇവിടേയും യഥാര്‍ത്ഥ ചരിത്രമാണ് ആദ്യത്തെ ബലിയാട്.
സൂഫികളുടെ ചരിത്രം നമ്മള് പഠിക്കാനുള്ള സമയം വൈകിയിരിക്കുന്നു. ഇന്ത്യയിലേക്കുള്ള അവരുടെ വരവിനെ പറ്റി നിലവിലുള്ള ധാരണകള്‍ പരിശോധിക്കപ്പെടുകയും ഒപ്പം ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങളില്‍ അവര്‍ വഹിച്ച പങ്കിനെ കുറിച്ച് വിശകലനം ചെയ്യപ്പെടുകയും വേണം. ഏറ്റവും പ്രധാനമായി മുസ്ലീം അധിനിവേശ ശക്തികളുടെ കൊള്ളകളും കൂട്ടക്കൊലകളും അരങ്ങേറിയിരുന്നപ്പോള്‍ സൂഫികള്‍ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നത് വിലയിരുത്തപ്പെടണം. നിഷ്ക്കളങ്കരായ ജനങ്ങളെ കൊന്നൊടുക്കിയപ്പോഴും ക്ഷേത്രങ്ങളേയും പട്ടണങ്ങളെയും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തപ്പോഴും അവര്‍ അതിനെ എതിര്‍ത്തിരുന്നോ ? പുരുഷന്മാരേയും സ്ത്രീകളേയും തടവിലാക്കി അടിമകളാക്കുകയും ലൈംഗിക വസ്തുക്കളായി ഉപയോഗിക്കുകയും ചെയ്തിരുന്നപ്പോള്‍ സൂഫികള്‍ അത് വിലക്കിയിരുന്നോ ? ഇന്ത്യന്‍ ചരിത്രത്തിന്റെ വിദ്യാര്‍ഥികള്‍ ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളാണിവയൊക്കെ.
ഇന്ത്യയിലെ പ്രമുഖ സൂഫികള്‍
സൂഫികളില്‍ മിക്കവരും ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയ ഇസ്ലാമിക കൊള്ളസംഘങ്ങളുടെ കൂടെ എത്തിയവരോ മുസ്ലീം അധിനിവേശം പൂര്‍ണ്ണമായതിനെ തുടര്‍ന്ന് എത്തിയവരോ ആണ്. ഏറ്റവും കുറഞ്ഞത് താഴെ പറയുന്ന നാല് സൂഫികള്‍ മുസ്ലീം സൈന്യങ്ങളെ അനുഗമിച്ച് എത്തിയവരാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്ഷേത്രങ്ങളേയും പട്ടണങ്ങളെയും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത മത അധിനിവേശങ്ങളില്‍ നിശബ്ദരായി നോക്കിനിന്നവരാണ് ഏതാണ്ട് എല്ലാ സൂഫി ആചാര്യന്മാരും. ഹിന്ദു ജനസാമാന്യം ആദ്ധ്യാത്മിക പാരമ്പര്യങ്ങളിലും, സിദ്ധന്മാരിലും ഒക്കെ വിശ്വാസമര്‍പ്പിച്ച് ജീവിച്ചിരുന്നവരായിരുന്നു എന്ന വസ്തുതയെ മുതലെടുത്ത് ഇസ്ലാമിലേക്ക് അവരെ ആകര്‍ഷിക്കുക എന്ന പരിപാടിയാണ് സൂഫികള്‍ നടപ്പാക്കിയത്. പരാജയപ്പെട്ട ഹിന്ദു ജനതയ്ക്ക് അവരുടെ മനസ്സിലെ മുറിവുണക്കാനുള്ള ആശ്വാസം ആവശ്യമായിരുന്നു. അതു കൊടുക്കാന്‍ എന്ന ഭാവത്തില്‍ തങ്ങളുടെ ദിവ്യത്വ പരിവേഷം ഉപയോഗപ്പെടുത്തി യുദ്ധം വിജയിച്ചവരുടെ മതത്തിലേക്ക് അവരെ പതിയെ നയിക്കുകയാണ് സൂഫികള്‍ ചെയ്തത്.
ക്വാജ മൊയിനുദ്ദീന്‍ ചിസ്തി പൊതുവര്‍ഷം 1233 ല്‍ ഷിഹാബുദ്ദീന് ഗോറിയുടെ സൈന്യത്തെ അനുഗമിച്ച് അജ്മീരില്‍ എത്തുകയും പിന്നീട് അവിടെ സ്ഥിര താമസമാക്കുകയുമായിരുന്നു.
ക്വാജ കുത്തബുദ്ദീന്‍ 1236 ല്‍ ഷിഹാബുദ്ദീന് ഗോറിയുടെ കൊള്ളസംഘത്തോടൊപ്പം ഡല്‍ഹിയില്‍ എത്തുകയും പിന്നീട് ഇസ്ലാമിനെ പോഷിപ്പിക്കാനായി അവിടെ തങ്ങുകയുമാണുണ്ടായത്.
ഷെയ്ക്ക് ഫാരിദുദീന് 1265 ല്‍ ഇന്നത്തെ പാകിസ്ഥാനില്‍ ഉള്‍പ്പെടുന്ന പത്താനില്‍ എത്തി.
ഹസ്രത്ത് നിസാമുദ്ദീനിലെ ഷെയ്ക്ക് നിസാമുദ്ദീന്‍ ഔലിയ മുസ്ലീം സൈന്യത്തോടൊപ്പം 1335 ല്‍ ദല്‍ഹിയില്‍ എത്തി.
കൂടാതെ, മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സകാരിയ പ്രസിദ്ധ സൂഫിയായ ബാഗ്ദാദിലെ ഷിഹാബുദ്ദീന് സുഹ്രവാര്ദിയെ ഇന്ത്യയിലെ മത പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൊണ്ടു വരികയുമുണ്ടായി. ഹിന്ദുരാജാവ് പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വന്‍തോതിലുള്ള കൊലയും കൊള്ളയും കാരണം രാജ്യം സമ്പൂര്‍ണ്ണ നാശത്തില്‍ കിടന്നിരുന്ന സമയത്തായിരുന്നു ഇത്.
എല്ലാ സൂഫികളേയും പോലെ ഇദ്ദേഹത്തിന്റെയും ജോലി ഹൃദയം തകര്‍ന്നിരുന്ന ജനതയുടെ മുറിവുകളില്‍ ആത്മീയ ഐക്യത്തിന്റെ മരുന്ന് പുരട്ടി അവരെ ക്രമേണ ഇസ്ലാമിലേക്ക് മാറുന്നതിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. ദിവ്യന്മാരായ മഹാത്മാക്കള്‍ എന്ന് കരുതപ്പെടുന്ന ഒരൊറ്റ സൂഫിയും ഒരിയ്ക്കലും അന്ന് നടന്നു കൊണ്ടിരുന്ന നെറികെട്ട മനുഷ്യക്കുരുതിക്കോ, ക്ഷേത്ര ധ്വംസനത്തിനോ, സമനില തെറ്റിയ നശീകരണ പ്രവര്‍ത്തനത്തിനോ എതിരായി ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. എന്തിന് പുരുഷന്മാരേയും സ്ത്രീകളേയും അടിമകളാക്കി ഗസ്നിയിലേയും ബാഗ്ദാദിലേയും ചന്തകളില്‍ വിറ്റിരുന്ന പൈശാചിക സമ്പ്രദായത്തിനെതിരെ പോലും അവരൊന്നും പറഞ്ഞില്ല. ആത്മീയതയുടെ അരികുചേര്‍ന്ന് കഴിയുമ്പോഴും ദുരന്തത്തില്‍ തകര്‍ന്നു കിടന്നിരുന്ന കീഴടക്കിയ ഭൂമിയില്‍ മുസ്ലീം ഭരണാധികാരികളുടെ ആധിപത്യം ഉറപ്പിക്കുവാന്‍, ഭരണകാര്യങ്ങളിലും അവര്‍ ഇടപെട്ടിരുന്നു. പ്രവാചകനും ശരിയത്തും കാണിച്ചു കൊടുത്ത മാര്‍ഗ്ഗം പിന്തുടരുന്നതില് എല്ലാ സുല്ത്താന്മാരെയും അവര്‍ പ്രേരിപ്പിച്ചു.
സൂഫികള്‍ മതേതരര്‍ ആയിരുന്നില്ല
സൂഫികളുടെ ആത്മീയ ദിവ്യാനുഭവ പ്രബോധനങ്ങള്‍ക്ക് വേറൊരു സുപ്രധാന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഹിന്ദുക്കള്‍ സ്വന്തം മാതൃഭൂമിയേയും വിശ്വാസങ്ങളേയും സ്വത്തിനെയും ജീവനേയും രക്ഷിക്കാന്‍ വേണ്ടി ആയുധമെടുക്കുന്നത് തടയുക എന്നതായിരുന്നു അത്. മത സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മുഖം കാണിച്ചായിരുന്നു സൂഫികള്‍ ഇത് സാധിച്ചിരുന്നത്. നാഖഷ്ബന്ദി സൂഫികള്‍ക്ക് ജഹാംഗീറുമായും ഔറംഗസേബുമായും അടുത്ത ബന്ധങ്ങള്‍ ആണ് ഉണ്ടായിരുന്നത്. സിഖ് ഗുരുവായിരുന്ന അര്ജുന് ദേവിനെ ജഹാംഗീര്‍ കൊലചെയ്തത് വലിയൊരു ഇസ്ളാമിക വിജയമായിട്ടാണ് പഞ്ചാബിലെ പ്രശസ്ത നാഖഷ്ബന്ദി സൂഫിയായിരുന്ന അഹ്മദ് സിര്‍ഹിന്ദി (1564 – 1634) വിശേഷിപ്പിച്ചത്. ഹിന്ദുമതവും ഇസ്ലാമും പരസ്പരവിരുദ്ധവും അതുകൊണ്ടു തന്നെ ഒരുമിച്ച് കഴിയാന്‍ സാധിക്കാത്തതുമാണെന്ന് അദ്ദേഹം സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗുരു അര്ജുന് ദേവിന്റെ സുഹൃത്തായിരുന്ന ചിസ്തി സൂഫി മിയാന്‍ മീര്‍ പോലും ജഹാംഗീര്‍ സിഖ് ഗുരുവിനെ തടവിലാക്കി മരണ ശിക്ഷയ്ക്ക് അയയ്ക്കുമ്പോള്‍ സുഹൃത്തിനെതിരേ മുഖം തിരിക്കുകയാണ് ഉണ്ടായത്.
അല്‍ ഖുഷൈരി
സൂഫികളുടെ ‘ഹഖീഖ’ യും ശരിയത്തും തമ്മില്‍ ലക്ഷ്യത്തിന്റെ കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല എന്ന് പതിനൊന്നാം നൂറ്റാണ്ടിലെ പ്രശസ്തനായ സൂഫി അല്‍ ഖുഷൈരി (പൊതുവര്‍ഷം 1072) യാതൊരു സംശയത്തിനും ഇടകൊടുക്കാതെ പ്രഖ്യാപിച്ചത് ഇവിടെ സ്മരണീയമാണ്. മറ്റു മതങ്ങളുടെ മേല്‍ ഇസ്ലാമിന്റെ മേല്‍ക്കോയ്മ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സൂഫികളുടെ ഉറച്ച നിലപാട് അല്‍ ഹുജ്വിരി നിര്‍വചിച്ചിട്ടുണ്ട്. അക്കാര്യത്തിലുള്ള യാതൊരു സംശയത്തിനും അതോടെ ഇടയില്ലാതായി.
സൂഫികളും ഉലേമയും ഇസ്ലാമിക വിശ്വാസത്തിന്റെ രണ്ടു വശങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സൂഫി തത്വചിന്തയില്‍ ഈ നിലപാട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യ മുതല്‍ സ്പെയിന് വരെ ലോകമെമ്പാടും അങ്ങനെ തന്നെയാണ്. ‘അള്ളാഹുവല്ലാതെ വേറെ ദൈവമില്ല’ എന്നതും ‘മുഹമ്മദ് അള്ളാഹുവിന്റെ അന്ത്യ പ്രവാചകനാണ്’ എന്നതും സൂഫികളുടെ ചോദ്യം ചെയ്യപ്പെടാനാകാത്ത നിയമമാണ് എന്ന കാര്യം അല്‍ ഹുജ്വിരി സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സൂഫി വിശ്വാസവും ഉലേമയും ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഇസ്ലാമിക വിശ്വാസത്തിന്റെ രണ്ടു വശങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
സൂഫി വിശ്വാസത്തിന്റെ ആത്മീയ പിതാവ് എന്നറിയപ്പെട്ടിരുന്ന ഒമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ സൂഫി അല്‍ ജുനൈദ് സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട് ‘പ്രവാചകന്റെ കാലടിപ്പാടുകള്‍ പിന്തുടരുന്നവര്‍ക്കല്ലാതെ ആത്മീയ പാതകള്‍ വിലക്കപ്പെട്ടിരിക്കുന്നു’ (സ്രോതസ്: മര്‍ട്ടിന്‍ ലിങ്സ്, വാട്ട് ഇസ് സൂഫിസം, പേജ് 101)
സൂഫികളും മുസ്ലീം നിയമവും
പ്രശസ്തമായ ‘കഷഫ് അല്‍ മഹ്ജുബ്’ (താജ് & കോ, ഡല്‍ഹി, 1982) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ റെയ്നോള്‍ഡ് എ നിക്കോള്‍സണ്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ‘ഒരൊറ്റ സൂഫിയും, അദ്ദേഹം എത്രതന്നെ ആത്മീയത നേടിയ ആളാണെങ്കിലും, മത നിയമങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല’ എന്നാണ്.
യഥാര്‍ത്ഥത്തില്‍ അലി ബിന്‍ അല്‍-ഹുജ്വിരി എഴുതിയ ‘കഷഫ് അല്‍ മഹ്ജുബ്’ എന്ന ഈ ഗ്രന്ഥം സൂഫി ചിന്തയുടെയും ജീവിതത്തിന്റേയും വ്യാകരണം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മിക്ക സൂഫിമാരും, ഈ ഗ്രന്ഥത്തില്‍ നിന്നാണ് സൂഫി ചിന്തകളുടെ പ്രചരണത്തിനുള്ള ആശയങ്ങള്‍ സ്വീകരിക്കാറുള്ളത്. നേരത്തെ പറഞ്ഞതു പോലെ കഷഫ് അല്‍ മഹ്ജുബ്ന്റെ 140 ആം പേജില്‍ അല്‍-ഹുജ്വിരി ഉറക്കെ പ്രഖ്യാപിക്കുന്നത് ‘അല്ലാഹുവല്ലാതെ ദൈവമില്ല, മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകന് എന്നീ വാക്കുകള്‍ തര്‍ക്കമില്ലാത്ത നിയമമമാണ്’ എന്നാണ്.
ഹിന്ദുമതത്തെ കുറിച്ചുള്ള സൂഫി കാഴ്ചപ്പാട്
ഉലേമ എന്താണോ പ്രഭാഷണത്തിലൂടെ നേടാന്‍ ശ്രമിക്കുന്നത്, നമ്മള് അത് നമ്മുടെ പെരുമാറ്റത്തിലൂടെ നേടുന്നു’ എന്ന് ഔലിയ പരസ്യമായി പറയാറുണ്ടായിരുന്ന കാര്യം ‘ഷെയ്ക്ക് നിസാമുദ്ദീന്‍ ഔലിയയുടെ ജീവിതവും കാലഘട്ടവും’ എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ കെ എ നിസാമി പറയുന്നു.
ഉലേമയുടെ നിഷ്ക്കര്‍ഷകളില്‍ ഓരോ മുസ്ലീമിന്റേയും ഓരോ സൂഫിയുടെയും ചോദ്യം ചെയ്യാത്ത അനുസരണ വേണ്ടതാണ് എന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുള്ള ആളായിരുന്നു ഔലിയ.
സൂഫിസത്തില്‍ പണ്ഡിതനായിരുന്ന എസ് എ എ റിസ്വി ‘ഇന്ത്യന്‍ സൂഫിസത്തിന്റെ ചരിത്രം’ എന്ന തന്റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ‘ഖുസ്രാവ് ബര്‍വാര്‍ കൊടുത്തിരുന്ന വലിയ സമ്മാനങ്ങള്‍ നിസാമുദ്ദീന്‍ ഔലിയ യാതൊരു മടിയും കൂടാതെ സ്വീകരിക്കുമായിരുന്നു’. അതിനര്‍ത്ഥം ആ സമ്മാനങ്ങളുടെ സ്രോതസ്സിനെ പറ്റി അദ്ദേഹം കാര്യമാക്കിയിരുന്നില്ല. കെ എ നിസാമി ഊന്നിപ്പറയുന്നത് ‘നരകത്തിലെ ശപിക്കപ്പെട്ട അന്തേവാസികളാണ് അവിശ്വാസികള്‍’ എന്ന് ഔലിയ പ്രസംഗിക്കുമായിരുന്നു. അള്ളാഹു വിശ്വാസികള്‍ക്കായി സ്വര്‍ഗ്ഗവും അവിശ്വാസികള്‍ക്കായി നരകവും സൃഷ്ടിച്ചു എന്ന് ആര്‍ക്കും യാതൊരു സംശയത്തിനും ഇട നല്‍കാതെ അദ്ദേഹത്തിന്റെ മതപ്രഭാഷണത്തില്‍ പറയുമായിരുന്നു.
ഇസ്ലാമിക നിയമജ്ഞന് ആയിരുന്ന ഇമാം അബു ഹനീഫ പറയുന്നത് അവിശ്വാസികളുടെ നാശം സുനിശ്ചിതമാണ് എന്നാണ്. അന്ത്യവിധി ദിനത്തില്‍ അള്ളാഹുവിനോട് പൂര്‍ണ്ണ വിധേയത്വം എറ്റു പറയാന്‍ സമ്മതിച്ചാലും നരകം മാത്രമാണ് അവര്‍ക്കുള്ള സ്ഥലം. അബു ഹനീഫയുടെ ഈ വിഷയത്തിലെ ആധികാരികത സൂഫിയായ ഔലിയ സ്ഥിരീകരിക്കുന്നു എന്ന് ബ്രൂസ് ബി ലാറന്‍സ് വിവര്‍ത്തനം ചെയ്ത ഫുവൈദ് അല്‍-ഫുആദ്, എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ 161 ആം പേജില്‍ പറയുന്നു.
സൂഫികള്‍ ഹിന്ദുക്കള്‍ക്കെതിരെ
സൂഫി തത്വചിന്തയുടെ പ്രമാണമായ മുകളില്‍ പറഞ്ഞ ഫുവൈദ് അല്‍-ഫുആദ് എന്ന ഗ്രന്ഥത്തില്‍ കാഫിറുകളായ ഹിന്ദുക്കളെ പണ സമ്പാദനാര്‍ത്ഥം അടിമ കച്ചവടത്തിനായി കൈയ്യടക്കുന്ന സംഭവം വിവരിച്ചിട്ടുണ്ട്. അതില്‍ ഒരു സൂഫിയായ ശയാഖ് അലി സിജ്സി, ലാഭകരമായ അടിമ വ്യാപാരത്തില്‍ പങ്കെടുക്കാന്‍ തന്റെ സുഹൃത്തിന് പണം കൊടുത്തു സഹായിക്കുന്ന കാര്യം വിവരിച്ചിരിക്കുന്നു. അടിമകളെ ഗസ്നിയിലേക്ക് കൊണ്ടു പോയാല്‍ കൂടുതല്‍ ലാഭം കിട്ടും എന്ന് സുഹൃത്തിനെ ഉപദേശിക്കുന്നുമുണ്ട് സൂഫി. ആ സുഹൃത്ത് അത് അനുസരിച്ചതായി ഔലിയ സ്ഥിരീകരിക്കുന്നു. ആത്മീയ മൂല്യങ്ങളോ എല്ലാവര്ക്കും തുല്യനീതിയോ ഒന്നുമല്ല സൂഫി തത്വചിന്തയുടെ സുപ്രധാന വിഷയങ്ങള്‍ എന്ന് വ്യക്തമാണ്.
ക്വാജ മൊയിനുദ്ദീന്‍ ചിസ്തിയുടെ പ്രബോധനങ്ങളെയും പ്രവൃത്തികളേയും അദ്ദേഹത്തിന്റെ മതവീക്ഷണത്തിന്റെ സൂചനകളായി എടുത്താല്‍, അവിശ്വാസികളായ ഹിന്ദുക്കളുടെ നേരെ കടുത്ത വെറുപ്പും അവരുടെ മതവിശ്വാസങ്ങളുടെ നേരെ ശത്രുതയും പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം എന്ന് കാണാന്‍ കഴിയും. അനേകം ഹിന്ദു പുണ്യ സ്ഥലങ്ങള്‍ നിറഞ്ഞ ആജ്മേറിലെ അന്നാസാഗര്‍ സരസ്സിന് സമീപം എത്തിയപ്പോള്‍ ഒരു പശുവിനെ കശാപ്പ് ചെയ്ത് കബാബ് ഉണ്ടാക്കുകയായിരുന്നു ക്വാജ മൊയിനുദ്ദീന്‍ ചിസ്തി ചെയ്തത്. ധാരാളം ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലമായിരുന്നു അത്.
ധീര രജപുത്ര രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ഭരണം ഇല്ലായ്മ ചെയ്യാനുള്ള ശക്തമായ ആഗ്രഹം ക്വാജയ്ക്ക് ഉണ്ടായിരുന്നു. തരന് യുദ്ധത്തിലെ മുഹമ്മദ് ഗോറിയുടെ വിജയം പൂര്‍ണ്ണമായും തന്റെ സ്വന്തം ആത്മീയ ശക്തി കാരണമായിരുന്നു എന്നു പോലും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ‘നമ്മള് പിതൗരയെ ജീവനോടെ പിടിച്ച് ഇസ്ലാമിക സൈന്യത്തിന് കൈമാറി’ എന്നദ്ദേഹം പ്രഖ്യാപിച്ചു. (ഇന്ത്യന്‍ സൂഫിസത്തിന്റെ ചരിത്രം, എസ് എ എ റിസ്വി)
സൂഫികളും മുസ്ലീം രാജാക്കന്മാരുടെ രക്ഷാകര്‍തൃത്വവും
ഇന്ത്യയിലെ നീണ്ടു നിന്ന മുസ്ലീം ഭരണകാലം മുഴുവനും എല്ലാ സൂഫികളും ക്രൂരന്മാരായ മുസ്ലീം രാജാക്കന്മാരുടെ വിശ്വാസവും സംരക്ഷണവും പ്രത്യേക പരിഗണനകളും ആസ്വദിച്ചിരുന്നു. ക്രൂരമായി താഡിക്കപ്പെടുകയും, പാര്ശ്വവല്ക്കരിക്കപ്പെടുകയും, ദ്രോഹിക്കപ്പെടുകയും ചെയ്തതിന് ശേഷം ആത്മീയ സാന്ത്വനം തേടുന്ന ഹിന്ദുക്കള്‍ മതേതരം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഏതാണ്ട് എല്ലാ സൂഫികളും ഖുറാനിലും ഹദിത്തുകളിലും ശരിയത്തിലും ഉള്ള കല്‍പ്പനകളെ പിന്തുടരുന്ന കാര്യത്തില്‍ പിടിവാശിയുള്ളവരായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
തങ്ങളുടെ ആത്മീയ ശക്തികളെ ഇസ്ലാമിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ മുസ്ലീം സൈന്യങ്ങളെ അനുഗമിച്ചിരുന്നവരാണ് പല സൂഫികളും എന്ന കാര്യം ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവരില്‍ ഒരാള്‍ പോലും നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെയോ ജസിയ നികുതി അടിച്ചേല്പ്പിക്കുന്നതിനെതിരെയോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. മറിച്ച് അവരുടെ എല്ലാ ക്രൂരതകളില്ക്കൂടിയും ഇസ്ലാമിന്റെ ആധിപത്യം പടര്‍ത്താന്‍ കൂട്ടുനില്‍ക്കുകയും, അതിനായി മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ആണ് ചെയ്തിട്ടുള്ളത്. ഹിന്ദുക്കളുടെ കൊള്ളയടിക്കപ്പെട്ട സ്വത്തുക്കളില്‍ നിന്നുള്ള വിഹിതം സ്വീകരിക്കുന്നതിനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല.
സൂഫികള്‍ ഹിന്ദുക്കളോട് അനുകമ്പയുള്ളവര്‍ ആയിരുന്നില്ല
മുസ്ലീം വിജയങ്ങളുടെയും ആധിപത്യത്തിന്റെയും കാലത്ത് ഏതെങ്കിലും ഒരു നാട്ടില്‍ ഒരു ഹിന്ദു അധികാരത്തിന്റെ സിംഹാസനത്തിലേക്ക് വരുന്നത് സൂഫികള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. എസ് എ എ റിസ്വി വളരെ ഗവേഷണം നടത്തി തയ്യാറാക്കിയ അദ്ദേഹത്തിന്റെ ‘ഇന്ത്യ എന്ന അത്ഭുതം’ (രണ്ടാം വാല്യം, പേജ് 37) എന്ന പുസ്തകത്തില്‍ പറയുന്ന ഒരു ഉദാഹരണമുണ്ട്. പൊതുവര്‍ഷം 1415 ല്‍ ശക്തനായ ബംഗാള്‍ വീരന് ഗണേശ രാജാവ് ബംഗാളില്‍ അധികാരം പിടിച്ചടക്കിയ സമയത്തെ കാര്യമാണ് ഇവിടെ പറയുന്നത്. അനേകം സൂഫികളുടെയും ഉലേമയുടെയും അഭ്യര്‍ഥന മാനിച്ച് ഇബ്രാഹിം ഷാ ഷര്‍ക്കി അദ്ദേഹത്തിന്റെ രാജ്യം ആക്രമിച്ചു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ബംഗാളിലെ പ്രസിദ്ധ സൂഫിയായിരുന്ന നൂര്‍ ഖുത്ബ്-ഇ-ആലം ഇടപെട്ട് ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കി. അത് മുസ്ലീങ്ങളുടേയും സൂഫികളുടേയും ഗുണത്തെ ഉദ്ദേശിച്ചായിരുന്നു.
കടുത്ത ഭീഷണിയെ തുടര്‍ന്ന് ഗണേശ രാജാവ് അദ്ദേഹത്തിന്റെ 12 വയസ്സുള്ള മകന് ജാദുവിനായി സിംഹാസനം ഒഴിയാന്‍ നിര്ബന്ധിതനാക്കപ്പെടുകയായിരുന്നു. ജാദു, ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുകയും സുല്‍ത്താന്‍ ജലാലുദ്ദീന്‍ എന്ന പേരില്‍ സൂഫികളുടെ ഇഷ്ടത്തിന് അനുസരിച്ച് അധികാരം കൈയ്യാളുകയും ചെയ്തു. അതുപോലെയാണ് ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷായുടെ (1411 – 42) ചരിത്രം. ഇയാള്‍ സ്വയം സൂഫി മാര്‍ഗ്ഗം പിന്തുടര്ന്നിരുന്നു എങ്കിലും ക്രൂരനായ വിഗ്രഹ ഭഞ്ജകന്‍ ആയിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ആളായിരുന്നു അഹമ്മദ് ഷാ എന്ന് എസ് എ എ റിസ്വിയുടെ അതേ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. അതുപോലെ പുത്രിമാരെ തനിക്ക് വിവാഹം ചെയ്തു തരാന്‍ രജപുത്ര വീരന്മാരെ സുല്‍ത്താന്‍ നിര്‍ബന്ധിതരാക്കിയിരുന്നു. അതിലൂടെ അവരെ സമുദായത്തില്‍ നിന്ന് അകറ്റാന്‍ ഇടയാക്കുകയും ക്രമേണ ഇസ്ലാമിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാക്കുകയും ആയിരുന്നു ലക്ഷ്യം.
ദൗര്‍ഭാഗ്യവശാല്‍ ഹിന്ദു മനസ്സിനു മേല്‍ ഉണ്ടായ കഴിഞ്ഞ ആയിരം വര്‍ഷത്തെ മുസ്ലീം ഭരണത്തിന്റെ ഇടതടവില്ലാത്ത കോളനിവല്‍ക്കരണം കാരണം സൂഫികളുടെ മതസൗഹൃദം ഒരു ഒണ്‍വേ ട്രാഫിക്ക് ആണെന്ന കാര്യം ഇന്നും ഹിന്ദു ജനസാമാന്യം തിരിച്ചറിയുന്നില്ല. ഒന്നാന്തരം ഹിന്ദു വിരോധികള്‍ പോലുമായിരുന്ന സൂഫികളുടെ ശവകുടീരങ്ങളിലും, ദര്ഗ്ഗകളിലും ഹിന്ദുക്കള്‍ പ്രാര്‍ഥിക്കാന്‍ പോകുന്ന പ്രവണത യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ചുള്ള ഹിന്ദുക്കളുടെ അറിവില്ലായ്മയില്‍ നിന്നും ഉരുത്തിരിയുന്നതാണ്. എന്നാല്‍ ഒരൊറ്റ മുസ്ലീം ഫക്കീറോ, സൂഫിയോ ഏതെങ്കിലും ക്ഷേത്രത്തില്‍ ആരാധന നടത്താനോ ഹിന്ദു ദേവീ ദേവന്മാരുടെ മൂര്‍ത്തികള്‍ക്കു മുമ്പില്‍ നമസ്കരിക്കാനോ തയ്യാറായിട്ടില്ല. അവരെ സംബന്ധിച്ച് അത് ഏറ്റവും ദുഷിച്ച പ്രവൃത്തിയും സൂഫി തത്വങ്ങളുടെ ലംഘനവുമാണ്.
ഇതാണ് സൂഫികളെയും അവരുടെ സര്വ്വമതൈക്യ തത്വചിന്തയേയും കുറിച്ചുള്ള ചരിത്രസത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: